കണക്കുകള്‍ കള്ളം പറയില്ലല്ലോ; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അരങ്ങേറുന്ന ക്രൂരകൃത്യങ്ങള്‍ ഇതാ; യുപിയില്‍ 729 കൊലപാതകം 803 ബലാത്സംഗം

ദില്ലി: കേരളത്തിലെ ക്രമസമാധാന നിലയെക്കുറിച്ച് ദേശീയമാധ്യമങ്ങളില്‍ നുണപ്രചാരണം നടത്തുന്ന ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കുറ്റകൃത്യങ്ങളുടെ പറുദീസ. ബിജെപിയുടെ പ്രമുഖനേതാവ് യോഗി ആദിത്യനാഥ് അധികാരമേറ്റ് മാസങ്ങള്‍ക്കുള്ളില്‍ ഉത്തര്‍പ്രദേശില്‍ കുറ്റകൃത്യങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു. രണ്ടുമാസത്തിനുള്ളില്‍ 729 കൊലപാതകവും 803 ബലാത്സംഗക്കേസുമാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി സുരേഷ്‌കുമാര്‍ ഖന്ന യുപി നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ പറയുന്നു.

ഈ കാലയളവില്‍ 2682 തട്ടിക്കൊണ്ടുപോകല്‍ കേസും 799 കവര്‍ച്ചക്കേസും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബിജെപി ഭരിക്കുന്ന സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ മാത്രമേ ഉത്തര്‍പ്രദേശില്‍ സമാധാനം പുലരൂവെന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണറാലികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ അവകാശപ്പെട്ടത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപീകരിച്ച ഹിന്ദുയുവവാഹിനിയാണ് സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.

2010 മുതല്‍ 2017 ജൂലൈ വരെ രാജ്യത്ത് ഗോസംരക്ഷണത്തിന്റെ പേരിലുണ്ടായ ആക്രമണങ്ങളില്‍ 97 ശതമാനവും നടന്നത് 2014 മേയില്‍ നരേന്ദ്രമോഡി അധികാരത്തിലെത്തിയ ശേഷമാണെന്ന് ഇന്ത്യാസ്‌പെന്‍ഡ്. ഓര്‍ഗ് പഠനത്തില്‍ പറയുന്നു. ഗോസംരക്ഷണത്തിന്റെ മറവിലുണ്ടായ 63 അക്രമസംഭവങ്ങളില്‍ 28 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇവരില്‍ 24 പേരും മുസ്‌ളിങ്ങളാണ്. 63 അതിക്രമങ്ങളില്‍ 32 എണ്ണവും നടന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. ഉത്തര്‍പ്രദേശ്, ഹരിയാന, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഗോരക്ഷയുടെ പേരില്‍ ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ അരങ്ങേറിയത്. ഗോരക്ഷയുടെ മറവില്‍ മുസ്‌ളിങ്ങളെയും ദളിതരെയും ലക്ഷ്യമിട്ടുള്ള ആസൂത്രിതമായ അതിക്രമങ്ങള്‍ക്ക് ബിജെപി മന്ത്രിസഭകള്‍ എല്ലാസഹായവും അനുവദിക്കുന്നതായി പ്രതിപക്ഷം ആരോപിക്കുന്നു. മിക്ക കേസിലും പ്രതികളെ പിടികൂടാതെ ആക്രമണത്തിന് ഇരയായവരുടെ പേരില്‍ പശുക്കടത്തിനും മറ്റും കേസെടുക്കുകയാണ് പൊലീസ് ചെയ്യുന്നത്.

ക്രമസമാധാനം കൈകാര്യം ചെയ്യാനെന്ന പേരില്‍ സാധാരണക്കാരെ വെടിവച്ചുകൊന്ന സംഭവങ്ങളും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. മനോഹര്‍ലാല്‍ ഖട്ടര്‍ ഭരിക്കുന്ന ഹരിയാനയില്‍ 2016ല്‍ 22 സാധാരണക്കാരെയാണ് ക്രമസമാധാനപാലനത്തിന്റെ പേരില്‍ പൊലീസ് വെടിവച്ചുകൊന്നത്. മഹാരാഷ്ട്രയില്‍ 11 പേര്‍ പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെടുകയുണ്ടായി. മധ്യപ്രദേശിലും മഹാരാഷ്ട്രയിലും രാജസ്ഥാനിലും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ എണ്ണവും ദിവസംതോറും വര്‍ധിക്കുകയാണ്.

ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ 2015ലെ കണക്ക് പ്രകാരം മധ്യപ്രദേശില്‍ 4391, മഹാരാഷ്ട്രയില്‍ 4144, രാജസ്ഥാനില്‍ 3644 ബലാത്സംഗക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വരും വര്‍ഷങ്ങളിലെ കണക്ക് ഇതിനേക്കാള്‍ ഗുരുതരമായിരിക്കുമെന്നാണ് സൂചന. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രാകൃതമായ നീതിന്യായ സംവിധാനമാണ് നിലനില്‍ക്കുന്നത്. ഇത് അംഗീകരിക്കാതെയാണ് കേരളത്തെ കുറ്റകൃത്യങ്ങളുടെ നാടായി ചിത്രീകരിക്കാനുള്ള ബിജെപിആര്‍എസ്എസ് ശ്രമം. കണക്കുകള്‍ ഉദാഹരിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ നിരവധിപേര്‍ ഇതിനെതിരെ രംഗത്തെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here