ഡിവൈഎഫ്‌ഐ കൊടിമരത്തില്‍ ബിജെപി പതാക; ഒടുവില്‍ ബിജെപി സെക്രട്ടറി തന്നെ അഴിച്ചു മാറ്റി

കട്ടപ്പന: രാത്രിയുടെ മറവില്‍ ഡിവൈഎഫ്‌ഐയുടെ കൊടിമരത്തില്‍ ബിജെപിയുടെ പതാക ഉയര്‍ത്തി. ഡിവൈഎഫ്‌ഐ നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തിയതോടെ ബിജെപി നേതാവ് എത്തി കൊടി അഴിച്ചുമാറ്റി. ഇതോടെ സംഘര്‍ഷ സാഹചര്യമൊഴിവായി.

വെള്ളിയാഴ്ച രാത്രിയാണ് ഡിവൈഎഫ്‌ഐ കൊടിമരത്തില്‍ ബിജെപി പതാക ഉയര്‍ത്തി പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാന്‍ സംഘപരിവാര്‍ ശ്രമിച്ചത്. കട്ടപ്പന പേഴുംകവല യൂണിറ്റ് കമ്മിറ്റി വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച കൊടിമരമാണിത്. ഡിവൈഎഫ്‌ഐ പതാകയുടെ മുകളിലാണ് ബിജെപി പതാക കെട്ടിയത്. രാവിലെ ഇതു കണ്ടതോടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

ജില്ലാ പ്രസിഡന്റ് കെ പി സുമോദ്, ബ്‌ളോക്ക് സെക്രട്ടറി ജിബിന്‍ മാത്യു എന്നിവരും സ്ഥലത്തെത്തി. തുടര്‍ന്ന് പൊലീസുമെത്തി. പ്രതിഷേധത്തിനിടെയെത്തിയ ബിജെപി ജില്ലാ സെക്രട്ടറി ഷാജി നെല്ലിപ്പറമ്പില്‍ ഡിവൈഎഫ്‌ഐ കൊടിമരത്തില്‍ ഉയര്‍ത്തിയ അവരുടെ പതാക അഴിച്ചുമാറ്റി. പൊലീസ് ഈ പതാക വാങ്ങിയതോടെ സംഘര്‍ഷത്തിന് അയവായി. തുടര്‍ന്ന് ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് വീണ്ടും പതാക ഉയര്‍ത്തി.

ഡിവൈഎഫ്‌ഐ നേതാക്കളായ ടിജി എം രാജു, എബി മാത്യു, നോബി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. സമാധാനപരമായി പ്രവര്‍ത്തിക്കുന്നിടിത്ത് ബോധപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാന്‍ ആര്‍എസ്എസ് നടത്തുന്ന പ്രവര്‍ത്തനമാണിതെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here