ജെയ്റ്റ്‌ലിക്ക് ബിജെപിക്കാരന്റെ വീട് സന്ദര്‍ശിക്കാന്‍ മാത്രം സമയം; രാജ്യത്തിന് വേണ്ടി സേവനം അനുഷ്ഠിച്ച അച്ചുദേവിന്റെ കുടുംബത്തിന് അവഗണന; നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തിരുവനന്തപുരം സന്ദര്‍ശിച്ചപ്പോള്‍, അച്ചുദേവിന്റെ വീട് സന്ദര്‍ശിക്കാനോ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനോ സമയം കണ്ടെത്താത്തത് പ്രതിഷേധാര്‍ഹമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

തിരുവനന്തപുരത്ത് കൊല ചെയ്യപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ വീടും പരുക്കേറ്റ ബിജെപിക്കാരേയും സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തിയ മന്ത്രി സൈനികന്റെ കുടുംബത്തോട് കടുത്ത അവഗണനയാണ് കാണിച്ചത്. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഒരു ഡസനിലേറെ കേരളീയരായ സൈനികര്‍ രക്തസാക്ഷികളായിട്ടുണ്ട്. അവരുടെയൊന്നും കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ അരുണ്‍ ജെയ്റ്റ്‌ലി സമയം കണ്ടെത്തിയില്ല.

തിരുവനന്തപുരത്തെ നഗരാതിര്‍ത്തിയ്ക്കിടയിലുള്ള കൊല ചെയ്യപ്പെട്ട സൈനികരുടെ കുടുംബാംഗങ്ങളെ ഇതേവരെ ഈ കേന്ദ്രമന്ത്രി സന്ദര്‍ശിക്കാന്‍ തയ്യാറായില്ല. രാജ്യസുരക്ഷയ്ക്കുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സൈനിക കുടുംബാംഗങ്ങളോട് അവജ്ഞകാണിച്ച കേന്ദ്രമന്ത്രി രാഷ്ട്രീയ പ്രചരണത്തിനു വേണ്ടിയാണ് തന്റെ ഔദ്യോഗിക പദവി ഉപയോഗിച്ചതെന്ന് ഈ സന്ദര്‍ശനം വഴി തെളിയിച്ചിരിക്കുകയാണ്.

കേന്ദ്രമന്ത്രി സന്ദര്‍ശിച്ച ബിജെപി പ്രവര്‍ത്തകന്റെ തൊട്ടടുത്ത വീട്ടിലാണ് ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയ ചെമ്പഴന്തി എസ്എന്‍ കോളേജിലെ എസ്എഫ്‌ഐ നേതാവ് അജയ്യുടെ വീട്. ആ വീട്ടിന് മുന്നിലൂടെ പോയിട്ടും ആ വീട് സന്ദര്‍ശിക്കാന്‍ മന്ത്രി തയ്യാറായില്ല. അക്രമം നടന്ന ഒരു ബിജെപി കൌണ്‍സിലറുടെ വീട് മാത്രം സന്ദര്‍ശിച്ച കേന്ദ്രമന്ത്രി അക്രമത്തിനിരയായ മറ്റ് മൂന്നു കൗണ്‍സിലര്‍മാരുടെ വീട് തിരിഞ്ഞുനോക്കിയില്ല. 21 സിപിഐഎം പ്രവര്‍ത്തകരെ തിരുവനന്തപുരം ജില്ലയില്‍ ഇതിനകം ബിജെപി-ആര്‍എസ്എസ് സംഘം കൊലപ്പെടുത്തിയിട്ടുണ്ട്. അവരില്‍ നിന്ന് വിവരങ്ങള്‍ മനസിലാക്കാന്‍ കൂട്ടാക്കാത്ത കേന്ദ്രമന്ത്രി തികഞ്ഞ രാഷ്ട്രീയ പക്ഷപാതിത്വമാണ് കാണിച്ചതെന്നും കോടിയേരി പറഞ്ഞു.

കൊല ചെയ്യപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ വീട് സംസ്ഥാന മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സന്ദര്‍ശിക്കാന്‍ തയ്യാറായി. അത്തരമൊരു നിലപാട് സ്വീകരിക്കാന്‍ എന്തുകൊണ്ട് കേന്ദ്രമന്ത്രിക്ക് കഴിഞ്ഞില്ല. കേന്ദ്രത്തിലെ മന്ത്രി ബിജെപിക്കാരുടെ മാത്രം മന്ത്രിയെന്ന തരത്തിലുള്ള നടപടി ബിജെപിയുടെ രാഷ്ട്രീയ അല്‍പ്പത്തമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News