സുഹൃത്തുക്കളുടെ പാര്‍സല്‍ വിദേശത്തേയ്ക്ക് കൊണ്ടുപോകാറുണ്ടോ; ഇനി സൂക്ഷിച്ചോളു

നാട്ടില്‍ നിന്ന് കൊടുത്തുവിടുന്ന ആഹാരസാധനങ്ങളുടെ പാര്‍സല്‍ വിദേശത്തേക്ക് കൊണ്ട് പോകുന്നത് പ്രവാസികള്‍ക്ക് ഒരു പുതിയ കാര്യമല്ല. നാട്ടിലെ ഭക്ഷണത്തിന് കൊതിയോടെ കാത്തിരിക്കുന്നവരെ ഓര്‍ത്ത് തന്റെ പാര്‍സല്‍ മാത്രമല്ല മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള അച്ചാറും കായവറുത്തതും കൂടി ചുമക്കാന്‍ തയ്യാറാകുന്നവരാണ് 90% പ്രവാസികളും.

എന്നാല്‍ സ്‌നേഹത്തിന്റെ പേരില്‍ ചെയ്യുന്ന ഇത്തരം ഉപകാരങ്ങള്‍ക്ക് എട്ടിന്റെ പണി കിട്ടിയാലോ?അത്തരം ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

കഥ ഇങ്ങനെയാണ്. കഴിഞ്ഞ ദിവസം 31ാം തീയതി ദുബൈയിലേക്ക് പോവുകയായിരുന്നു കോഴിക്കോട് കായക്കൊടി സ്വദേശി. ദുബൈയിലുള്ള കോഴിക്കോട് ഉള്ളിയേരി സ്വദേശി ഇയാളോട് ഒരു പാര്‍സല്‍ തനിക്കായി കൊണ്ടു വരാന്‍ ആവശ്യപ്പെടുന്നു.

എന്റെ വീട്ടില്‍ ഒരു പാര്‍സല്‍ ഉണ്ട് എടുക്കണം എന്ന് പറഞ്ഞ പ്രവാസി സുഹൃത്തിനോട് ഒന്നിച്ച് ജോലി ചെയ്യുന്ന അടുപ്പം കാരണം വീട്ടില്‍ പാര്‍സല്‍ എത്തിച്ചേക്കൂ എടുക്കാം എന്ന് അറിയിക്കുന്നു. അങ്ങനെ ഉള്ളിയേരിയില്‍ നിന്ന് പാര്‍സലുമായി 2 പേര്‍ വന്നു പാര്‍സല്‍ കൊടുത്തു.

ചായ കുടിച്ച് അവര്‍ മടങ്ങി. രാത്രി ബാഗിലേക്ക് സാധനങ്ങള്‍ എടുത്ത് വയ്ക്കുമ്പോള്‍ സംശയം തോന്നി പാര്‍സല്‍ പൊട്ടിച്ചു നോക്കിയപ്പോള്‍ ഒരു ഷര്‍ട്ടും ഒരു കുപ്പി അച്ചാറും.അച്ചാറിന്റെ വലിയ പേക്കിംഗ് കണ്ട് സംശയം തോന്നി അച്ചാര്‍ തുറന്ന് സ്പൂണിട്ട് ഇളക്കി നോക്കിയപ്പോള്‍ ഒരു ചെറിയ പാക്കറ്റ്. വീട്ടുകാര്‍ സംഭവം പൊലീസിലറിയിച്ച് പൊലീസ് എത്തി പരിശോധിച്ചപ്പോള്‍ അറിഞ്ഞു പാക്കറ്റിലുള്ളത് കഞ്ചാവാണെന്ന്.

പൊലീസ് സാധനം കസ്റ്റഡിയിലെടുത്ത് അന്വേഷണം തുടങ്ങി.പ്രവാസി ദുബൈയിലേക്കും പോയി.
കായക്കൊടിക്കാരന്‍ പ്രവാസി ദുബൈയിലെത്തിയപ്പോള്‍ പാര്‍സല്‍ കാത്ത് നിന്ന ഉള്ളേരിക്കാരന്‍ പ്രവാസിയോട് ഭാരക്കൂടുതല്‍ കാരണം പാര്‍സല്‍ എടുക്കാന്‍ പറ്റിയില്ലെന്ന് പറഞ്ഞു.

വീട്ടിലുണ്ടെന്നും കൊണ്ടു വന്നവരോട് അത് തിരികെ കൊണ്ട് പൊയ്‌ക്കൊള്ളാനും പറഞ്ഞു.അങ്ങനെ ഇത് കായക്കൊടിയിലെത്തിച്ച രണ്ട് പേര്‍ ഇത് തിരിച്ചെടുക്കാന്‍ വീണ്ടും വന്നു. അവരെ സ്വീകരിച്ച് സ്‌നേഹിച്ച് പോലീസില്‍ ഏല്പിച്ചു നാട്ടുകാര്‍.ഉള്ളിയേരിക്കാരന്‍ പ്രവാസിയെ ദുബൈയിലുള്ള പ്രവാസികള്‍ ഉള്ളിയേരിക്കും പാര്‍സലാക്കി അയച്ചു എന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.

നിരപരാധിയായ ഒരു ചെറുപ്പക്കാരന്റെ ജീവിതവും കുടുംബവും തലനാരിയക്കാണ് രക്ഷപ്പെട്ടത്.അതു കൊണ്ട് പ്രവാസി സുഹൃത്തുക്കള്‍ ആരുടെയെങ്കിലും പാര്‍സല്‍ എടുക്കുമ്പോള്‍ ഒന്ന് സൂക്ഷിക്കുന്നത് നന്നാവും എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന സന്ദേശം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News