മഅ്ദനിയുടെ ജാമ്യം; കോടതി ഉത്തരവ് നടപ്പാക്കാതിരിക്കാനാണോ ശ്രമം; കര്‍ണ്ണാടക സര്‍ക്കാറിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

ദില്ലി: സുരക്ഷാ ചിലവിലേക്കായി അബ്ദുള്‍ നാസര്‍ മഅദ്നിയോട് പതിനഞ്ച് ലക്ഷത്തോളം രൂപ അടക്കാന്‍ ആവശ്യപ്പെട്ട കര്‍ണ്ണാടക സര്‍ക്കാറിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം.മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ പോകാന്‍ അനുമതി നല്‍കിയ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാതിരിക്കാനാണോ കര്‍ണ്ണാടക സര്‍ക്കാറിന്റെ ശ്രമമെന്ന് കോടതി ചോദിച്ചു.

മഅദ്നിക്കൊപ്പം പോകുന്ന ഉദ്യാഗസ്ഥരുടെ യാത്രാ ബത്തയും ദിനബത്തയും മാത്രം ഉള്‍പ്പെടുത്തി ന്യായമായ തുക എത്രയാണെന്ന് നാളെ അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. രോഗബാധിതയായ മാതാവിനെ കാണാനും മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനുമായി കേരളത്തിലേക്ക് പോകാനിരിക്കുന്ന അബ്ദുള്‍ നാസര്‍ മദനിയില്‍ നിന്നും ഭീമമായ തുക ഈടാക്കാനുള്ള കര്‍ണ്ണാടക സര്‍ക്കാര്‍ നീക്കത്തിനാണ് സുപ്രീം കോടതിയില്‍ നിന്നും തിരിച്ചടിയേറ്റത്.

മഅ്ദനിയില്‍ നിന്നും ഇത്രയും തുക ഈടാക്കുന്നത് എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണെന്ന് കോടതി ആരാഞ്ഞു.അബ്ദുള്‍ നാസര്‍ മഅ്ദനി പോലീസുകാരുടെ തൊഴില്‍ ദാതാവല്ലെന്നും വിചാരണത്തടവുകാരന് സുരക്ഷ ഒരുക്കേണ്ടത് സംസ്ഥാനത്തിന്റെ ചുമതലയാണേന്നും കോടതി ചൂണ്ടിക്കാട്ടി.സുരക്ഷയ്ക്കായി മഅദ്നിക്കൊപ്പം പോകുന്ന പോീസ് ഉദ്യാഗസ്ഥരുടെ യാത്രാ ബത്തയും ദിന ബത്തയും മാത്രമേ ഈടാക്കാന്‍ പാടുള്ളൂ.

ഈ തുക എത്രയാണ് എന്നുള്ള കാര്യം നാളെ കോടതിയെ അറിയിക്കണം.സുരക്ഷാ ചിലവിലേക്കുള്ള ന്യായമായ തുക മാത്രമേ മഅദ്നിയ്ല്‍ നിന്നും ഈടാക്കാന്‍ പാടുള്ളുവെന്ന സുപ്രീം കോടതിയുടെ നിര്‍ദ്ദേശം കര്‍ണ്ണാടക സര്‍ക്കാര്‍ ലംഘിക്കുകയാണ് ചെയ്തതെന്നും ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു.

മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മദനിക്ക് കേരളത്തില്‍ പോകാന്‍ അനുമതി നല്‍കിയ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാതിരിക്കാനാണോ കര്‍ണ്ണാടക സര്‍ക്കാറിന്റെ ശ്രമമെന്നും കോടതി ചോദിച്ചു.മഅ്ദ്നിക്ക് കേരളം സുരക്ഷ നല്‍കേണ്ട കാര്യം ഇല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
നാളെ കര്‍ണ്ണാടക സര്‍ക്കാര്‍ ചിലവ് കണക്ക് സമര്‍പ്പിച്ചതിനു ശേഷം സുപ്രീം കോടതി മഅദ്നിയുടെ ഹര്‍ജിയില്‍ വിധി പറയും.സുരക്ഷാ ചിലവിലേക്കായി 15 ലക്ഷം രൂപയോളം മഅദ്നി അടക്കണമെന്നായിരുന്നു കര്‍ണ്ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇതിനെ തുടര്‍ന്നാണ് ഇടപെടല്‍ ആവശ്യപ്പെട്ട് മഅ്ദനി സുപ്രീം കോടതിയെ സമീപിച്ചത്.

.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here