അവഗണനയുടെ ട്രാക്കിലും ചിത്ര സ്വപ്‌നങ്ങളുടെ വെള്ളിവെളിച്ചത്തില്‍; ദേശീയ ഓപ്പണ്‍ മീറ്റില്‍ ചരിത്രം തിരുത്തിക്കുറിക്കാനുള്ള കടുത്ത പരിശീലനത്തിലാണ് താരം

പാലക്കാട്; ലോക് അത് ലറ്റിക് ചാന്പ്യന്‍ഷിപ്പ് ലണ്ടനില്‍ നടക്കുമ്പോള്‍ മുണ്ടൂരിലെ തന്റെ പ്രീയപ്പെട്ട ഗ്രൗണ്ടില്‍ പരിശീലനത്തിലാണ് പിയു ചിത്ര. സെപ്തംബറില്‍ നടക്കുന്ന ദേശീയ ഓപ്പണ്‍ മീറ്റിനുള്ള തയ്യാറെടുപ്പിലാണ് ചിത്ര. മീറ്റില്‍ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ കഴിയുന്ന പ്രതീക്ഷയിലാണ് താരം.

മുണ്ടൂരിലെ സാധാരണകുടുംബത്തിലെ പിയു ചിത്രയെന്ന പെണ്‍കുട്ടിയെ നാടറിയുന്ന കായിക താരമാക്കി വളര്‍ത്തിയ മണ്‍മൈതാനം. പതിവ് പോലെ അതിരാവിലെ തന്നെ ചിത്ര ഗ്രൗണ്ടില്‍ പരിശീലനത്തിലാണ്. മറ്റെവിടെ പരിശീലനം നടത്തുന്നതിനേക്കാള്‍ ചിത്രയ്ക്ക് എന്നും പ്രീയപ്പെട്ടത് ഈ മണ്‍മൈതാനം തന്നെ. സ്ട്രാറ്റ്‌ഫോര്‍ഡിലെ ഒളിംപിക് സ്റ്റേഡിയത്തില്‍ ലോക് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് കൊടിയുയരുമ്പോള്‍ ഇന്ത്യന്‍ പതാകയ്ക്ക് കീഴില്‍ അണിനിരക്കണം.

മത്സരിക്കുന്ന 1500മീറ്ററില്‍ മികച്ച പ്രകടനം നടത്തണം. സ്വപ്നങ്ങളേറെയുണ്ടായിരുന്നു. പക്ഷേ അര്‍ഹതയുണ്ടായിട്ടും അത്‌ലറ്റിക് ഫെഡറേഷന്‍ അവഗണനയുടെ ചുവപ്പ് കൊടികാണിച്ചപ്പോള്‍ പിയു ചിത്രയുടെ മാത്രമല്ല ഒരു നാടിന്റെ സ്വപ്നങ്ങളാണ് നഷ്ടപ്പെട്ടത്. ചാമ്പ്യന്‍ഷിപ്പിലേക്കുള്ള അവസരം നിഷേധിച്ചപ്പോള്‍ ശക്തമായി ഇടപെടുകയും ഇപ്പോള്‍ 25000 രൂപ പ്രതിമാസം നല്‍കാന്‍ തീരുമാനിച്ച് പിന്തുണയുറപ്പിച്ച സംസ്ഥാനസര്‍ക്കാരിന്റെ ഇടപെടല്‍ വളര്‍ന്നുവരുന്ന കായികതാരങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം നല്‍കുമെന്ന് ചിത്ര പറഞ്ഞു.
2004 സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ മെഡല്‍ നേടി വരവറിയിച്ചതു മുതല്‍ പിയു ചിത്ര ദീര്‍ഘദൂര ട്രാക്കില്‍ വലിയ കുതിപ്പാണ് നടത്തിയത്. പ്രതിസന്ധികളെല്ലാം മറികടന്നാണ് ഓരോ തവണയും പുതിയ വേഗം കുറിച്ചത്. അതിനാല്‍ അവഗണനയിലും തിരിച്ചടികളിലും തളരില്ല. അതിരുകളില്ലാത്ത ട്രാക്ക് മുന്നിലുണ്ട്. അതിനു മുകളില്‍ പ്രതീക്ഷകളും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here