മെഡിക്കല്‍ കോഴയില്‍ മൊഴി നല്‍കാന്‍ തീരുമാനിച്ച് ബിജെപി നേതാക്കള്‍; കെ.പി.ശ്രീശനും എ.കെ.നസീറും ചൊവ്വാഴ്ച ഹാജരാകും

തിരുവനന്തപുരം: ബിജെപി സംസ്ഥാനനേതൃത്വത്തെ പ്രതികൂട്ടിലാക്കിയ മെഡിക്കല്‍ കോളേജ് കോഴ അഴിമതി സംബന്ധിച്ചുള്ള അന്വേഷണത്തില്‍ വിജിലന്‍സിന് മുന്നില്‍ മൊഴി നല്‍കാന്‍ തീരുമാനിച്ച് ബിജെപി നേതാക്കള്‍. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാന പ്രകാരം അന്വേഷണ കമ്മീഷനംഗങ്ങളായ ബിജെപി വൈസ് പ്രസിഡന്റ് കെ.പി.ശ്രീശന്‍, സംസ്ഥാന സെക്രട്ടറി എ.കെ.നസീര്‍ എന്നിവര്‍ ചൊവ്വാഴ്ച വിജിലന്‍സിന് മൊഴി നല്‍കും.

ഹാജരാകണമെന്നാവശ്യപ്പെട്ട് ബിജെപി അന്വേഷണ കമ്മീഷന്‍ അംഗങ്ങള്‍ക്ക് വിജിലന്‍സ് നോട്ടീസ് അയച്ചിട്ട് ആഴ്ചകള്‍ പിന്നിട്ടിരുന്നു. നോട്ടീസ് കൈപ്പറ്റാതെയും ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മൊഴിനല്‍കലിനെ കുറിച്ച് തീരുമാനമറിയിക്കാതെയും കെ.പി.ശ്രീശനും എ.കെ.നസീറും മാറിനിന്നു. എന്നാല്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെയും ഗ്രൂപ്പ് വക്താക്കളുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മൊഴി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

ചൊവ്വാഴ്ച വിജിലന്‍സ് ഓഫീസില്‍ ഹാജരായി മൊഴി നല്‍കുമെന്ന് ഇരു നേതാക്കളും വിജിലന്‍സ് എസ്.പി യെ അറിയിച്ചു. കോഴ അന്വേഷണത്തില്‍ വിജിലന്‍സ് മറ്റ് നടപടികളിലേക്ക് കടന്നാലോ എന്നുള്ളതിനാലാണ് മൊഴി നല്‍കാന്‍ നേതാക്കള്‍ തയ്യാറായിരിക്കുന്നത്.

അതേസമയം, മെഡിക്കല്‍ കോഴ അഴിമതിയുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ വിശദീകരിക്കരുതെന്നും, അഴിമതി ആര്‍.എസ്.വിനോദിന്റെ തലയില്‍ മാത്രം കെട്ടിവച്ചാല്‍ മതിയെന്നും കെ.പി.ശ്രീശനും എ.കെ.നസീറിനും ഗ്രൂപ്പ് നേതാക്കള്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. കോളേജ് ഉടമ ഷാജി പണം നല്‍കിയത് വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സിക്കാണ്, മറ്റ് പണമിടപാട് നടന്നിട്ടില്ല, സതീഷ് നായര്‍ക്ക് പണം നല്‍കിയതും കണ്‍സണ്‍ട്ടി എന്ന നിലയിലാണ് തുടങ്ങിയ കാര്യങ്ങളും മൊഴി നല്‍കണമെന്നും നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കോഴ വിഷയത്തില്‍ സംസ്ഥാന നേതാവിന്റെ പേര് പരാമര്‍ശിക്കരുതെന്നും റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ പാര്‍ട്ടി തല അന്വേഷണം നടക്കുന്നുണ്ടെന്നും വിജിലന്‍സിനോട് പറയണമെന്നും ഗ്രൂപ്പ് നേതാക്കള്‍ നിര്‍ദ്ദേശിച്ചു. കോളേജ് ഉടമ ആര്‍.ഷാജിയും ബിജെപി ഭാരവാഹിയായിരുന്ന ആര്‍.എസ്.വിനോദും കോഴ അഴിമതിയില്‍ ബിജെപി നേതാക്കള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടുണ്ട്. എന്നാല്‍ കോഴയിലെ ലോകായുക്ത ഇടപെടല്‍ ബിജെപിയ്ക്ക് തലവേദനയായിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here