റെഡ് മി നോട്ട് ഫോറും സാംസങ് ഗ്യാലക്‌സിയും ഏറ്റവുമധികം വില്‍ക്കപ്പെടുന്ന സ്മാര്‍ട്ട് ഫോണുകള്‍; ബ്രാന്‍ഡില്‍ സാംസങ്ങ് മുന്നില്‍

റെഡ് മി നോട്ട് 4 ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന സ്മാര്‍ട്ട് ഫോണെന്ന് കൗണ്ടര്‍ പോയിന്റിന്റെ റിസര്‍ച്ച് റിപ്പോര്‍ട്ട്. റെഡ് മി 4 രണ്ടാം സ്ഥാനവും സാംസങ് ഗ്യാലക്‌സി ജെ 2 മൂന്നാം സ്ഥാനത്തുമെത്തി. ഒപ്പോ എ37, സാംസങ് ഗ്യാലക്‌സി ജെ7 എന്നിവ യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളില്‍ എത്തിയതായും കൗണ്ടര്‍പോയന്റ് റിസേര്‍ച്ച് റിപ്പോര്‍ട്ട് പറയുന്നു.

രണ്ടാം പാദത്തില്‍ ഇന്ത്യയില്‍ വിറ്റ മൊത്തം സ്മാര്‍ട്ട് ഫോണുകളില്‍ റെഡ് മി നോട്ട് 4 ന്റെ വിഹിതം 7.2 ശതമാനമാണ്. രണ്ടാം സ്ഥാനത്തുള്ള റെഡ് മി 4, 4.5 ശതമാനം നേടി. സാംസങ്ങ് ഗ്യാലക്‌സി ജെ 2 വിന്റെ വിഹിതം 4.3 ശതമാനമാണ്. ഒപ്പോ എ37 ന്റെയും സാംസങ് ഗ്യാലക്‌സി ജെ7 ന്റെയും വിഹിതം യഥാക്രമം 3.5 ശതമാനവും 3.3 ശതമാനവുമാണ്.

ബ്രാന്‍ഡുകളില്‍ 24 ശതമാനം സ്മാര്‍ട്ട് ഫോണുകള്‍ വിറ്റ സാംസങ് ആണ് ഒന്നാംസ്ഥാനത്ത്. ഷവോമി (15.5 %), വിവോ (12.7%), ഒപ്പോ (9.6%) എന്നിങ്ങനെയാണ് മറ്റ് ബ്രാന്‍ഡുകളുടെ വില്‍പന. ലെനോവോയുടെ വിപണി വിഹിതം മോട്ടോ ഉള്‍പ്പെടെ 6.8 ശതമാനമാണ്. മൊത്തം വിറ്റ സ്മാര്‍ട്ട് ഫോണുകളില്‍ 70 ശതമാനവും ആദ്യ അഞ്ച് ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് ഫോണുകളാണ്.

രണ്ടാം പാദത്തില്‍ എല്‍ ടി ഇ അധിഷ്ടിത ഫോണുകളുടെ വില്‍പന 1.5 കോടി കവിഞ്ഞു. ഇന്ത്യയില്‍ 3ജി പോലും പൂര്‍ണമായും ലഭ്യമായിട്ടില്ലെങ്കിലും കഴിഞ്ഞ പാദത്തില്‍ വിറ്റ സ്മാര്‍ട്ട്‌ഫോണുകളില്‍ 96 ശതമാനവും 4ജി ഫോണുകളായിരുന്നു. 4ജി ശേഷിയുള്ള ഹാന്‍ഡ്‌സെറ്റുകളുടെ എണ്ണത്തില്‍ ചൈനയ്ക്കും അമേരിക്കയ്ക്കും പിറകെ ഇന്ത്യയ്ക്കിപ്പോള്‍ മൂന്നാം സ്ഥാനമാണ്. അടുത്ത വര്‍ഷത്തോടെ ഇന്ത്യ അമേരിക്കയെ മറികടക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഐപിഎല്‍, ചാമ്പ്യന്‍സ് ട്രോഫി തുടങ്ങിയ അവസരങ്ങളിലെ വന്‍ പരസ്യങ്ങളിലൂടെ ഷവോമി, ഒപ്പോ, വിവോ,ജിയോണി തുടങ്ങിയ ചൈനീസ് ബ്രാന്‍ഡുകള്‍ അതിവേഗ വളര്‍ച്ചയാണ് നേടിക്കൊണ്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ട്. വിപണി വിഹിതത്തില്‍ 50 ശതമാനവും ചൈനീസ് ബ്രാന്‍ഡുകളുടെതാണ്.

5,00020,000 രൂപ വിലവരുന്ന മിഡ് എന്‍ഡ് സെഗ്മെന്റിലാണ് ഏറ്റവും കൂടുതല്‍ വളര്‍ച്ച. 30,000 രൂപയ്ക്ക് മുകളിലുള്ള പ്രീമിയം സെഗ്‌മെന്റില്‍ വളര്‍ച്ചയൊന്നുമില്ല. പ്രീമിയം സെഗ്‌മെന്റില്‍ 55 ശതമാനം വിപണിവിഹിതത്തോടെ സാംസങ് ആധിപത്യം തുടരുകയാണ്.ഗ്യാലക്‌സി 8 സീരീസിന്റെ ഡിമാന്‍ഡ് മൂലം മുന്‍ പാദത്തേതില്‍ നിന്നും 13 ശതമാനം വളര്‍ച്ചനേടാന്‍ സാംസങ്ങിനായി.

ഈ സെഗ്‌മെന്റില്‍ ആപ്പിളിന് 30 ശതമാനം വിപണി വിഹിതമാണ് ഉള്ളത്. 16 ജിബി ഇന്റേണല്‍ സ്റ്റോറേജും 2 ജിബി റാമുമുള്ള ഹാന്‍ഡ്‌സെറ്റുകളാണ് മൊത്തം വില്‍പനയില്‍ 25 ശതമാനവും വിറ്റുപോയത്. ക്വല്‍കോം ചിപ്പ്‌സെറ്റോട് കൂടിയ സ്മാര്‍ട്ട് ഫോണുകളുടെ വില്പനയില്‍ 40 ശതമാനം വര്‍ധനവുണ്ടായി. ഇതിന് കടപ്പെട്ടിരിക്കുന്നത് മിഡ്ഏന്‍ഡ് ചൈനീസ് ഹാന്‍ഡ്‌സെറ്റുകളോടാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News