ലോകത്തെ നടുക്കി ബ്ലൂ വെയ്ല്‍; കെണിയില്‍ വീണാല്‍ മടങ്ങിവരവില്ല; ജീവനെടുത്തത് നാലായിരത്തോളം പേരുടെ; ഇരകളെ വലയത്തിലാക്കുന്നത് ഇങ്ങനെ

ആത്മഹത്യാ ഗെയിം എന്ന പേരില്‍ പ്രശസ്തമായ ബ്ലൂ വെയ്ല്‍ ഓണ്‍ലൈന്‍ ഗെയിം ലോകത്തിനാകെ ഭീഷണിയാകുകയാണ്. കളിയോടുള്ള ആസക്തി നാലായിരത്തോളം കുരുന്നുകളെ ഇതിനോടകം മരണചുഴിയിലെത്തിച്ചു കഴിഞ്ഞു.

മുംബൈയില്‍ കഴിഞ്ഞ ദിവസം 14കാരന്‍ ആത്മഹത്യ ചെയ്തതോടെയാണ് ഈ ഗെയിം ഇന്ത്യയിലും എത്തിയതായി സൂചന ലഭിച്ചത്. അന്ധേരിയില്‍ ഏഴാം നിലയില്‍ നിന്ന് ചാടിയാണ് മന്‍പ്രീതെന്ന ബാലന്‍ കഴിഞ്ഞ മാസം 30ന് ആത്മഹത്യ ചെയ്തത്.

ഈ ആത്മഹത്യാ ചലഞ്ച് ഗെയിമിന്റെ പിറവി റഷ്യയില്‍ നിന്നാണ്. സമൂഹ്യമാധ്യമങ്ങളിലൂടെ മാത്രം കളിക്കാവുന്ന ഈ കളിയില്‍ രക്തം പൊടിയത്തക്ക വിധം ശരീരത്തില്‍ പേരോ ചിത്രങ്ങളോ വരയ്ക്കുന്ന ഈ കളിരീതി ലോകമെമ്പാടുമുള്ള കൗമാരക്കാര്‍ക്ക് ഹരമായി കഴിഞ്ഞിട്ടുണ്ട്. ഗെയിമില്‍ ആകൃഷ്ടരായവര്‍ ഇതിനായി പ്രവര്‍ത്തിക്കുന്ന പ്രത്യേക ഗ്രൂപ്പുകളില്‍ പോസ്റ്റിടുന്നതിനൊപ്പം പലതരം ഹാഷ് ടാഗുകള്‍ നല്‍കുകയും വേണം. ഈ ഹാഷ് ടാഗുകളില്‍ നിന്നാണ് ഗ്രൂപ്പ് അഡ്മിനുകള്‍ പുതിയ ഇരയെ കണ്ടെത്തുന്നത്. 14നും 18നും മധ്യേ
പ്രായമുള്ളവരായിരിക്കും ഇരകള്‍. യൗവനാരംഭത്തിലെ പ്രത്യേക മാനസിക അവസ്ഥയാണ് ഈ പ്രായക്കാരെ തന്നെ കളിക്കായി തെരഞ്ഞെടുക്കുന്നത്.

പുലര്‍ച്ചെ നാലുമണിക്കുള്ള നടത്തം, ക്രെയിനില്‍ കയറുക, നിഗൂഢ ജോലികള്‍ ചെയ്യുക, ശരീരത്തില്‍ നിന്ന് രക്തം വരുന്ന ദൃശ്യങ്ങള്‍ അപ് ലോഡ് ചെയ്യുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ദിവസേന കളിക്കാര്‍ക്ക് ലഭിക്കുക. പാലത്തിന് മുകളിലോ വീടിന്റെ മേല്‍ക്കൂരയ്ക്ക് മുകളിലോ കയറി നില്‍ക്കാനും ഇവര്‍ക്ക് നിര്‍ദേശങ്ങള്‍ ലഭിക്കും. ഗ്രൂപ്പ് അഡ്മിനില്‍ നിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ച് നിരവധി തവണ കളിക്കാര്‍ക്ക് ക്രൂര വിനോദങ്ങള്‍ ആവര്‍ത്തിക്കേണ്ടി വരും.

50 ദിവസത്തെ കളി അവസാനഘട്ടത്തിലെത്തുമ്പോള്‍ കളിക്കുന്നവര്‍ ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിതരാകും. ഗ്രൂപ്പ് ഓഫ് ഡെത്ത് എന്ന ഗ്രൂപ്പില്‍ നിന്ന് രക്ഷപ്പെട്ട ഒരു പെണ്‍കുട്ടിയില്‍ നിന്നാണ് ആത്മഹത്യാ ഗെയിമിനെക്കുറിച്ചുള്ള ഭയപ്പെടുത്തുന്ന വിവരങ്ങള്‍ പുറംലോകമറിഞ്ഞത്.

ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന ഈ ഗെയിമിനെതിരെ വിവിധ രാജ്യങ്ങളില്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ നടപടികളാരംഭിച്ചുകഴിഞ്ഞു. മരണക്കളിയില്‍ ആകൃഷ്ടരായവരെ സമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിച്ച് കണ്ടെത്തി കൗണ്‍സിലിങ്ങിലൂടെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനാണ് സര്‍ക്കാരുകളുടെ ശ്രമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News