ഹോട്ടലാണെന്ന് കരുതി മുനിസിപ്പാലിറ്റി ഓഫീസില്‍ കയറിയ ഫ്രഞ്ച് ദമ്പതികള്‍

അബുദാബി: ഷോപ്പിംഗ് സെന്ററും ഹോട്ടലുമാണെന്നും കരുതി ദുബായ് മുനിസിപ്പാലിറ്റി യുടെ ഓഫീസിലെത്തിയ ഫ്രഞ്ച് ദമ്പതികളെ പ്രശംസിക്കുകയാണ് ദുബായ് മുനിസിപ്പാലിറ്റി അധികൃതര്‍. ദുബായിലെ സര്‍ക്കാര്‍ ഓഫീസുകളുടെ സൗന്ദര്യം ഇത്ര മാത്രമുണ്ടെന്നു വിദേശികള്‍ തന്നെ സമ്മതിച്ചതില്‍ അധികൃതര്‍ക്ക് ഏറെ അഭിമാനവുമുണ്ട്.

സംഭവം ഇതാണ്, ദുബായ് സബീല്‍ പാര്‍ക്കില്‍ ഏറെ ചുറ്റിക്കറങ്ങിയ ഫ്രഞ്ച് ദമ്പതികള്‍ പിന്നീട് പാര്‍ക്കിനു പുറത്തേക്കിറങ്ങി. വിശപ്പ് മാറ്റാന്‍ ഹോട്ടല്‍ തേടി നടക്കുമ്പോഴാണ് ഷോപ്പിംഗ് മാളെന്നു കരുതി അടുത്തുള്ള മനോഹരമായ കെട്ടിടത്തിലേക്ക് കയറിയത്. കഴിക്കാന്‍ എന്തുണ്ട് എന്ന് ചോദിക്കുന്നതിനു മുന്‍പ് തന്നെ ദമ്പതികള്‍ തങ്ങള്‍ക്ക് അക്കിടി പറ്റിയ കാര്യം മനസിലായി. അല്‍ കിഫാഫ് മുനിസിപ്പാലിറ്റി സെന്ററിലാണ് തങ്ങള്‍ കയറിയതെന്ന് അറിഞ്ഞ അവര്‍ അക്ഷരാര്‍ത്ഥത്തില്‍ കണ്ണ് മിഴിച്ചു.

കാരണം ഏതു ഷോപ്പിംഗ് മാളുകളെയും വെല്ലുന്ന തരത്തില്‍ കമനീയമായി ഒരുക്കിയിരുന്നു ഈ മുനിസിപ്പാലിറ്റി ഓഫീസ്. ഇവിടുത്തെ ജീവനക്കാര്‍ക്കും മുനിസിപ്പാലിറ്റി അധികൃതര്‍ക്കും വലിയ ആവേശമാണ് ഈ സംഭവം നല്‍കിയത്. ദുബായ് മുനിസിപ്പാലിറ്റി തന്നെ ഇക്കാര്യം ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

സെവന്‍ സ്റ്റാര്‍ സൗകര്യങ്ങള്‍ നല്‍കുന്നതില്‍ അല്‍ കിഫാഫ് മുനിസിപ്പാലിറ്റി ഓഫീസ് വിജയിച്ചു എന്നതാണ് ഈ സംഭവം തെളിയിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. ഏതായാലും ഫ്രഞ്ച് ടൂറിസ്റ്റുകള്‍ക്ക് പറ്റിയ അക്കിടി സമൂഹ മാധ്യമങ്ങളിലും ചര്‍ച്ചയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here