രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ ബി ജെ പി കേന്ദ്രനേതൃത്വം ഇരട്ടത്താപ്പ് കാട്ടുന്നു; വിമര്‍ശനവുമായി പിബി

ദില്ലി: തിരുവനന്തപുരം ജില്ലയില്‍ ഈയിടെ സിപിഐ എമ്മിന്റെയും ആര്‍എസ്എസ്ബിജെപിയുടെയും പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലുകളുടെ വിഷയത്തില്‍ ബിജെപി നേതൃത്വം ഇരട്ടത്താപ്പ് കാട്ടുകയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. സംഘട്ടനങ്ങള്‍ അവസാനിപ്പിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. സമാധാനം ഉറപ്പാക്കാനും ഇത്തരം സംഘര്‍ഷങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാനും വേണ്ട മാര്‍ഗങ്ങള്‍ ആലോചിക്കാന്‍ മുഖ്യമന്ത്രി ജൂലൈ 31നു ആര്‍എസ്എസ്ബിജെപി സംസ്ഥാനനേതാക്കളുമായി ചര്‍ച്ച നടത്തി.

ഈ യോഗത്തില്‍ ഏതാനും തീരുമാനങ്ങള്‍ എടുക്കുകയും തുടര്‍നടപടി എന്ന നിലയില്‍ മൂന്ന് ജില്ലകളില്‍ സമാനമായ യോഗങ്ങള്‍ ചേരാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതനുസരിച്ചുള്ള യോഗങ്ങളും ചേര്‍ന്നു. സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ ഇരുപക്ഷവും പ്രതിജ്ഞാബദ്ധത പ്രകടിപ്പിക്കുകയും ആക്രമണങ്ങളിലേക്ക് നീങ്ങുന്നവര്‍ക്കെതിരെ കര്‍ശന പൊലീസ് നടപടി എടുക്കാന്‍ യോഗങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തു. ആറിനു സര്‍വകക്ഷിയോഗം ചേരുന്നുണ്ട്.

ഈ സന്ദര്‍ത്തിലാണ് ബിജെപി കേന്ദ്രനേതൃത്വവും ഒരു കേന്ദ്രമന്ത്രിയും കേരളത്തിലെ സിപിഐ എമ്മിനെതിരെ അടിസ്ഥാനരഹിതവും പക്ഷപാതപരവുമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ഇതിനകം ഫലം കണ്ടുതുടങ്ങിയ, മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍കയ്യില്‍ ആരംഭിച്ച സമാധാനശ്രമങ്ങളുടെ ആത്മാര്‍ഥതയെപ്പോലും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ചോദ്യംചെയ്തിരിക്കുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി എടുത്ത നിലപാടിനു നേര്‍വിപരീത സമീപനമാണ് മറ്റൊരു കേന്ദ്രമന്ത്രിയും ബിജെപി നേതൃത്വവും സ്വീകരിച്ചിട്ടുള്ളത്. സമാധാനം പുനഃസ്ഥാപിക്കാനും സംഘട്ടനങ്ങള്‍ അവസാനിപ്പിക്കാനും ആര്‍എസ്എസിനും ബിജെപിക്കും താല്‍പര്യമില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.

കഴിഞ്ഞവര്‍ഷം മെയില്‍ നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്നദിവസം തന്നെ ആര്‍എസ്എസും ബിജെപിയും സിപിഐ എമ്മിനു നേരെ ആക്രമണം ആരംഭിച്ചത് ഓര്‍ക്കണം. വിജയാഹ്‌ളാദ പ്രകടനത്തില്‍ പങ്കെടുക്കവെ, മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തില്‍ ഒരു സിപിഐ എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം സിപിഐ എം പ്രവര്‍ത്തകരും അല്ലാത്തവരുമായി 13 പേരാണ് ആര്‍എസ്എസ്ബിജെപി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.

സി രവീന്ദ്രന്‍പിണറായി, സി വി ധനരാജ്, മോഹനന്‍(കണ്ണൂര്‍), അനന്തു, മുഹമ്മദ് മൊഹ്‌സിന്‍, ജി ജിഷ്ണു, ഷിബു(ആലപ്പുഴ), ടി സുരേഷ്‌കുമാര്‍(തിരുവനന്തപുരം), ശശികുമാര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സുരേഷ്(തൃശൂര്‍), ഫൈസല്‍, പി മുരളീധരന്‍(മലപ്പുറം), റിയാസ് മൌലവി(കാസര്‍കോട്) എന്നിവരാണ് കൊല്ലപ്പെട്ടവര്‍. സിപിഐ എം പ്രവര്‍ത്തകരും അനുഭാവികളുമായ 200ഓളം പേര്‍ ആക്രമണങ്ങളില്‍ പരിക്കേറ്റ് ആശുപത്രിയിലായി. പാര്‍ടി പ്രവര്‍ത്തകരുടെ 165 വീടുകളും പാര്‍ടിയുടെയും വര്‍ഗബഹുജനസംഘടനകളുടെയും 51 ഓഫീസുകളും ആക്രമിക്കുകയോ തീയിടുകയോ നശിപ്പിക്കുകയോ ചെയ്തു.
പദ്ധതി വ്യക്തമാണ്. ആക്രമണങ്ങളിലേക്ക് നീങ്ങുകയും സിപിഐ എം പ്രവര്‍ത്തകരെ ശാരീരികമായി ആക്രമിക്കുകയും ചെയ്യുക; മറുവശത്ത്, സിപിഐ എം പ്രവര്‍ത്തകര്‍ ആക്രമിക്കുന്നുവെന്നും സംസ്ഥാന സര്‍ക്കാരിനു ഇത് തടയാന്‍ കഴിയുന്നില്ലെന്ന് മുറവിളി കൂട്ടുകയും ചെയ്യുക.

ആരാണ് രാഷ്ട്രീയസംഘര്‍ഷങ്ങള്‍ക്ക് ഉത്തരവാദിയെന്ന് കേരളജനതയ്ക്ക് നന്നായി അറിയാം. എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത വികസനപരിപാടികള്‍ സംസ്ഥാനസര്‍ക്കാര്‍ ഗൌരവത്തോടെ നടപ്പാക്കിവരികയാണ്. ഉന്നത നിലവാരത്തിലുള്ള മതസൌഹാര്‍ദ്ദവും സാമൂഹികസൌഹാര്‍ദ്ദവും കാത്തുസൂക്ഷിക്കുന്ന കേരളജനത സംസ്ഥാനത്തെ സമാധാനവും സാധാരണജീവിതവും തകര്‍ക്കാനുള്ള ശ്രമങ്ങളെ നിശ്ചയമായും ചെറുത്തുതോല്‍പിക്കുമെന്നും പിബി പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here