വിവാദങ്ങള്‍ക്കിടെ പതിനാലാം കേരള നിയമസഭയുടെ 7ാം സമ്മേളനത്തിന് തുടക്കമായി

തിരുവനന്തപുരം: പതിനാലാം കേരളനിയമസഭയുടെ ഏഴാം സമ്മേളനത്തിനാണ് തുടക്കമായത്. രാഷ്ട്രീയ സംഭവബഹുലമായ സാഹചര്യത്തില്‍ ചേരുന്ന കേരള നിയമ സഭയ്ക്ക് രാഷ്ട്രീയ പ്രധാന്യം ഏറെയാണ്. നിയമനിര്‍മാണങ്ങളാണ് സമ്മേളനകാലത്തിന്റെ പ്രധാന അജണ്ടയെങ്കിലും ഒരു എം എല്‍ എ ജയിലില്‍ കിടക്കുന്നതടക്കമുള്ള സംഭവങ്ങള്‍ നിയമസഭയെ പ്രക്ഷുബ്ദമാക്കും.

കോവളം എല്‍ എല്‍ എ വിന്‍സെന്റാണ് സ്ത്രീപീഡനക്കേസുമായി ബന്ധപ്പെട്ട് അഴിക്കുള്ളിലായത്. വിന്‍സെന്റിനെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന ആരോപണമാകും പ്രതിപക്ഷം ഉയര്‍ത്തുക. നിയമം നിയമത്തിന്റെ വഴിക്ക് എന്ന സന്ദേശമാകും സര്‍ക്കാര്‍ പ്രകടിപ്പിക്കുക. ഇന്ന് തന്നെ വിന്‍സെന്റിന്റെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കുമെന്നതും വിഷയം ശ്രദ്ധേയമാക്കുന്നു.

സി.പി.എമ്മും ബി.ജെ.പി. യും തമ്മിലുള്ള രാഷ്ട്രീയ സംഘട്ടനങ്ങള്‍ ദേശീയതലത്തില്‍ പോലും ചര്‍ച്ചയായതും നിയമസഭയെ ചൂടുപിടിപ്പിക്കും. ഇതു സംബന്ധിച്ച് സഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണം നടത്തുമെന്നാണ് പ്രതീക്ഷ.

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം, സഹകരണ ബാങ്കുകളുടെ ലയനം, ജി.എസ്.ടി. എന്നിവ സംബന്ധിച്ച നിര്‍ണായക ബില്ലുകളാണ് സഭയുടെ പരിഗണനയ്ക്ക് എത്തുന്നത്. കഴിഞ്ഞ സമ്മേളനത്തിന് ശേഷം പുറപ്പെടുവിച്ച 9 ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകളാണ് ഇതില്‍ പ്രധാനം. സമ്മേളനം ആരംഭിക്കുന്ന ആദ്യ ദിവസം തന്നെ കേരള മെഡിക്കല്‍ വിദ്യാഭ്യാസ ബില്ലും കേരള സഹകരണ സംഘങ്ങള്‍ ഭേദഗതി ബില്ലും അവതരിപ്പിക്കും. സഭാനടപടികളില്‍ പ്രതിപക്ഷം പൂര്‍ണമായി സഹകരിച്ച് നിലപാട് വ്യക്തമാക്കാനാണ് സാധ്യത. 24ാം തിയതിയാണ് സമ്മേളനം അവസാനിക്കുന്നത്.

സ്വാശ്രയ പ്രവേശനത്തിനായി കൊണ്ടുവന്ന ഓര്‍ഡിനന്‍സിലെ പാകപിഴകള്‍ ചൂണ്ടികാട്ടി പ്രതിപക്ഷം ആഞ്ഞടിക്കും. സമീപകാലത്തെ സ്ത്രീ പീഡന സംഭവങ്ങളില്‍ പൊലീസ് സ്വീകരിച്ച നിലപാടുകള്‍ ചൂണ്ടികാട്ടിയാവും ഭരണപക്ഷം പ്രത്യാക്രമണം നടത്തുക. പ്രതിപക്ഷത്തെ പ്രമുഖ എം എല്‍ എ സ്ത്രീ പീഢനകേസില്‍ ജയിലായത് ചൂണ്ടികാട്ടി ഭരണപക്ഷം പ്രതിരോധം തീര്‍ക്കുമ്പോള്‍ പ്രതിപക്ഷം വിയര്‍ക്കുമെന്നത് ഉറപ്പാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel