കേരളത്തില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തും; ഭീഷണിയുമായി ആര്‍എസ്എസ്

ന്യൂഡല്‍ഹി : സംഘപരിവാറിന്റെ വര്‍ഗീയ രാഷ്ട്രീയത്തെ നെഞ്ചുറപ്പോടെ നേരിടുന്ന കേരളത്തില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുമെന്ന് ഭീഷണിയുമായി ആര്‍എസ്എസ് സഹസര്‍സംഘചാലക്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് വിവേകത്തോടെ തീരുമാനമെടുക്കാമെന്ന് സഹ സര്‍സംഘചാലക് ദത്താത്രേയ ഹൊസബലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളെക്കുറിച്ച് കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം തന്ത്രപൂര്‍വമാണ് അവതരിപ്പിച്ചത്.

വാര്‍ത്താസമ്മേളനത്തിന്റെ തുടക്കത്തില്‍ ഹൊസബലെ ഈ ആവശ്യം ഉന്നയിച്ചില്ല. ചിലര്‍ ഉയര്‍ത്തിയ ചോദ്യത്തിന്റെ മറവിലാണ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്. കേരളത്തില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉയരുകയാണെന്നും ഈ സാഹചര്യത്തില്‍ ഇക്കാര്യം കേന്ദ്രസര്‍ക്കാരിന് പരിഗണിക്കാമെന്നും ഹൊസബലെ പ്രതികരിച്ചു.

ഈ ചോദ്യവും ഉത്തരവും മുന്‍കൂട്ടി ആസൂത്രണംചെയ്തതാണെന്ന് വ്യക്തമാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി രാഷ്ട്രീയ സംഘര്‍ഷങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്.

ആര്‍എസ്എസ് സഹപ്രചാര്‍ പ്രമുഖ് ജെ നന്ദകുമാറും പങ്കെടുത്ത വാര്‍ത്താസമ്മേളനത്തില്‍ തങ്ങളുടെ നിലപാട് പരസ്യമാക്കാന്‍ അവസരമൊരുക്കുന്ന ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ചട്ടംകെട്ടിയ ചിലരെ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടത്തില്‍ എത്തിച്ചിരുന്നു.

കേരളത്തിനും എല്‍ഡിഎഫ് സര്‍ക്കാരിനും സിപിഐ എമ്മിനും എതിരെ വിചിത്രമായ ആരോപണങ്ങളും കള്ളക്കഥകളുമായാണ് ആര്‍എസ്എസ് നേതൃത്വം രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel