അവളെ ഇനിയും തേപ്പുകാരിയെന്ന് വിളിച്ച് വേട്ടയാടരുത്; അവള്‍ കാമുകനൊപ്പം പോയിട്ടില്ല; അപമാനിക്കുന്നത് അവസാനിപ്പിക്കണം

തൃശ്ശൂര്‍: ഗുരുവായൂരില്‍ കെട്ടിയ താലി ഊരി കാമുകനൊപ്പം പോയെന്ന് പറയുന്ന പെണ്‍കുട്ടിക്ക് പിന്നാലെയാണ് ഏവരും. പെണ്‍കുട്ടിയെ തേപ്പുകാരിയെന്ന് വിളിച്ച് സോഷ്യല്‍ മീഡിയ സംഭവം ആഘോഷിക്കുകയാണ്. വരന്റെയും പെണ്‍കുട്ടിയുടേയും ചിത്രങ്ങള്‍ പോലും പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ കോലാഹലമാണ് നടക്കുന്നത്. പെണ്‍കുട്ടിക്ക് തേപ്പുകാരിയെന്ന വിളിപ്പേര് നല്‍കി മാനസികമായി തകര്‍ക്കുന്ന നിലയിലാണ് കാര്യങ്ങള്‍.

അവളെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന അപേക്ഷയുമായി നിരവധിപേര്‍ രംഗത്തെത്തിയിട്ടും സോഷ്യല്‍ മീഡിയയിലെ തേപ്പ് പ്രയോഗത്തിനും അപമാനിക്കലിനും കുറവുണ്ടായിട്ടില്ല. അതിനിടയിലാണ് സ്ഥലം എം എല്‍ എ കെ വി അബ്ദുള്‍ ഖാദര്‍ പെണ്‍കുട്ടിക്ക് ആശ്വാസം പകരാനെത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ അബ്ദുള്‍ ഖാദര്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ചു. പെണ്‍കുട്ടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത് അതിരുവിട്ട പ്രചരണമാണ്. പെണ്‍കുട്ടി കാമുകനൊപ്പം പോയിട്ടില്ലെന്ന് ബോധ്യമായിട്ടും കള്ളപ്രചരണവും അപമാനിക്കലും അവസാപ്പിച്ചിട്ടില്ല. ഇത്തരം പ്രചരണങ്ങള്‍ അവസാനിപ്പിച്ച് പെണ്‍കുട്ടിക്ക് പിന്തുണ നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി.

 
കഴിഞ്ഞ ദിവസം പെണ്‍കുട്ടി ആര്‍ക്കൊപ്പം പോയെന്ന് പറയുന്നുവോ ആ കാമുകന്‍ തന്നെ വിവാദങ്ങളില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. തങ്ങള്‍ പ്രണയത്തിലായിരുന്നു എന്ന വിവരം വരനടക്കം എല്ലാവരെയും അറിയിച്ചിരുന്നുവെന്ന് കെട്ടിയ താലി ഊരി തിരികെ നല്‍കി വിവാഹത്തില്‍ നിന്ന് പിന്‍മാറിയ പെണ്‍കുട്ടിയുടെ കാമുകന്‍ വ്യക്തമാക്കിയിരുന്നു. പ്രണയമടക്കമുളള എല്ലാ കാര്യങ്ങളും വരനടക്കമുള്ള എല്ലാവരോടും അവള്‍ പറഞ്ഞിരുന്നു. പക്ഷെ പണമായിരുന്നു അയാള്‍ക്ക് വേണ്ടിയിരുന്നത്. താത്പര്യമില്ലെന്ന് അറിഞ്ഞിട്ടും പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധബുദ്ധി കാട്ടിയ ഷിജിന്റെ ലക്ഷ്യം പണമായിരുന്നുവെന്നും കാമുകനായ അഭിജിത് വ്യക്തമാക്കി.

 
75 പവന്‍ സ്വര്‍ണം സ്ത്രീധനം കിട്ടുന്നതായിരിക്കും അയാള്‍ നോക്കിയത്. പൈസ മാത്രമല്ല പ്രശ്‌നം. വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ പെണ്‍കുട്ടിയെ സോഷ്യല്‍മീഡിയയിലൂടെ പരമാവധി അപമാനിച്ച് മാനസികമായി തകര്‍ക്കുക എന്ന ലക്ഷ്യവും അയാള്‍ക്കുണ്ടെന്ന് തോന്നുന്നതായും അഭിജിത് പറഞ്ഞിരുന്നു.
താലി ഊരി നല്‍കിയ ഉടന്‍ ചെറുക്കന്റെ അമ്മാവന്‍ അവളെ ചെരിപ്പൂരി അടിച്ചു. പിന്നീട് ഗുരുവായൂരില്‍ കയ്യാങ്കളിയായി. 15 ലക്ഷമാണ് പൊലീസ് സ്റ്റേഷനില്‍ വച്ച് നഷ്ടപരിഹാരം ചോദിച്ചത്. അതില്‍ 8 ലക്ഷം കൊടുക്കാന്‍ തീര്‍പ്പായെന്നും കാമുകന്‍ പറയുന്നു. തനിക്ക് 20 വയസ്സുമാത്രമാണുള്ളതെന്നും മൈനറായതിനാല്‍ ഇപ്പോള്‍ നിയമപരമായി വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്നും അഭിജിത് ചൂണ്ടികാട്ടി.

മൂന്ന് വര്‍ഷമായി തങ്ങള്‍ പ്രണയത്തിലാണെന്നും ഇക്കാര്യം എല്ലാവര്‍ക്കും അറിയാമായിരുന്നെന്നും അഭിജിത് പറഞ്ഞിരുന്നു. നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുമ്പോള്‍ നിസ്സഹായ ആയ പെണ്‍കുട്ടി എന്തുചെയ്യുമെന്നും യുവാവ് ചോദിച്ചു. അവള്‍ തേപ്പുകാരിയല്ലാത്തതിനാലാണ് ഇത്രയൊക്കെ സമ്മര്‍ദ്ദമുണ്ടായിട്ടും കാമുകനെ വഞ്ചിക്കാത്തതെന്നും അഭിജിത് ചൂണ്ടികാട്ടി. മൂന്നാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയാണ് താനെന്ന് വ്യക്തമാക്കിയ അഭിജിത് പഠനം കഴിഞ്ഞാലുടന്‍ വിവാഹം നടത്താനെന്ന തീരുമാനത്തിലാണ് ഇപ്പോള്‍ ഇരു വീട്ടുകാരെന്നും വ്യക്തമാക്കി.

ഇനിയെങ്കിലും സോഷ്യല്‍ മീഡിയയിലൂടെയുള്ള അപമാനിക്കല്‍ അവസാനിപ്പിക്കണമെന്നും കാമുകന്‍ അപേക്ഷിച്ചിരുന്നു. സത്യം മനസ്സിലാക്കാതെ എന്തെങ്കിലും കേട്ട ഉടനെ വിവാദമുണ്ടാക്കുന്ന പ്രവണതയ്‌ക്കെതിരെ നേരത്തെ നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്നും അവള്‍ സ്വന്തം വീട്ടിലുണ്ടെന്നും ചൂണ്ടികാട്ടി മാധ്യമ പ്രവര്‍ത്തക ഷാഹിന സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.

ഷാഹിനയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം

സോഷ്യല്‍ മീഡിയയിലെ ഈ ഖാപ് പഞ്ചായത്ത് ദയവു ചെയ്ത് പിരിച്ചു വിടണം എന്ന് ഒരു അഭ്യര്‍ത്ഥനയുണ്ട് . സങ്കീര്‍ണമാണ് കാര്യങ്ങള്‍ .ആ പെണ്‍കുട്ടിയുടെ അച്ഛന്റെ അടുത്ത സുഹൃത്തിനോട് ഞാന്‍ സംസാരിച്ചു .വരനോടും അവന്റെ ചേച്ചിയോടും സംസാരിച്ചു .
1.ആ പെണ്‍കുട്ടി കാമുകന്റെ കൂടെ പോയി സുഖിക്കുകയല്ല .അവള്‍ വീട്ടില്‍ തന്നെയുണ്ട്.
2.അവള്‍ക്കു പ്രണയമുണ്ടായിരുന്നു .വരനോട് അത് പറയുകയും ചെയ്തിരുന്നു.
3.വരനെ തേച്ചിട്ടു പോയ വധു , അവള്‍ക്ക് പ്രണയമുണ്ടെന്നു പറഞ്ഞിട്ടും അത് അവഗണിച്ചു സ്ത്രീധനം മോഹിച്ചു താലി കെട്ടിയ വരന്‍ എന്നീ രണ്ടു ബൈനറികളിലല്ല കാര്യങ്ങള്‍ കിടക്കുന്നത് .
4.പത്തൊമ്പത് വയസ്സേ ഉള്ളൂ ആ പെണ്‍കുട്ടിക്ക് . കാമുകനും അത്രയൊക്കെയേ പ്രായമുള്ളൂ .വരന്‍ എന്ന് പറയുന്ന ആ ആണ്‍കുട്ടിക്ക് ഇരുപത്താറു വയസ്സേ ഉള്ളൂ .
5.ആ പെണ്‍കുട്ടിയും അവളുടെ അച്ഛനുമമ്മയും ഇത് വരെ വീട്ടില്‍ നിന്നും പുറത്തിറങ്ങിയിട്ടില്ല .അറിഞ്ഞത് ശരിയാണെങ്കില്‍ ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തില്‍ കൂടെ നില്‍ക്കേണ്ട ബന്ധുക്കള്‍ പോലും തിരിഞ്ഞു നോക്കുന്നില്ല . നാട്ടില്‍ അവര്‍ തികച്ചും ഒറ്റപ്പെട്ടിരിക്കുകയാണ്.
6.ഈ കാമുകന്‍ ഇപ്പോള്‍ എവിടെയാണ് എന്നറിയില്ല.
ഭയന്ന് കാണും .ഇത്രയും ദയാരഹിതമായ ഒരു ലോകത്തെ ഭയന്ന് ഇവരില്‍ ആരെങ്കിലുമൊക്കെ ആത്മഹത്യ ചെയ്താല്‍ എല്ലാവര്‍ക്കും സന്തോഷമാകുമോ ? ക്ഷമയും സഹാനുഭൂതിയും കാണിക്കാന്‍ കഴിയില്ല എന്നറിയാം. .ആത്മഹത്യയിലേക്കു തള്ളി വിടാതിരിക്കുകയെങ്കിലും ചെയ്യണം .
വിശദമായി എഴുതാം .ഇതൊരു ആമുഖമായി എടുത്താല്‍ മതി . ദയവു ചെയ്തു ക്രൂരമായ ഈ വേട്ടയാടല്‍ നിര്‍ത്തണം .ഞാന്‍ നേരത്തെ ഇട്ട പോസ്റ്റുകളിലെ ചര്‍ച്ചകളും ദയവു ചെയ്ത് അവസാനിപ്പിക്കണം . അവരുടെ നാട്ടിലെ പരിചയമുള്ള രാഷ്ട്രീയനേതാക്കളോട് ഇടപെടണം എന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട് . അത്രയും ഗുരുതരമാണ് സ്ഥിതി .

 
ഇത്രയൊക്കെയായിട്ടും പെണ്‍കുട്ടിയെ അപമാനിക്കല്‍ ഒരു വിഭാഗം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News