തിരുവനന്തപുരം : പതിനാലാം കേരള നിയമസഭയുടെ 7ാം സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. നിയമനിര്‍മ്മാണം ലക്ഷ്യമിട്ടാണ് സഭ ചേരുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസ ബില്ലും ജി.എസ്.ടി ബില്ലും സമ്മേളനത്തില്‍ അവതരിപ്പിക്കും. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മില്‍ ആരോഗ്യകരമായ മത്സരം നടക്കുമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.
പൂര്‍ണമായും നിയമനിര്‍മ്മാണം ലക്ഷ്യമിട്ട് 13 ദിവസത്തേയ്ക്കാണ് പതിനാലാം നിയമസഭയുടെ 7ാം സമ്മേളനം ചേരുന്നത്. കഴിഞ്ഞ സമ്മേളനത്തിന് ശേഷം പുറപ്പെടുവിച്ച 9 ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകളാണ് ഇതില്‍ പ്രധാനം.
സമ്മേളനം ആരംഭിക്കുന്ന ആദ്യ ദിവസമായ ഓഗസ്റ്റ് 7ന് സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം ക്രമപ്പെടുത്തുന്നതും നിയന്ത്രിക്കുന്നതുമായ 2017ലെ കേരള മെഡിക്കല്‍ വിദ്യാഭ്യാസ ബില്ലും കേരള സഹകരണ സംഘങ്ങള്‍ ഭേദഗതി ബില്ലും അവതരിപ്പിക്കും.
കേരള ചരക്ക് സേവന നികുതി ബില്‍, ക്‌ളിനിക്കല്‍ സ്ഥാനങ്ങളുടെ രജിസ്‌ട്രേഷനും നിയന്ത്രണവും സംബന്ധിച്ച ബില്‍, മാരിടൈം ബോര്‍ഡ് ബില്‍ എന്നീ സുപ്രധാന ബില്ലുകളും സഭ പരിഗണിക്കും. ചോദ്യങ്ങള്‍ക്ക് കൃത്യസമയത്ത് ഉത്തരം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഭരണ – പ്രതിപക്ഷം തമ്മില്‍ ആരോഗ്യകരമായ മത്സരം നടക്കുമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
അടുത്ത വര്‍ഷം മുതല്‍ ബജറ്റ് നടപടിക്രമങ്ങള്‍ മാര്‍ച്ച് 31ന് മുന്‍മ്പ് പൂര്‍ത്തിയാക്കും. ഇതിന് സര്‍ക്കാര്‍ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും സംസ്ഥാന വികസനം ത്വരിതപ്പെടുത്താന്‍ ഇത് സഹായിക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി. ഒപ്പം നിയമസഭയില്‍ നിയമനിര്‍മ്മാണത്തിനായി ബില്ലവതരിപ്പിക്കുന്നതിന് മുന്‍മ്പ് ബില്ല് ഗസറ്റില്‍ പ്രസിദ്ധപ്പെടുത്താനും തീരുമാനമായി. സഭയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി കക്ഷി നേതാക്കളുടെ യോഗം ചേര്‍ന്നതിന് ശേഷമാണ് സഭ ആരംഭിക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here