മുഖ്യമന്ത്രിയെ സമണ്‍ ചെയ്‌തെന്ന് ട്വീറ്റ് ചെയ്ത നടപടി ഗവര്‍ണര്‍ ഒഴിവാക്കേണ്ടതായിരുന്നു : കോടിയേരി

സമാധാന കേരളത്തിനാണ് സിപിഐ എമ്മും എല്‍ഡിഎഫും നിലകൊള്ളുന്നത്. ഐശ്വര്യപൂര്‍ണമായ നവകേരളം കെട്ടിപ്പടുക്കാന്‍ സമാധാനം പുലരേണ്ടത് ആവശ്യമാണ്. കുറച്ചു ദിവസംമുമ്പ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചില അനിഷ്ടസംഭവങ്ങളുണ്ടായി. ഇത് അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍ഥമായി ഇടപെട്ടു. ആഗസ്ത് ആറിന് മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്തിരിക്കുകയുമാണ്. അതിനുമുമ്പായി സിപിഐ എമ്മിന്റെയും ആര്‍എസ്എസ്- ബിജെപിയുടെയും സംസ്ഥാന നേതാക്കളുമായി മുഖ്യമന്ത്രി ഉഭയകക്ഷി ചര്‍ച്ചയും നടത്തി.

ഇതുമായി ബന്ധപ്പെട്ട്, ചില കാര്യങ്ങളില്‍ തെറ്റിദ്ധാരണ പരത്താനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്നു. കേരളത്തിലെ ക്രമസമാധാന നില പൊതുവില്‍ ഭദ്രമാണ്. മറ്റ് പല സംസ്ഥാനങ്ങളിലെയുംപോലെ നിയന്ത്രാണാതീതമായ കൊള്ളയോ അക്രമമോ വര്‍ഗീയക്കുഴപ്പമോ കേരളത്തില്‍ ഇല്ല. ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ബന്ധവും അധികാരപരിധിയും സംബന്ധിച്ച് വ്യത്യസ്ത വാദഗതികള്‍ ഉയരുന്നുണ്ട്.

കേരള ഗവര്‍ണറും എല്‍ഡിഎഫ് സര്‍ക്കാരും ശത്രുചേരിയില്‍നിന്ന് അങ്കംവെട്ടുന്ന സ്ഥിതിയില്ല. സംസ്ഥാനത്ത് സമാധാനം പുലരണമെന്ന ആത്മാര്‍ഥമായ ആഗ്രഹം ആര്‍ക്കൊക്കെയുണ്ടോ അവരെല്ലാം യോജിച്ചു നീങ്ങുന്നതില്‍ അപാകമില്ല. സമാധാനം പുലരണമെന്നതിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്.

ഗവര്‍ണര്‍ പി സദാശിവത്തിനും ഇക്കാര്യത്തില്‍ താല്‍പ്പര്യമുണ്ടെന്നാണ് കരുതുന്നത്. അതുകൊണ്ടാണ്, ഈ വിഷയത്തില്‍ ഗവര്‍ണര്‍ ക്ഷണിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനിലെത്തി ആശയവിനിമയം നടത്തിയത്. സിപിഐ എം സംസ്ഥാന സെക്രട്ടറിയെന്ന നിലയില്‍ എന്നോടും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനോടും ഗവര്‍ണര്‍ വിവരങ്ങള്‍ ആരാഞ്ഞിരുന്നു.

ഭരണഘടനാപരമായി ഗവര്‍ണര്‍ പദവി ആലങ്കാരികമായ ഒന്നാണ്. എങ്കിലും കേന്ദ്രസര്‍ക്കാര്‍ അവരുടെ രാഷ്ട്രീയ ആയുധമായി ഗവര്‍ണറെ, തെരഞ്ഞെടുക്കപ്പെട്ട ഇതര പാര്‍ടികളുടെ സര്‍ക്കാരുകള്‍ക്കെതിരെ പലപ്പോഴും ഉപയോഗിച്ചിട്ടുണ്ട്. ആര്‍എസ്എസ് നയിക്കുന്ന കേന്ദ്രത്തിലെ ഇപ്പോഴത്തെ ബിജെപി സര്‍ക്കാരാകട്ടെ, പല സംസ്ഥാന ഗവര്‍ണര്‍മാരെയും സങ്കുചിത രാഷ്ട്രീയനേട്ടത്തിനും സര്‍ക്കാരുകളെ അട്ടിമറിക്കാനും ഉപയോഗപ്പെടുത്തുന്നുണ്ട്.

പിണറായി വിജയന്‍ സര്‍ക്കാരിനെ അസ്ഥിരീകരിക്കാന്‍ മോഹമുള്ളവരാണ് മോഡി ഭരണവും സംഘപരിവാറും. ഈ രാഷ്ട്രീയമെല്ലാം തിരിച്ചറിയാനുള്ള പക്വത എല്‍ഡിഎഫ് സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമുണ്ട്. ഇതെല്ലാമാണെങ്കിലും കേരള വികസനം, നാടിന്റെ അഭിവൃദ്ധി, ജനങ്ങളുടെ ക്ഷേമം, രാജ്യത്തിന്റെ പൊതുതാല്‍പ്പര്യം തുടങ്ങിയ വിഷയങ്ങളില്‍ സഹകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്ന വേളകളില്‍ കേന്ദ്രവുമായി സഹകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിനൊരു മടിയുമില്ല.

വര്‍ത്തമാനസമയത്തെ അക്രമ-അനിഷ്ട സംഭവങ്ങളെത്തുടര്‍ന്ന് സമാധാനം ഉറപ്പുവരുത്താനായി ഗവര്‍ണര്‍ നടത്തിയ ഇടപെടലുകളെ സംസ്ഥാന സര്‍ക്കാരുമായുള്ള യുദ്ധപ്രഖ്യാപനത്തിന്റെ ഒരു പോര്‍മുഖമായി കാണേണ്ടതില്ല. അതുകൊണ്ടാണ് ഇക്കാര്യത്തില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും ഭിന്നതയില്ലാതെ ഇടപെട്ടത്.

ക്രമസമാധാനമെന്നത് സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന വിഷയമാണ്. അതില്‍ തലയിട്ട് ഭരണഘടനാവിരുദ്ധമായി ഭരണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ മറ്റാരെയും അനുവദിക്കില്ല. ഈ വിഷയത്തില്‍ ഉപദേശകന്റെ റോള്‍മാത്രമാണ് ഗവര്‍ണര്‍ക്കുള്ളത്. തിരുവനന്തപുരത്ത് സമാധാനം ഉറപ്പാക്കുന്ന കാര്യത്തില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിക്കുകയും മുഖ്യമന്ത്രി രാജ്ഭവനില്‍ എത്താതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ അത് സൃഷ്ടിക്കുന്ന വിവാദം ചെറുതാകില്ലായിരുന്നു.

മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള കൂടിക്കാഴ്ച ഗൌരവപൂര്‍ണവും സൌഹാര്‍ദപരവുമായിരുന്നു. എന്നാല്‍, ആ കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രിയെ രാജ്ഭവനില്‍ ‘സമണ്‍’ ചെയ്‌തെന്ന് ഗവര്‍ണര്‍ ട്വീറ്റ് ചെയ്തത് ജനാധിപത്യവ്യവസ്ഥയെയും ഫെഡറല്‍ സംവിധാനത്തെയും ദുര്‍ബലപ്പെടുത്തുന്ന സമീപനമായിപ്പോയി. അത്തരമൊരു ട്വിറ്റര്‍ സന്ദേശം ഗവര്‍ണര്‍ ഒഴിവാക്കേണ്ടതായിരുന്നു.

ബിജെപിയും ആര്‍എസ്എസും സിപിഐ എമ്മിനെതിരെ അക്രമം തുടങ്ങിയിട്ട് നിരവധി പതിറ്റാണ്ടുകളായി. അതുകൊണ്ടാണ് കേരളത്തില്‍ പലപ്പോഴും സംഘര്‍ഷം ഉണ്ടാകുന്നത്. പാര്‍ടി ഓഫീസുകളും വീടുകളും ആക്രമിക്കുക, കൊലപാതകങ്ങളും കൊലപാതക ശ്രമങ്ങളുമുണ്ടാവുക തുടങ്ങിയവയുണ്ടാക്കുന്നുണ്ട്. ഇവിടെ സിപിഐ എമ്മിനെയും ആര്‍എസ്എസിനെയും ഒരു നാണയത്തിന്റെ രണ്ടു വശമായി ചിത്രീകരിച്ച് അക്രമകാരികളും വിനാശകാരികളുമായ സംഘപരിവാറിനെ വെള്ളപൂശുന്നത് കൊടിയ പാതകമാണ്.

നാട്ടില്‍ വര്‍ഗീയകലാപം സൃഷ്ടിച്ച് കാവിപ്രസ്ഥാനത്തെ വളര്‍ത്തുക എന്നതാണ് ആര്‍എസ്എസ് ലക്ഷ്യമിടുന്നത്. അത് നടക്കാത്തത് കമ്യൂണിസ്റ്റുകാരുടെ വീറുറ്റ ചെറുത്തുനില്‍പ്പും ഇടപെടലുംകൊണ്ടാണ്. ഇത് വിസ്മരിച്ച് സിപിഐ എമ്മിനെയും ആര്‍എസ്എസിനെയും ഒരു നാണയത്തിന്റെ രണ്ട് വശമായി ചിത്രീകരിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫും ഒരു വിഭാഗം മാധ്യമങ്ങളും യോജിച്ചുനീങ്ങുന്നത്.

തിരുവനന്തപുരം ജില്ലയിലെ കല്ലംമ്പള്ളിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജേഷ് കൊല്ലപ്പെട്ടത് മണിക്കുട്ടന്‍ എന്ന അക്രമിയുമായുള്ള വ്യക്തിവൈരാഗ്യം കാരണമാണ്. അതിന്റെ പഴി സിപിഐ എമ്മിന്റെ തലയില്‍ കെട്ടിവച്ച് അര്‍ധരാത്രിയില്‍ സംസ്ഥാനത്ത് ഹര്‍ത്താല്‍ ആഹ്വാനം നടത്തുകയായിരുന്നു ബിജെപി.

ഇതേ വേളയില്‍ സിപിഐ എം അക്രമ മുറവിളികൂട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോഴിക്കോട് നിരാഹാരവ്രതവും നടത്തി. ഇതേ ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് 12 സിപിഐ എം പ്രവര്‍ത്തകരെയാണ് സംഘപരിവാര്‍ കശാപ്പ് ചെയ്തത്. അപ്പോള്‍ അനങ്ങാതിരുന്ന ചെന്നിത്തലയാണ്, ഇപ്പോള്‍ ആര്‍എസ്എസുകാരന്‍ വ്യക്തിവൈരാഗ്യ സംഭവത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ ഉണ്ണാവ്രതമനുഷ്ഠിച്ചത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 250 സിപിഐ എം പ്രവര്‍ത്തകരെയാണ് ആര്‍എസ്എസുകാര്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. 15 ല്‍പരം വീടും 60ല്‍ ഏറെ പാര്‍ടി ഓഫീസും തകര്‍ത്തു. 13 സിപിഐ എം പ്രവര്‍ത്തകരെ കൊന്നു.

ആസൂത്രിത ആക്രമണമാണ് സിപിഐ എമ്മിനുനേരെ സംഘപരിവാര്‍ നടത്തുന്നത്. കുറച്ച് മാസംമുമ്പ് മുഖ്യമന്ത്രി മുന്‍കൈയെടുത്ത് നടത്തിയ സര്‍വകക്ഷി സമാധാന സമ്മേളനവും അതിനു മുന്നോടിയായി നടന്ന ബിജെപി- ആര്‍എസ്എസ് പ്രതിനിധികളും സിപിഐ എം നേതാക്കളും തമ്മില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയും നല്ല ചുവടുവയ്പായിരുന്നു.

അതേത്തുടര്‍ന്ന് സംഘര്‍ഷത്തിന് അയവും വന്നു. എന്നാല്‍, കണ്ണൂരില്‍ സമാധാനയോഗം നടന്ന അതേദിവസം വൈകിട്ട് പൊയിലൂരില്‍ സിപിഐ എം പ്രവര്‍ത്തകനെ ആര്‍എസ്എസുകാര്‍ ആക്രമിച്ചു. ഇങ്ങനെ സമാധാന സമ്മേളന തീരുമാനങ്ങളെ ലംഘിക്കുന്നതിന് ഒട്ടും മനഃസാക്ഷിക്കുത്ത് സംഘപരിവാറിനില്ല.

കേരളത്തെ വര്‍ഗീയതയുടെ വിളനിലമാക്കുക എന്നതാണ് ആര്‍എസ്എസിന്റെ ലക്ഷ്യം. ഹൈന്ദവവല്‍കൃത ചരിത്രബോധം ജനങ്ങളില്‍ സന്നിവേശിപ്പിക്കുക, വര്‍ഗീയചേരിതിരിവ് സൃഷ്ടിക്കുക, അതിനുവേണ്ടി കള്ളപ്രചാരവേല നടത്തുകയും അക്രമാസക്തമായി പ്രവര്‍ത്തിക്കുക- അതാണ് ആര്‍എസ്എസ് ശൈലി.

ഇതൊക്കെ ചെയ്തിട്ടും കേരളം ഗുജറാത്ത് ആകാത്തത് സംസ്ഥാനത്തിന്റെ അടിയുറച്ച മതനിരപേക്ഷ പാരമ്പര്യവും നവോത്ഥാനമൂല്യങ്ങള്‍ ഇന്നും പരിരക്ഷിക്കുന്ന ഇടതുപക്ഷത്തിന്റെ സ്വാധീനവും കാരണമാണ്. സംഘപരിവാറുമായി ആശയപരമായി സിപിഐ എമ്മിനുള്ള അകല്‍ച്ചയും ഏറ്റുമുട്ടലും തുടരും. ചരിത്രത്തെ സംബന്ധിച്ച് ഹൈന്ദവ വ്യാഖ്യാനത്തിലെ അടിസ്ഥാനവാദം ഇന്ത്യ ഹിന്ദുക്കളുടെ നാടെന്നതാണ്.

വിനായക് ദാമോദര്‍ സവര്‍ക്കര്‍ രചിച്ച ‘ഹിന്ദുത്വം’ എന്ന കൃതിയിലെ പിതൃഭൂമിയും പുണ്യഭൂമിയുമെന്നതിലെ മാനദണ്ഡപ്രകാരം ഇതര മതവിഭാഗത്തില്‍പ്പെട്ടവര്‍ ഈ രാഷ്ട്രത്തിന്റെ ഭാഗമല്ല. മുസ്‌ളിങ്ങളും ക്രിസ്ത്യാനികളുമൊന്നും ഇന്ത്യക്കാരല്ല. അവരുടെ മതസ്ഥാപകര്‍ അന്യനാട്ടുകാരാണ്.

നമ്മുടെ സംസ്‌കാരമോ തീര്‍ഥാടനകേന്ദ്രങ്ങളോ പുണ്യതീര്‍ഥങ്ങളോ അംഗീകരിക്കുന്നവരല്ല ഇതരമതക്കാര്‍- ഇങ്ങനെ പോകുന്നു ഹിന്ദുത്വപ്രചാരണം. ഇപ്രകാരമെല്ലാം വര്‍ഗീയത വളര്‍ത്തുന്നതിനെ തടയുന്നത് മുഖ്യമായി കമ്യൂണിസ്റ്റുകാര്‍ ധീരമായി പൊരുതുകയും ഇടപെടുകയും ചെയ്യുന്നതുകൊണ്ടാണ്. അതിനാലാണ് മറ്റ് പല സംസ്ഥാനങ്ങളിലെയുംപോലെ ഇവിടെ വര്‍ഗീയകലാപമുണ്ടാകാത്തത്.

വര്‍ഗീയകലാപമുണ്ടാക്കി അതിന്റെ ചോരപ്പുഴയില്‍ സംഘപരിവാറിനെ വളര്‍ത്താനുള്ള ആര്‍എസ്എസ് മോഹം ഇവിടെ പൂവണിയാത്തതും അതുകൊണ്ടുതന്നെ. അതിന്റെ അരിശം തീര്‍ക്കാനാണ് കൊലപാതകവും മറ്റ് അക്രമങ്ങളും സംഘപരിവാര്‍ കേരളത്തില്‍ പുരോഗമന ശക്തികള്‍ക്കെതിരെ നടത്തുന്നത്. സിപിഐ എം കേന്ദ്രകമ്മിറ്റി ഓഫീസ് ആക്രമിക്കുക, പാര്‍ടി ജനറല്‍ സെക്രട്ടറിയെയും സംസ്ഥാന സെക്രട്ടറിയെയും ലക്ഷ്യമിട്ട് അക്രമങ്ങള്‍ നടത്തുക- എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്.

എന്തെല്ലാം പ്രകോപനമുണ്ടായാലും കൊലപാതകവും അക്രമങ്ങളും പാര്‍ടി ഓഫീസ് തല്ലിത്തകര്‍ക്കലും വീടുകള്‍ ആക്രമിക്കലുമൊന്നും പാടില്ല. അതൊരു രാഷ്ട്രീയസംസ്‌കാരമായും രാഷ്ട്രീയബോധമായും വളര്‍ത്തിയെടുക്കണം. ഏതോ ഘട്ടത്തില്‍ കൈവിട്ടുപോയ ഈ സംസ്‌കാരം തിരിച്ചുപിടിച്ച് സമാധാനപൂര്‍ണമായ രാഷ്ട്രീയപ്രര്‍ത്തനം ഉറപ്പുവരുത്തണം. ഇക്കാര്യത്തില്‍ സിപിഐ എം മുന്‍കൈയെടുക്കും.

ബിജെപിയുടെ ഓഫീസ് തിരുവനന്തപുരത്ത് ആക്രമിക്കപ്പെട്ടതിനെ അപലപിച്ചതും കണ്ണൂര്‍ ജില്ലയില്‍ നടന്ന രണ്ട് കൊലപാതകങ്ങളെ പാര്‍ടി തള്ളിപ്പറഞ്ഞതും ഈ സമീപനത്തിന്റെ ഭാഗമായാണ്. മേല്‍ സൂചിപ്പിച്ച സംഭവങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് സഹായമൊന്നും നല്‍കേണ്ടെന്നും പാര്‍ടി തീരുമാനിച്ചു. ബിജെപി ഓഫീസ് ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട പാര്‍ടി പ്രവര്‍ത്തകര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ച് പാര്‍ടി ജില്ലാ കമ്മിറ്റി പരസ്യപ്പെടുത്തി.

എന്നാല്‍, ബിജെപി- ആര്‍എസ്എസ് നേതൃത്വം ഇത്തരമൊരു നടപടിയും നിലപാടും സ്വീകരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉഭയകക്ഷി ചര്‍ച്ചയില്‍ ഇരുവിഭാഗത്തുമുള്ള നേതാക്കള്‍ പറയാനുള്ളതെല്ലാം അവതരിപ്പിച്ചിരുന്നു. എവിടെയെങ്കിലും പ്രശ്‌നമുണ്ടായാല്‍ പരസ്പരം സംസാരിച്ച് തീര്‍ക്കുക. സാധിക്കാതെ വന്നാല്‍ അധികൃതരുടെ മുന്നില്‍ അവതരിപ്പിച്ച് പരിഹാരം കാണുക.

കര്‍ശനമായ ഭരണനടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് എല്ലായിടത്തും എല്ലായ്‌പ്പോഴും സമാധാനപൂര്‍ണമായ അന്തരീക്ഷമുണ്ടാകണം. അതിനുള്ള ആത്മാര്‍ഥമായ പരിശ്രമം എല്ലാഭാഗത്തുനിന്നും ഉണ്ടാകണം. കേരളം ആഗ്രഹിക്കുന്നത് അതാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News