ആലിപ്പഴം വീണ് വിമാനം തകര്‍ന്നു; 121 യാത്രക്കാരെയും രക്ഷിച്ച് പൈലറ്റ്

ഇസ്താംബൂളിലെ അറ്റാതുര്‍ക്ക് വിമാനത്താവളത്തില്‍ നിന്നാണ് അവിശ്വസനീയമെന്ന് കരുതാവുന്ന വിമാന തകര്‍ച്ചയും യാത്രക്കാരുടെ രക്ഷപ്പെടലും വാര്‍ത്തയായത്. മഞ്ഞുകഷ്ണങ്ങളുടെ പെരുമഴയില്‍ വിമാനത്തിന്റെ മുന്‍ഭാഗവും ഗ്ലാസുകളും തകര്‍ന്നതോടെ വിമാനം അടിയന്തരമായി നിലത്തിറക്കുകയായിരുന്നു. 121 യാത്രക്കാരാണ് ആലിപ്പഴവര്‍ഷം തകര്‍ത്ത വിമാനത്തിലുണ്ടായിരുന്നത്.

അറ്റ്ലസ് ഗ്ലോബലിന്റെ എ320 ജെറ്റ് വിമാനം അറ്റാതുര്‍ക്ക് വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന് ഏതാനും മിനിറ്റുകള്‍ക്കുള്ളിലാണ് കാലാവസ്ഥ പെട്ടെന്ന് മാറി ആലിപ്പഴ വര്‍ഷം തുടങ്ങിയത്. കനത്ത മഴയ്ക്കൊപ്പം കോഴിമുട്ടയുടെ വലിപ്പമുള്ള മഞ്ഞുകഷ്ണങ്ങളും പെയ്യാന്‍ തുടങ്ങി. മുന്‍ഭാഗത്ത് ശക്തമായി വന്നിടിച്ച മഞ്ഞുകട്ടകള്‍ വിമാനത്തിന് ഗുരുതരമായ തകരാറുകളാണുണ്ടാക്കിയത്.

വിമാനത്തിന്റെ മുന്‍ഭാഗം തകര്‍ന്ന് ഉള്ളിലേയ്ക്ക് കുഴിഞ്ഞു. ചില്ലുഭാഗങ്ങളെല്ലാം തകര്‍ന്നുടഞ്ഞു. കോക്പിറ്റില്‍ നിന്ന് പുറത്തേക്കുള്ള കാഴ്ച ഏതാണ്ട് പൂര്‍ണമായും ബ്ലോക്കായി.നിയന്ത്രണം നഷ്ടപ്പെടുമെന്ന ഘട്ടത്തില്‍ അടിയന്തിരമായി വിമാനം തിരിച്ചിറക്കുക മാത്രമേ പൈലറ്റിന്
ചെയ്യാനുണ്ടായിരുന്നുള്ളൂ. മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനത്താവളം അടയ്ക്കാന്‍ വിമാനത്താവള അധികൃതര്‍ തീരുമാനിക്കുന്നതിനിടയിലാണ് അടിയന്തിര ലാന്‍ഡിങ്ങിന് പൈലറ്റ് ക്യാപ്റ്റന്‍ അലക്സാണ്ടര്‍ അകോപോവ് അനുമതി തേടി.

എന്നാല്‍ ആലിപ്പഴ വീഴ്ചയെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട വിമാനത്തിന്റെ ലാന്‍ഡിങ് എളുപ്പമായിരുന്നില്ല. പൈലറ്റിന്റെ വൈദഗ്ധ്യവും പരിചയവുമാണ് വലിയ അപകടം ഒഴിവാക്കിയത്.ക്യാപ്റ്റന്‍ അലക്സാണ്ടര്‍ അകോപോവ് അവിശ്വസനീയമായ രീതിയില്‍ വിമാനം തിരിച്ചിറക്കുകയും 121 യാത്രക്കാരുടെ രക്ഷകനാവുകയും ചെയ്തത് അറ്റ്ലസ് ഗ്ലോബല്‍ സ്ഥിരീകരിച്ചു.

അകോപോവിന്റെ ധൈര്യത്തെയും വൈദഗ്ധ്യത്തെയും അനുമോദിച്ച യുക്രനിയന്‍ സര്‍ക്കാര്‍ യുക്രേനിയന്‍ ഓര്‍ഡര്‍ ഫോര്‍ കറേജ് ബഹുമതി നല്‍കുമെന്ന് പ്രഖ്യാപിച്ചു. അറ്റാതുര്‍ക്ക് എയര്‍പോര്‍ട്ടിലെ എന്‍ജിനീയറായ ഒലെഗ് ലുങ്ഗുല്‍ വിമാനത്തിന്റെ ലാന്‍ഡിങ്ങ് വീഡിയോയില്‍ പകര്‍ത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ വൈറലായ വീഡിയോ നിരവധി പേര്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News