കേരളത്തിലെ ജനകീയ സര്‍ക്കാരിനെ ധൈര്യമുണ്ടെങ്കില്‍ പിരിച്ചുവിടൂയെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ കേരള സന്ദര്‍ശനം രാഷ്ട്രീയലക്ഷ്യത്തോടെയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തില്‍ അസാധാരണ സ്ഥിതിവിശേഷം ഉണ്ടെന്ന് വരുത്താനാണ് ശ്രമമെന്നും കേരളത്തിലെ ജനകീയ സര്‍ക്കാരിനെ പിരിച്ചുവിടാന്‍ കേന്ദ്രസര്‍ക്കാരിന് ധൈര്യമുണ്ടോയെന്നും കോടിയേരി ചോദിച്ചു.

എല്‍ഡിഎഫ് അധികാരത്തില്‍ വന്നതിന് ശേഷം ആര്‍എസ്എസ് തുടര്‍ച്ചയായി അക്രമം നടത്തുകയാണ്. അമിത് ഷാ കേരളത്തില്‍ വന്ന് പോയതിന് ശേഷമാണ് അക്രമം ശക്തിപ്പെട്ടത്. സര്‍ക്കാരിനെ പിരിച്ച് വിടണം എന്നതാണ് ആര്‍എസ്എസിന്റെ ആഗ്രഹമെന്നും കോടിയേരി പറഞ്ഞു.

ആദിത്യനാഥ് സ്വന്തം നാട്ടില്‍ ക്രമസമാധാനം ഉണ്ടാക്കിയിട്ട് കേരളത്തിലേക്ക് വന്നാല്‍ പോരെയെന്നും കോടിയേരി ചോദിച്ചു. ആര്‍എസ്എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സിപിഐഎം രക്തസാക്ഷികളുടെ കുടുംബങ്ങള്‍ രാജ്ഭവന് മുന്നില്‍ ആരംഭിച്ച സത്യഗ്രഹസമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ വരുന്നത് ആര്‍എസ്എസ് അജണ്ട നടപ്പാക്കാനാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. കൊലപാതകങ്ങള്‍ സ്ഥിരം പരിപാടിയായി അംഗീകരിച്ച സംഘടനയാണ് ആര്‍എസ്എസ്. പാവപ്പെട്ടവനെ ഇഞ്ചിഞ്ചായി കൊല്ലുന്നത് ആര്‍എസ്എസ് അവസാനിപ്പിക്കണമെന്നും വൈക്കം വിശ്വന്‍ ആവശ്യപ്പെട്ടു. സത്യഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയില്‍ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയ സിപിഐഎം പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും കുടുംബാംഗങ്ങളാണ് സത്യഗ്രഹസമരം നടത്തുന്നത്. ഗവര്‍ണറെ സന്ദര്‍ശിക്കാന്‍ ജെയ്റ്റ്‌ലി എത്തുമ്പോള്‍ തങ്ങളുടെ തീരാവേദന കൂടി കേള്‍ക്കണമെന്നാണ് കുടുംബാംഗങ്ങളുടെ അഭ്യര്‍ഥന.

ശ്രീകാര്യത്ത് ഗുണ്ടാപ്പകയുടെ ഭാഗമായി നടന്ന രാജേഷിന്റെ കൊലപാതകം സിപിഐഎമ്മിനുമേല്‍ കെട്ടിവയ്ക്കാനുള്ള സംഘപരിവാര്‍ നീക്കം വിജയിച്ചിരുന്നില്ല. ഇതിനു മറയിടാനാണ് കേന്ദ്രമന്ത്രിയെ രാജേഷിന്റെ വീട്ടിലേക്ക് കൊണ്ടുവരുന്നത്. കേരളം രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ നാടാണെന്ന് വരുത്താനുള്ള സംഘപരിവാര്‍ ഗൂഢാലോചനയും ഈ സന്ദര്‍ശനത്തിനു പിന്നിലുണ്ട്. തലസ്ഥാനത്ത് സമീപ ദിവസങ്ങളില്‍ നടന്ന ആര്‍എസ്എസ് കലാപത്തിന്റെ യഥാര്‍ഥ്യം വിശദീകരിച്ച് സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ജെയ്റ്റ്‌ലിക്ക് തുറന്ന കത്തെഴുതിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here