പാലക്കാട് സിന്തറ്റിക് ട്രാക്ക് കാടുകയറി നശിച്ചു; ജൂനിയര്‍ അത്‌ലറ്റിക്ക് മീറ്റിന് തിരുവനന്തപുരം വേദിയൊരുക്കും

പാലക്കാട്: ജൂനിയര്‍ അത്‌ലറ്റിക് മീറ്റിന്റെ വേദി പാലക്കാട് നിന്നും തിരുവനന്തപുരത്തേക്ക് മാറ്റി. മീറ്റ് നടത്താനിരുന്ന പാലക്കാട്ടെ സിന്തറ്റിക് ട്രാക്ക് കാടുകയറി നശിച്ചതിനെത്തുടര്‍ന്നാണ് വേദി മാറ്റേണ്ടി വന്നത്. സെപ്തംബര്‍ 7 മുതല്‍ 9വരെ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ചാന്പ്യന്‍ഷിപ്പ് നടക്കും.

പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിനടുത്ത് നിര്‍മിച്ച സിന്തറ്റിക് ട്രാക്കാണ് നിര്‍മാണത്തിലെ അപാകതകളും മതിയായ സംരക്ഷണവുമില്ലാതെ പൂര്‍ണ്ണമായും നശിച്ച നിലയിലാണ്. മതിയാ ഡ്രെയിനേജ് സൗകര്യങ്ങളൊരുക്കാത്തതിനാല്‍ ട്രാക്കില്‍ വെള്ളം കയറി. സ്റ്റേഡിയത്തിന് നടുവിലെ ഗ്രൗണ്ടുള്‍പ്പെടെ കാട് മൂടിയ നിലയിലാണ്. ചാമ്പ്യന്‍ഷിപ്പിന്റെ സമയമടുത്തിട്ടും സ്റ്റേഡിയത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനോ അനുബന്ധ സൗകര്യങ്ങളൊരുക്കാനോ കഴിയാത്തതിനെ തുടര്‍ന്നാണ് വേദി തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലേക്ക് മാറ്റിയത്. ചാന്പ്യന്‍ഷിപ്പ് മാറ്റാനിടയായ സാഹചര്യം വിഷമമുണ്ടാക്കുന്നതാണെന്ന് മുന്‍ കായിക താരം പ്രീജ ശ്രീധരന്‍ പറഞ്ഞു.

അഞ്ച് കോടി രൂപ മുടക്കി 2014 നിര്‍മാണം ആരംഭിച്ച സിന്തറ്റിക് ട്രാക്കിന്റെ എണ്‍പത് ശതമാനത്തോളം ജോലി മാത്രമാണ് പൂര്‍ത്തിയായത്. താരങ്ങള്‍ക്കുള്ള വിശ്രമമുറി, ശുചിമുറികള്‍ എന്നിവയുടെ നിര്‍മാണവും പൂര്‍ത്തിയായിട്ടില്ല. അശാസ്ത്രീയമായ നിര്‍മാണം നടത്തിയതാണ് ട്രാക്ക് ഉള്‍പ്പെടെ നശിക്കുന്നതിന് കാരണമായത്.

ഇതേ പ്രശ്‌നം കാരണം കഴിഞ്ഞ വര്‍ഷം സംസ്ഥാന യൂത്ത് ചാന്പ്യന്‍ഷിപ്പും, ദേശീയ സൗത്ത് സോണ്‍ അത്‌ലറ്റിക് മീറ്റും പാലക്കാടിന് നഷ്ടമായിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിച്ച് ജൂനിയര്‍ മീറ്റ് നടത്താനായിരുന്നു തീരുമാനം. എന്നാല്‍ നിശ്ചയിച്ച സമയത്തിനകത്തും പ്രശ്‌നങ്ങള്‍ പരിഹാരം കാണാന്‍ കഴിയാതിരുന്നതോടെ വേദി മാറ്റുകയായിരുന്നു. കോടികള്‍ മുതല്‍മുടക്കി സിന്തറ്റിക് ട്രാക്ക് നിര്‍മിച്ചിട്ടും കായികതാരങ്ങള്‍ക്ക് ഒരുതരത്തിലുള്ള ഉപകാരവുമില്ലാതായിരിക്കുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here