ബാഴ്‌സലോണ: വര്‍ഷങ്ങള്‍ക്കിപ്പുറം ബാഴ്‌സലോണക്യാമ്പില്‍ നിന്ന് പടിയിറങ്ങിയ ബ്രസീല്‍ നായകന്‍ നെയ്മര്‍ ജൂനിയറിന് ആശംസകള്‍ നേര്‍ന്ന് ഇതിഹാസ താരവും സഹതാരവുമായ ലയണല്‍ മെസ്സി രംഗത്തെത്തി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് മെസ്സി പി എസ് ജിയിലേക്ക് നെയ്മര്‍ക്ക് ആശംസകള്‍ നേര്‍ന്നത്. ആരുടേയും കണ്ണു നനയിക്കുന്നതാണ് ഫുട്‌ബോള്‍ മിശിഹയുടെ വികാരഭരിതമായ ചെറുകുറിപ്പ്.

‘പ്രിയ സുഹൃത്തെ, നെയ്മര്‍ എത്ര സന്തോഷകരമായിരുന്നു നാം പങ്കുവെച്ച ആ ദിവസങ്ങള്‍. നിന്റെ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലും ഭാഗ്യം തുണക്കട്ടെ’ മെസ്സി എഴുതുന്നു. നെയ്മറുമായി പങ്കുവെച്ച സന്തോഷ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ ഒരു വീഡിയോയും ലിയോ പങ്കുവെച്ചിട്ടുണ്ട്. ലോകമെങ്ങുമുള്ള കാല്‍പന്താരാധകരുടെ ഹൃദയം തകര്‍ക്കുകയാണ് മെസിയുടെ കുറിപ്പ്.

 

2013 ല്‍ നെയ്മര്‍ ബാഴ്‌സലോണയിലെത്തിയതു മുതല്‍ മെസിയുടെ ആത്മമിത്രമായിരുന്നു. ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ സൗന്ദര്യമായിരുന്നു ഇരുവരുമൊത്തുള്ള മുന്നേറ്റങ്ങളില്‍ പ്രകടമായിരുന്നത്. ഇവര്‍ക്കൊപ്പം സുവാരസ് കൂടി ചേര്‍ന്നതോടെ ലോകത്തെ ഏറ്റവും അപകടകരമായ മുന്നേറ്റ നിരയായി എം എസ് എന്‍ വാഴ്ത്തപ്പെട്ടു.
അപൂര്‍വ്വ സൗഹൃദവും ഇവര്‍ പുലര്‍ത്തിയിരുന്നു. മെസിക്കുവേണ്ടി ആദ്യം ശബ്ദമുയര്‍ത്തിയിരുന്നത് നെയ്മറും സുവാരസുമായിരുന്നു. അതുകൊണ്ടുതന്നെ കാല്‍പന്തുലോകം ഈ സൗഹൃദത്തെ ഹൃദയത്തിലേറ്റിയിരുന്നു. അതിനിടയില്‍ നിന്ന് നെയ്മര്‍ വിടപറയുന്നത് ആരാധകര്‍ക്ക് പോലും സഹിക്കാനാകുന്നില്ല. അപ്പോള്‍ മെസിയ്ക്ക് എത്രത്തോളം സങ്കടമുണ്ടാകുമെന്ന കാര്യം ഏവര്‍ക്കും ചിന്തിക്കാവുന്നതാണ്. അതുതന്നെയാണ് ചെറുകുറിപ്പിലൂടെ കാല്‍പന്തുലോകത്തെ മാന്ത്രികന്‍ കാട്ടിത്തരുന്നതും.

നേരത്തെ നെയ്മറെ ബാഴ്‌സലോണയില്‍ പിടിച്ചു നിര്‍ത്താന്‍ മെസ്സിയും സുവാരസും പിക്വെയും അടക്കമുളള താരങ്ങള്‍ ശ്രമിച്ചിരുന്നു. ബാഴ്‌സലോണ നായകന്‍ ആന്ദ്രെ ഇനിയേസ്റ്റ ഇക്കാര്യം തുറന്നആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സഹതാരങ്ങളുടെ സമ്മര്‍ദ്ദമെല്ലാം അവഗണിച്ചാണ് നെയ്മര്‍ ക്ലബ് വിടുന്നത്.
222 മില്യണ്‍ യൂറോയ്ക്ക് ഫ്രഞ്ച് ക്ലബായ പാരീസ് സെന്റ് ജെര്‍മ്മനിലേക്കാണ് നെയ്മറുടെ കൂറുമാറ്റം. ബ്രസീല്‍ ടീമിലെ മുതിര്‍ന്ന താരവും അടുത്ത കൂട്ടുകാരനുമായി ഡാനി ആല്‍വസാണ് നെയ്മറെ പിഎസ്ജിയില്‍ എത്തിക്കുന്നതില്‍ ചുക്കാന്‍ പിടിച്ചത്. ഫുട്‌ബോള്‍ ട്രാന്‍സ്ഫര്‍ വിപണിയിലെ ഇതുവരെയുള്ള റെക്കോര്‍ഡ് തുകയെല്ലാം പഴങ്കഥയാക്കിയാണ് നെയ്മര്‍ ഫ്രഞ്ച് ക്ലബിലെത്തിയിരിക്കുന്നത്.