സമാധാനം നിലനിര്‍ത്താന്‍ എല്ലാ രാഷ്ട്രീയ കക്ഷികളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി; സംഘര്‍ഷം വര്‍ധിക്കുന്നതില്‍ സോഷ്യല്‍മീഡിയയ്ക്കും പങ്കുണ്ടെന്ന് സര്‍വകക്ഷിയോഗം

തിരുവനന്തപുരം: സമാധാനം നിലനിര്‍ത്താന്‍ എല്ലാ രാഷ്ട്രീയ കക്ഷികളും ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ സംഘര്‍ഷബാധിത മേഖലയായി ചിത്രീകരിക്കരുതെന്നും സര്‍വകക്ഷിയോഗം അഭിപ്രായപെട്ടതായി മുഖ്യമന്ത്രി പറഞ്ഞു. സര്‍വകക്ഷി യോഗ തീരുമാനങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു മുഖ്യമന്ത്രി.

സമാധാനശ്രമങ്ങള്‍ക്ക് എല്ലാ കക്ഷികളും യോഗത്തില്‍ പിന്തുണ പ്രഖ്യാപിച്ചു. കേരളം സംഘര്‍ഷബാധിത പ്രദേശമാണെന്ന പ്രചാരണം നിക്ഷേപസാധ്യതകളെ പ്രതികൂലമായി ബാധിക്കും. ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ക്കെതിരെ യോഗം നിലപാടെടുത്തു. സംഘര്‍ഷങ്ങളിലും അക്രമസംഭവങ്ങളിലും പൊലീസ് മുഖം നോക്കാതെയാണ് നടപടിയെടുത്തിരിക്കുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പൊലീസ് കൂടൂതല്‍ കര്‍ശനമായി നടപടികള്‍ സ്വീകരിക്കണമെന്നും യോഗം അഭിപ്രായപെട്ടതായി മുഖ്യമന്ത്രി പറഞ്ഞു.

നാട്ടില്‍ സ്പര്‍ദ്ധയും സംഘര്‍ഷവും വര്‍ദ്ധിക്കാന്‍ സോഷ്യല്‍മീഡിയ വലിയ പങ്ക് വഹിക്കുന്നതായി യോഗം വിലയിരുത്തി. സ്പര്‍ദ്ധ വളര്‍ത്തുന്ന പ്രചാരണങ്ങളും ചിത്രങ്ങളും പോസ്റ്റ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും കക്ഷികള്‍ ശ്രദ്ധയില്‍പെടുത്തി.

ഇത് അക്രമത്തെ തള്ളിപറയുന്നതിനും സമാധാന അന്തരീക്ഷം കൈവരുന്നതിനും സഹായകമാകും. വിവിധ അക്രമങ്ങളില്‍ പങ്കാളികളാകുന്നവര്‍ക്ക് രാഷ്ട്രീയപരമായ ചില ബന്ധങ്ങള്‍ കാണും എന്നാല്‍ ക്രിമിനലുകളെ ക്രിമിനലുകളായി തന്നെ കാണണമെന്നും യോഗം വിലയിരുത്തി. ഒറ്റപെട്ട ചില സ്ഥലങ്ങളില്‍ സംഘടനാസ്വാതന്ത്ര്യം തടയുന്ന സ്ഥിതി ഉണ്ട്. ഇത് അനുവദിക്കാന്‍ ആകില്ല. അത്തരം സ്ഥലങ്ങളില്‍ ജില്ലാ ഭരണകൂടം ഇടപെട്ട് പ്രശ്‌നപരിഹാരം കാണണമെന്നും സര്‍വകക്ഷിയോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News