ദില്ലി: ഇന്ത്യയുടെ ജാക്കി കോളിന്‍സ് എന്നറിയപ്പെടുന്ന ശോഭാ ഡേ എന്നും ലൈംഗികതയെയും സമൂഹത്തെയും വരച്ചുകാട്ടിയ എഴുത്തുകാരിയാണ്. വീണ്ടും അവര്‍ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ തവണ അത് അസംബന്ധജല്‍പനങ്ങളായി മാറി, അഭിപ്രായം എന്നവര്‍ പേരിട്ട് വിളിച്ചു. കൃത്യമായി പറഞ്ഞാല്‍ ഇന്ത്യന്‍ ഒളിമ്പിക് മത്സരങ്ങളെപ്പറ്റി ആയിരുന്നു ആ ട്വീറ്റ്.
എന്നാലിപ്പോള്‍ അത് വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് മേലായി. പ്രത്യേകിച്ചും ലോകകപ്പ് പോലെയൊരു വലിയ മത്സരത്തില്‍ ഫൈനല്‍ വരെയെത്തി അനുമോദനങ്ങള്‍ വാരിക്കൂട്ടിയ വനിതാ ടീമിനു നേര്‍ക്കാവുമ്പോള്‍ പ്രതികരണങ്ങള്‍ക്ക് പഞ്ഞമുണ്ടാവില്ല. ട്വീറ്റ് ഇങ്ങനെയാണ്; ബുദ്ധികെട്ട വാണിജ്യതന്ത്രങ്ങള്‍ക്കും അത്യാര്‍ത്തിക്കും അധീനരാവാതെ ഇന്ത്യയുടെ പെണ്‍വിസ്മയങ്ങളെ കാത്തുകൊള്ളണേ ദൈവമേ… നീലപ്പടയിലെ പല പുരുഷ ക്രിക്കറ്റ് താരങ്ങളും നശിച്ചത് ഇവ്വിധമാണെന്നും ശോഭാ ഡേ കൂട്ടിച്ചേര്‍ത്തിരുന്നു.
എപ്പോഴുമെന്നപോലെ പ്രതികരണങ്ങളും എതിര്‍പ്പുകളും അവര്‍ക്ക് സുലഭമായി ലഭിച്ചു. ബുദ്ധിശൂന്യം എന്നാണ് ഇതിനെ പലരും വിശേഷിപ്പിച്ചത്. സ്‌പോര്‍ട്‌സിലൂടെ പണമുണ്ടാക്കുന്നത് തെറ്റായ കാര്യമല്ലെന്ന് മാത്രമല്ല , ഇത്രക്കും ശ്രദ്ധിക്കപ്പെട്ട ടീം അതര്‍ഹിക്കുന്നുമുണ്ട്. ആണ്‍ മേല്‍ക്കോയ്മക്ക് മേലുള്ള കടന്നുകയറ്റം എന്നൊക്ക ചിലര്‍ പറഞ്ഞേക്കാം. എന്നിരുന്നാലും മാറ്റങ്ങള്‍ അനിവാര്യമാണ്.
ശോഭാ ഡേയുടേത് നിരുപദ്രവകരമായ ഒരാശങ്ക ആണെങ്കിലും അത് വേണ്ടപോലെ പറഞ്ഞു ഫലിപ്പിക്കാന്‍ കഴിയാതെ സോഷ്യല്‍ മീഡിയയുടെ പ്രഹരമേറ്റുവാങ്ങി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.
Get real time update about this post categories directly on your device, subscribe now.