നാദിര്‍ഷയുടെ സഹോദരനെയും ചോദ്യം ചെയ്തു; രണ്ട് പ്രമുഖരുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്ന് അഭ്യൂഹം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നാദിര്‍ഷയുടെ സഹോദരന്‍ സമദിനെ അന്വേഷണസംഘം ചോദ്യം ചെയ്തു. ആലുവ പൊലീസ് ക്ലബില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. വിദേശത്ത് ദിലീപും നാദിര്‍ഷയും നടത്തിയ സ്റ്റേജ് ഷോ സംബന്ധിച്ച് വിവരങ്ങളാണ് ചോദിച്ചതെന്ന് സമദ് മാധ്യമങ്ങളോട് പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് രണ്ട് പ്രമുഖരുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സമദിന്റെ ചോദ്യംചെയ്യല്‍. ദിലീപിന്റെ സ്‌റ്റേജ് ഷോകളിലും സിനിമകളിലും സജീവ സാന്നിധ്യമാണ് ഗായകന്‍ കൂടിയായ സമദ്. ഈ സാഹചര്യത്തിലാണ് സമദിനെയും ചോദ്യം ചെയ്യുന്നത്.

അതേസമയം, കേസിലെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കം പൊലീസ് സജീവമാക്കിയിട്ടുണ്ട്. രണ്ട് വമ്പന്‍ സ്രാവുകള്‍ കൂടി അകത്താകുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

കേസില്‍ ദിലീപിനെതിരായ ഗൂഢാലോചനകുറ്റം തെളിയിക്കാന്‍ വേണ്ട തെളിവുകള്‍ ലഭ്യമായിട്ടുണ്ട്. തെളിവു ശേഖരണവും അന്തിമഘട്ടത്തിലാണ്. ബലാത്സംഗം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ദിലീപിനെ ചുമത്തിയിരിക്കുന്നത്.

നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ എടുത്ത മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനാകാത്തതു മാത്രമാണ് പൊലീസിനെ അലട്ടുന്നത്. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈലും മെമ്മറി കാര്‍ഡുമെല്ലാം കണ്ടെടുക്കാനായിട്ടുണ്ട്. ദൃശ്യങ്ങള്‍ എടുത്ത മൊബൈല്‍ നശിപ്പിച്ചുകളഞ്ഞെന്നാണ് പള്‍സര്‍ സുനിയുടെ അഭിഭാഷകര്‍ മൊഴിനല്‍കിയിരിക്കുന്നത്. എന്തായാലും കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ കാര്യങ്ങളില്‍ വ്യക്തത കൈവരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel