ഇടുക്കിയില്‍ ശിശുക്ഷേമ സമിതി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നു; പോരായ്മകള്‍ പരിഹരിക്കുന്നതിന് കര്‍മ്മപദ്ധതികള്‍

ഇടുക്കി: ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള പ്രവര്‍ത്തന രഹിതമായ ക്രഷുകള്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിന് അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണര്‍ ഇടുക്കി (ജനറല്‍) എന്‍. ഹരിയുടെ അധ്യക്ഷതയില്‍ കലക്ട്രേറ്റില്‍ ചേര്‍ന്ന ജില്ലാ ശിശുക്ഷേമ സമിതി എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.

പ്രവര്‍ത്തന രംഗത്തുള്ളവയുടെ പോരായ്മകള്‍ പരിഹരിക്കുന്നതിന് കര്‍മ്മപദ്ധതികള്‍ ആവിഷ്‌ക്കരിക്കും. ക്രഷുകളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പ് വരുത്തുന്നതിന് നിര്‍വ്വാഹക സമിതി അംഗങ്ങളുടെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നതിനും മാസത്തിലൊരിക്കല്‍ ക്രഷ് സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിനും അംഗങ്ങളെ ചുമതലപ്പെടുത്തി.

ജില്ലയിലെ ക്രഷുകള്‍ക്ക് ആവശ്യമായ സാമഗ്രികളുടെ പട്ടിക തയ്യാറാക്കി. കുട്ടികളുടെ സര്‍ഗ്ഗവാസന വര്‍ദ്ധിപ്പിക്കുന്നതിനും സര്‍ഗ്ഗവേദിയുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കും. ഇതിന്റെ ഭാഗമായി ആഗസ്റ്റ് 12ന് ചെറുതോണിയില്‍ മഴപ്പാട്ടുകൂട്ടം പരിപാടി സംഘടിപ്പിക്കും. ഭാഷാപഠനം പ്രോത്സാഹിപ്പിക്കുന്നതിനായി ബാലസാഹിത്യ ഇന്‍സ്റ്റിറ്റിറ്റിയൂട്ടുമായി ചേര്‍ന്നുള്ള മധുരം മലയാളം പരിപാടി വിപുലമായി സംഘടിപ്പിക്കും.

ജില്ലയിലെ തിരഞ്ഞെടുത്ത ലൈബ്രറികളിലെ കുട്ടികളുടെ വേദിക്കായി ബാലസാഹിത്യ പുസ്തകങ്ങള്‍ വാങ്ങാന്‍ ഗ്രാന്റ് ലഭ്യമാക്കാനും നടപടി സ്വീകരിക്കും. കുട്ടികള്‍ക്കെതിരായ ലൈംഗികാക്രമങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണ പരിപാടികള്‍ ഇതരസംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്നതിനും ഇക്കാര്യത്തില്‍ കുട്ടികളെയും മുതിര്‍ന്നവരെയും കുടുംബശ്രീ ഉള്‍പ്പെടെയുള്ള ഏജന്‍സികളെയും സഹകരണം ഉറപ്പാക്കുന്നതിനും നടപടി സ്വീകരിക്കും.

യോഗത്തില്‍ സെക്രട്ടറി കെ.ആര്‍. ജനാര്‍ദ്ദനന്‍, ഡി.എം.ഒ ഡോ. ടി.ആര്‍. രേഖ, ശാലിനിപ്രഭ, മേരി ജോസഫ്, കെ.ജയചന്ദ്രന്‍, കെ.എം.ഉഷ, ഷൈലാ സുരേന്ദ്രന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍.പി. സന്തോഷ് എന്നിവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News