ഗുരുവായൂരില്‍ വിവാഹം മുടങ്ങിയ സംഭവം;സമൂഹ മാധ്യമങ്ങളിലെ പരാമര്‍ശങ്ങള്‍ക്കെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കണം :കെ വി അബ്ദുല്‍ ഖാദര്‍ എം എല്‍ എ

ഗുരുവായൂര്‍ : ഗുരുവായൂരില്‍ വിവാഹം മുടങ്ങിയ സംഭവത്തില്‍ സമൂഹ മാധ്യമങ്ങളിലെ അപവാദ പ്രചരണം നിര്‍ത്തണമെന്ന ആവശ്യം ശക്തമാകുന്നു. സ്ത്രീവിരുദ്ധ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കണമെന്ന് ഗുരുവായൂര്‍ എം എല്‍ എ കെ വി അബ്ദുല്‍ ഖാദര്‍ ആവശ്യപ്പെട്ടു.

സംഭവത്തില്‍ യുവതിയുടെ ചിത്രം ഉള്‍പ്പെടെ പ്രചരിപ്പിക്കുന്നവര്‍ യഥാര്‍ഥ വസ്തുതകള്‍ മനസ്സിലാക്കാതെയാണ് രംഗത്തെത്തിയതെന്നും എം എല്‍ എ പറഞ്ഞു.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം നടന്ന വിവാഹ ചടങ്ങുകള്‍ക്ക് ശേഷം യുവതി വരനെ ഉപേക്ഷിച്ച് സ്നേഹിതനൊപ്പം പോയി എന്ന തരത്തിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചാരണമുണ്ടായത്.

ഇതിനെ തുടര്‍ന്ന് യുവതിയുടെ ചിത്രങ്ങള്‍ സഹിതം അപകീര്‍ച്ചികരമായ പോസ്റ്റുകളാണ് പ്രത്യക്ഷപ്പെട്ടത്. സ്നേഹ ബന്ധത്തെ കുറിച്ച് വരനോടും കുടുംബത്തോടും വ്യക്തമാക്കാതെ യുവതി വരനെ ഉപേക്ഷിച്ചു മടങ്ങി എന്ന പ്രചാരണം തെറ്റാണെന്നും സംഭവത്തിലെ യാഥ്യാര്‍ത്ഥ്യം മറ്റൊന്നാണെന്നും ഗുരുവായൂര്‍ എം.എല്‍.എ കെ.വി അബ്ദുള്‍ ഖാദര്‍ പറഞ്ഞു.

മുരളി പെരുനെല്ലി എം എല്‍ എ ക്കൊപ്പം പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അപവാദ പ്രചാരണം ആ വീട്ടുകാരെ പൂര്‍ണമായും തകര്‍ത്തു. ഇത്തരത്തില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കണമെന്നും അബ്ദുല്‍ ഖാദര്‍ പറഞ്ഞു

വസ്തുതകള്‍ മനസ്സിലാക്കാതെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നതു വഴി വ്യക്തികള്‍ക്ക് ഉണ്ടാകുന്ന മാനഹാനിയെ കുറിച്ചും സാമീഹിക സമ്മര്‍ദ്ദങ്ങളെ കുറിച്ചും സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ ബോധവാന്‍മാരാകണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.

സംഭവത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് പോലെ നടന്നിട്ടില്ലെന്നാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറയുന്നത്. തെറ്റിദ്ധാരണയുടെ പേരില്‍ ബന്ധുക്കള്‍ക്കിടയില്‍ ഉണ്ടായ പ്രശ്നങ്ങളാണ് വിവാഹം മുടങ്ങുന്നതില്‍ കലാശിച്ചെതെന്നും പറയുന്നു. സമൂഹ മാധ്യമങ്ങളിലെ ആക്രമണം മൂലം ഒറ്റപ്പെട്ട് കഴിയുകയാണ് ഈ കുടുബം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News