അവസാന അങ്കത്തിന് ബോള്‍ട്ട് ;കൂടെ ഓടാന്‍ ലോകവും

ഒടുവില്‍ ആ ദിവസവും വന്നെത്തുകയാണ്. സമയവും, വേഗവും കാല്‍ക്കീഴിലാക്കിയ ട്രാക്കിന്റെ രാജകുമാരന്‍ 100 മീറ്ററിന്റെ വേഗപ്പോരാട്ടങ്ങളോട് ഇന്ന് വിടപറയും. 2 ദിവസങ്ങള്‍ക്കപ്പുറം റിലേയിലും ബാറ്റണേന്തി ഉസൈന്‍ ബോള്‍ട്ട് എന്ന സുവര്‍ണ കാലം ട്രാക്കില്‍ നിന്ന് മടങ്ങും.

ലണ്ടനിലെ ഒളിംപിക് സ്റ്റേഡിയത്തില്‍ ബോള്‍ട്ട് ഇന്ന് 100 മീറ്ററില്‍ അവസാന ഓട്ടത്തിനിറങ്ങുമ്പോള്‍ ലോകമൊന്നടങ്കം കാത്തിരിക്കുകയാണ് ഒരിക്കല്‍ കൂടി ആ മിന്നല്‍ വേഗത്തിനായി. ഹീറ്റ്‌സില്‍ അത്ര നല്ല സമയമല്ല ബോള്‍ട്ട് കുറിച്ചത്.

10.07 സെക്കന്റിലാണ് ഫിനിഷിംഗ് ലൈന്‍ കടന്നത്. വളരെ മോശം പ്രകടമെന്ന് ബോള്‍ട്ട് തന്നെ സമ്മതിക്കുന്നു. എന്നാല്‍ ഹീറ്റ്‌സല്ല സെമിയും, ഫൈനലുമെന്ന് ബോല്‍ട്ടിന്റെ എതിരാളികള്‍ക്കും ലോകത്തിനുമറിയാം. 100 മീറ്ററിനുമപ്പുറം ലോകം കാത്ത് നില്‍ക്കുമ്പോള്‍ ആ കാലുകള്‍ തീപടര്‍ത്തുമെന്ന് ട്രാക്കില്‍ ബോള്‍ട്ട് ഓടി കീഴടക്കിയ നേട്ടങ്ങള്‍ ലോകത്തോട് പറയുന്നു.

ലണ്ടനില്‍ ഇന്ന് അവസാനമായി സ്റ്റാര്‍ട്ടിംഗ് പോയിന്റിലെത്തുമ്പോള്‍ വെല്ലുവിളി ഉയര്‍ത്തി പതിവുപോലെ അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്‌ലിനുണ്ട്. ഗാറ്റ്‌ലിനറിയാം ബോല്‍ട്ടിനെ തോല്‍പിക്കാന്‍ ഇതിലും നല്ലൊരവസരമില്ല എന്ന്. എന്നാല്‍ അതിന് കാലുകളില്‍ കൊടുങ്കാറ്റിന്റെ വേഗം വേണമെന്നും മറ്റാരേക്കാളും ഗാറ്റ്‌ലിനറിയാം.

പഴകിപ്പതിഞ്ഞ ഇതിഹാസമെന്ന വിളിപ്പേരിനപ്പുറം ലോകം കാത്തിരിക്കുകയാണ് ഉസൈന്‍ ബോള്‍ട്ട് എന്ന മനുഷ്യന്‍ ശരിക്കും ഒരു കാലവും, കാലഘട്ടവും ആകുന്നത് കാണാന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here