കുറ്റകൃത്യങ്ങളില്‍ മുന്‍പന്തിയില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍; കേരളത്തിനെതിരായ ബിജെപി-ആര്‍എസ്എസ് പ്രചരണങ്ങള്‍ പൊളിയുന്നു; ആദ്യം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടത് ഈ സംസ്ഥാനങ്ങളില്‍

ദില്ലി: കേരളത്തില്‍ ക്രമസമാധാനം തകരാറിലെന്ന ബിജെപി-ആര്‍എസ്എസ് പ്രചരണം പച്ചക്കള്ളമെന്ന് തെളിയിക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ തന്നെ കണക്കുകള്‍. കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കേരളത്തേക്കാള്‍ ഏറെ മുന്നിലെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. കൊലപാതകം, വര്‍ഗീയകലാപം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് കേരളത്തേക്കാള്‍ ഏറെ മുന്നില്‍.

കേരളം കുറ്റകൃത്യങ്ങളുടെ നാടായി മാറിയെന്നും ക്രമസമാധാന നില തകരാറിലായതിനാല്‍ രാഷ്ട്രപതി ഭരണം വേണമെന്നുമാണ് ബിജെപി ആര്‍എസ്എസ് നേതാക്കള്‍ ദേശീയ തലത്തില്‍ നടത്തുന്ന പ്രചരണം. വസ്തുതകള്‍ക്ക് നിരക്കാത്തതാണ് കേരളത്തിനെതിരെ സംഘപരിവാര്‍ നടത്തുന്ന പ്രചരണമെന്ന് കേന്ദ്ര സര്‍ക്കാറിന്റെ തന്നെ കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പ്രസിദ്ധീകരിച്ച കുറ്റകൃത്യങ്ങളുടെ കണക്കുകള്‍ നോക്കുമ്പോള്‍ കേരളം ദൈവത്തിന്റെ സ്വന്തം നാട് തന്നെ.

അതേസമയം, കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ തമ്മിലാണ് മത്സരം. ഇനി കണക്കുകള്‍ നോക്കാം. കേരളത്തില്‍ 2015ല്‍ രജിസ്റ്റര്‍ ചെയ്തത് 334 കൊലപാതകക്കേസുകള്‍. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇങ്ങനെ. മധ്യപ്രദേശ് 2339, മഹാരാഷ്ട്ര 2509, ഗുജറാത്ത് 1150, രാജസ്ഥാന്‍ 1569. ബലാത്സംഗം: കേരളം 1256 കേസുകള്‍, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ മധ്യപ്രദേശ് 4391, രാജസ്ഥാന്‍ 3644, മഹാരാഷ്ട്ര 4144. തട്ടിക്കൊണ്ടുപോകല്‍: കേരളത്തില്‍ 271 കേസുകള്‍. മധ്യപ്രദേശ് 6788, രാജസ്ഥാന്‍ 5426, ഗുജറാത്ത് 2108,ജാര്‍ഖണ്ഡ് 1402. ജാതിസംഘര്‍ഷം: കേരളത്തില്‍ ഒറ്റ കേസുകള്‍ പോലും ഉണ്ടായില്ല. അതേ സമയം മോദിയുടെ ഗുജറാത്തില്‍ 141, മധ്യപ്രദേശില്‍ 30 ഇങ്ങനെ പോകുന്നു കണക്കുകള്‍.

വര്‍ഗീയ സംഘര്‍ഷങ്ങളാകട്ടെ കേരളത്തില്‍ ഒരു വര്‍ഷത്തിനിടെ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഗുജറാത്തില്‍ 45 മധ്യപ്രദേശില്‍ 43 ജാര്‍ഖണ്ഡില്‍ 68. മറ്റ് കുറ്റകൃത്യങ്ങളുടെ കണക്കുകള്‍ നോക്കിയാലും ബിജെപി ഭരണമുള്ള സംസ്ഥാനങ്ങള്‍ കേരളത്തേക്കാള്‍ ഏറെ മുന്നില്‍ തന്നെ.

കണ്ണടച്ച് ഇരുട്ടാക്കുകയാണ് ബിജെപിയും ആര്‍എസ്എസും. കേരളത്തിലെ ക്രമസമാധാനത്തിന്റെ പേരില്‍ വിലപിക്കുന്ന സംഘപരിവാര്‍ നേതാക്കള്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വായിച്ചു നോക്കണം. ആദ്യം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്ന് ബോധ്യപ്പെടും.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ കണക്കുകള്‍ ചുവടെ:

  • കൊലപാതകം
    കേരളം 334
    മധ്യപ്രദേശ് 2339
    മഹാരാഷ്ട്ര 2509
    ഗുജറാത്ത് 1150
    ഹരിയാന 1002
    രാജസ്ഥാന്‍ 1569
  • ബലാത്സംഗം
    കേരളം 1256
    മധ്യപ്രദേശ് 4391
    രാജസ്ഥാന്‍ 3644
    മഹാരാഷ്ട്ര 4144
  • തട്ടിക്കൊണ്ടു പോകല്‍
    കേരളം 271
    മധ്യപ്രദേശ് 6788
    രാജസ്ഥാന്‍ 5426
    ഗുജറാത്ത് 2108
    ജാര്‍ഖണ്ഡ് 1402
  • മോഷണം
    കേരളം 4422
    മധ്യപ്രദേശ് 29649
    രാജസ്ഥാന്‍ 29067
    ഗുജറാത്ത് 14096
    ജാര്‍ഖണ്ഡ് 7796
  • വര്‍ഗ്ഗീയ സംഘര്‍ഷം
    കേരളം 06
    മധ്യപ്രദേശ് 43
    ഗുജറാത്ത് 45
    രാജസ്ഥാന്‍ 16
    ജാര്‍ഖണ്ഡ് 68
  • ജാതി സംഘര്‍ഷം
    കേരളം 00
    ഗുജറാത്ത് 141
    മധ്യപ്രദേശ് 30
    ഉത്തര്‍പ്രദേശ് 724
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel