അന്ന് രാത്രി ബിജെപി ഹരിയാന സംസ്ഥാന അധ്യക്ഷന്റെ മകനില്‍ നിന്ന് നേരിട്ടത്; യുവതി വെളിപ്പെടുത്തുന്നു

ദില്ലി: ബിജെപി ഹരിയാന സംസ്ഥാന അധ്യക്ഷന്റെ മകനില്‍ നിന്ന് നേരിട്ട ദുരനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ചണ്ഡീഗഡ് സ്വദേശിയായ യുവതി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് യുവതിയുടെ പ്രതികരണം. കഴിഞ്ഞദിവസമാണ് ഹരിയാന ബിജെപി അധ്യക്ഷന്‍ സുഭാഷ് ബാരാലയുടെ മകന്‍ വികാസ് ബാരാലയെയും സുഹൃത്തായ ആശിഷ് കുമാറിനെയും പൊലീസ് പിടികൂടിയത്. ഇരുവരും തന്നെ ഉപദ്രവിച്ചെന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ് ചെയ്തത.

സംഭവദിവസത്തെക്കുറിച്ച് യുവതി പറയുന്നു:

കഴിഞ്ഞ ദിവസം രാത്രി 12.15 മണിയോടെ ഞാന്‍ സെക്ടര്‍ 8 മാര്‍ക്കറ്റ് റോഡില്‍ നിന്നും സെക്ടര്‍ 7 റോഡിലൂടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പെട്രോള്‍ പമ്പായിരുന്നു എന്റെ ലക്ഷ്യം. ഒരു സുഹൃത്തിനോട് ഫോണില്‍ സംസാരിച്ച് കൊണ്ടായിരുന്നു ഞാന് വണ്ടിയോടിച്ചിരുന്നത്. തൊട്ടുപിന്നാലെ ഒരു വെള്ള എസ്.യു.വി കാര്‍ എന്നെ പിന്തുടരുന്നതായി ഞാന്‍ മനസിലാക്കി.

എന്റെ കാറിനൊപ്പം വിടാതെ അതിവേഗത്തിലായിരുന്നു ആ കാറും. ആ കാറിനുള്ളിലുണ്ടായിരുന്ന രണ്ട് പേരും അര്‍ദ്ധരാത്രി റോഡില്‍ വെച്ച് ഒരു യുവതിയെ ഉപദ്രവിക്കുന്നതില്‍ രസിക്കുന്നത് പോലെ തോന്നി. അപകടം തിരിച്ചറിഞ്ഞ ഞാന്‍ കുറച്ച് കൂടി ആള്‍ക്കാരുള്ള മേഖലയിലേക്ക് വണ്ടി തിരിക്കാന്‍ ശ്രമിച്ചു. പക്ഷെ ഇരു ഭാഗത്തേക്കും വണ്ടി തിരിക്കാന്‍ അനുവദിക്കാതെ അവര്‍ എന്റെ കാറിന് കുറുകെ അവരുടെ കാര്‍ കൊണ്ടുവന്നിട്ടു. വെള്ള കാറില്‍ നിന്നും ഒരാള്‍ ഇറങ്ങി വന്നതോടെ ഞാന്‍ കാര്‍ പുറകോട്ട് എടുത്ത്, വേഗത്തില്‍ മുന്നോട്ട് പോയി.

ഈ സമയം കൊണ്ട് ഞാന്‍ 100ല്‍ വിളിച്ച് പൊലീസിനെ വിവരമറിയിച്ചു. കൃത്യ സ്ഥലും വിവരങ്ങളും ഞാന്‍ അവരെ അറിയിച്ചു. എന്നോട് സംസാരിച്ച പൊലീസ് ഉദ്യോഗസ്ഥന് കൃത്യമായി കാര്യങ്ങള്‍ ചോദിച്ച് അറിയുകയും സഹായം ഉറപ്പ് നല്‍കുകയും ചെയ്തു.പിന്നീട് ഒരു 15 സെക്കന്റ് നേരത്തേക്ക് ഞാന്‍ അവരുടെ കാര്‍ കണ്ടില്ല. ഞാന്‍ ഫോണ്‍ ചെയ്യുന്നത് കണ്ട് അവര്‍ മാറി പോയിട്ടുണ്ടാകുമെന്നാണ് ഞാന്‍ കരുതിയത്. പെട്ടെന്ന് തന്നെ കാര്‍ പിന്നെയും പ്രത്യക്ഷപ്പെട്ട് എന്റെ കാറിനൊപ്പെം നീങ്ങാന്‍ തുടങ്ങി. 6 കിലോ മീറ്ററോളം ഇങ്ങനെ അവര്‍ എന്നെ പിന്തുടര്‍ന്നു. കാര്‍ വെട്ടിക്കാന്‍ ഇടമില്ലാതെ അവര്‍ കുറുകെ കാര്‍ കൊണ്ട് വന്നിട്ടതോടെ എനിക്ക് വേറെ നിവൃത്തിയില്ലാതെയായി.

ആ കാറില്‍ നിന്നും രണ്ട് ചെറുപ്പക്കാര്‍ ഇറങ്ങി വന്ന് എന്റെ കാറിന്റെ ഡോര്‍ പിടിച്ച് വലിച്ച് തുറക്കാന്‍ ശ്രമിച്ചു. ആരെങ്കിലും സഹായത്തിനെത്തുമെന്ന് പ്രതീക്ഷിച്ച് ഞാന്‍ ഹോണടിച്ച് കൊണ്ടേയിരുന്നു. അടുത്ത നിമിഷം പൊലീസ് വാഹനം എന്റെ രക്ഷയ്‌ക്കെത്തുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച ചെറുപ്പക്കാരെയും പൊലീസ് പിന്തുടര്‍ന്ന് പിടിക്കൂടി. പിതാവുമായെത്തി ഞാന്‍ പിന്നീട് പൊലീസില്‍ പരാതി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News