സ്വര്‍ണ വ്യാപാരിയുടെ തട്ടിപ്പ് ; കോഴിക്കോട് നിക്ഷേപകരും ഏജന്റുമാരും വലയുന്നു; തട്ടിയത് ഒന്നരക്കോടിയിലധികം

കോഴിക്കോട്: സ്വര്‍ണ്ണ വ്യാപാരിയുടെ തട്ടിപ്പില്‍ കുടുങ്ങി നിക്ഷേപകരും ഏജന്റ്മാരും വലയുന്നു. കോഴിക്കോട് രാമനാട്ടുകരയില്‍ ജ്വല്ലറി ആരംഭിക്കാമെന്ന് പറഞ്ഞ് സ്വര്‍ണ്ണ വ്യാപാരി തട്ടിയത് ഒന്നര കോടിയിലധികം രൂപ. തുഞ്ചത്ത് ജ്വല്ലേഴ്സ് ഉടമ ജയചന്ദ്രനെതിരെ മലപ്പുറം, കോഴിക്കോട് ജില്ലാ പോലീസ് മേധാവികള്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയില്ലന്നും ആക്ഷേപം

കോഴിക്കോട് രാമനാട്ടുകരയില്‍ തുഞ്ചത്ത് ജ്വല്ലറിയുടെ ഷോറൂം തുടങ്ങുമെന്ന് പറഞ്ഞാണ് ഉടമയായ ജയചന്ദ്രന്‍ തട്ടിപ്പ് നടത്തിയത്. 18 ഏജന്റ്മാരെ വെച്ച് ആയിരത്തിലധികം പേരില്‍ നിന്ന് നിക്ഷേപമായി സ്വര്‍ണ്ണവും പണവും ഇയാള്‍ തട്ടിയെന്ന് വഞ്ചിക്കപ്പെട്ട ഏജന്റ്മാര്‍ പറയുന്നു.

തുടങ്ങാനിരിക്കുന്ന ജ്വല്ലറിയുടെ പാര്‍ട്നര്‍മാരാക്കാമെന്നും ഇവര്‍ക്ക് വാഗ്ദാനം നല്‍കി. കൂലിപണിക്കാരായ ഇവര്‍ മികച്ച ജോലി സാധ്യത കണ്ട് പദ്ധതിയില്‍ ആളുകളെ ചേര്‍ത്തു. തുടക്കത്തില്‍ പലിശ ഇനത്തില്‍ നിക്ഷേപകര്‍ക്ക് പണവും ലഭിച്ചിരുന്നു. ഒന്നര കോടിയിലധികം രൂപ പിരിഞ്ഞ് കിട്ടിയതോടെയാണ് ഉടമ മുങ്ങിയത്.

തിരൂര്‍, എടപ്പാള്‍, കണ്ണൂര്‍ എന്നിവിടങ്ങളിലെ ജ്വല്ലറി പൂട്ടിയായിരുന്നു ജയചന്ദ്രന്റെ മുങ്ങല്‍. 2016 ജൂലൈക്ക് ശേഷം ഇയാള്‍ എവിടെയെന്ന് കൃത്യമായ വിവരം ഇല്ല. ഇതോടെ ഏജന്റ് മാര്‍ വെട്ടിലായി. നിക്ഷേപകര്‍ ദിവസവും പണം ആവശ്യപ്പെട്ട് വീടുകളില്‍ എത്തുന്ന സാഹചര്യമാണുളളതെന്ന് ഏജന്റായ സുബ്രഹ്മണ്യന്‍ പറയുന്നു.

തിരൂര്‍ പോലീസിലും ഇയാള്‍ക്കെതിരെ ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയതായി നിരവധി പരാതികള്‍ നിലവിലുണ്ട്. ജയചന്ദ്രനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് തട്ടിപ്പിനിരയായവര്‍ മലപ്പുറം, കോഴിക്കോട് പോലീസ് മേധാവികള്‍ക്കടക്കം പരാതി നല്‍കിയിട്ടുണ്ട. എന്നാല്‍ ജയചന്ദ്രനെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രത്യക്ഷ സമര രംഗത്താണ് വഞ്ചിതരായ ഏജന്റ്മാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News