മഅ്ദനി അന്‍വാര്‍ശേരിയില്‍; മാതാപിതാക്കളെ കാണാന്‍ സാധിച്ചതില്‍ സന്തോഷം; പിന്തുണച്ചവര്‍ക്കും സര്‍ക്കാരിനും നന്ദി

കൊച്ചി: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി അന്‍വാര്‍ശേരിയിലെ വീട്ടിലെത്തി. മാതാപിതാക്കളെ കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് മഅ്ദനി പ്രതികരിച്ചു.

ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ച മഅ്ദനി, ഉച്ച മൂന്നരയോടെയാണ്നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. തുടര്‍ന്ന് റോഡ് മാര്‍ഗം കൊല്ലത്തേക്ക് പുറപ്പെടുകയായിരുന്നു.

താന്‍ ഇപ്പോഴും അഗ്രഹാര ജയിലില്‍ ആണെന്ന് പലരും കരുതുന്നുണ്ടെന്ന് മഅ്ദനി കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, മൂന്നു വര്‍ഷമായി താന്‍ ജാമ്യത്തില്‍ ജയിലിന് പുറത്താണെന്നതാണ് വസ്തുതയെന്നും അദ്ദേഹം പറഞ്ഞു.

‘ജാതി മത ഭേദമന്യേ എല്ലാവരും കൂടെ നിന്നു. മാധ്യമങ്ങളും വളരെ ശക്തമായി നീതിക്കുവേണ്ടി നിലകൊണ്ടു. വളരെ സന്തോഷമുണ്ട്. ആ സന്തോഷത്തോട് കൂടി ഒരു വര്‍ഷത്തിനു ശേഷം കേരളത്തിന്റെ മണ്ണിലേക്ക് പോവുകയാണ്. എല്ലാവരും പ്രാര്‍ത്ഥിക്കുക’. ബംഗളൂരു വിമാനത്താവളത്തില്‍ വച്ച് മഅ്ദനി മാധ്യമങ്ങളോട് പ്രതികരിച്ചു.

സുപ്രീംകോടതി ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചതിനെ തുടര്‍ന്നാണ് മഅ്ദനി കേരളത്തില്‍ എത്തിയത്. മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനും മാതാപിതാക്കളെ കാണുന്നതിനുമാണ് ജാമ്യം അനുവദിച്ചത്. ഈ മാസം 19 വരെ കേരളത്തില്‍ തങ്ങുന്നതിനാണ് സുപ്രീംകോടതി അനുമതി നല്‍കിയിട്ടുള്ളത്. സുരക്ഷാ ഉദ്യോഗസ്ഥരും മഅ്ദനിയെ അനുഗമിക്കുന്നുണ്ട്.

20ന് അദ്ദേഹം ബംഗളൂരുവിലേക്ക് മടങ്ങിപോകും. 19 ഉദ്യോഗസ്ഥരടങ്ങുന്ന കര്‍ണാടക പൊലീസ് സംഘത്തിന്റെ അകമ്പടിയിലാണ് മഅദ്‌നിയെ കേരളത്തില്‍ എത്തിയത്. കൊല്ലം റൂറല്‍ എസ്.പി ബി. അശോകന്റെ നേതൃത്വത്തിലാണ് മഅ്ദനിക്ക് കൊല്ലത്ത് സുരക്ഷ ഒരുക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here