കായിക കേരളത്തിന് ആഹ്ളാദം; ശ്രീശാന്തിന്റെ വിലക്ക് നീക്കി

കൊച്ചി: കോഴവിവാദത്തില്‍ നിന്ന് ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് പൂര്‍ണമോചനം. അന്താരാഷ്ട്രാ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള വിലക്ക് ഹൈക്കോടതി നീക്കി. ബി സി സി ഐ വിലക്ക് നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി.

വിലക്കിന് ആധാരമായ കാരണം തന്നെ നിലനില്‍ക്കുന്നില്ലെന്ന് ഹൈക്കോടതി ചൂണ്ടികാട്ടി. പിന്നെ എന്തുകൊണ്ടാണ് ബി സി സി ഐ വിലക്ക് തുടരുന്നതെന്നും കോടതി ചോദിച്ചു. ശ്രീശാന്തിന് സ്വാഭാവിക നീതി ലഭിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് കോടതി വിലക്ക് നീക്കിയത്.

നേരത്തെ ശ്രീശാന്തടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ പട്യാല ഹൗസ് കോടതി കേസ് തന്നെ തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ ബി സി സി ഐ വിലക്ക് പിന്‍വലിക്കാന്‍ തയ്യാറായിരുന്നില്ല. ഇതോടെ അപേക്ഷയുമായി ക്രിക്കറ്റ് ഭരണസമിതകളുടെ മുന്നില്‍ ശ്രീശാന്ത് എത്തിയിരുന്നെങ്കിലും ബി സി സി ഐ കനിഞ്ഞിരുന്നില്ല. ഇതോടെയാണ് ശ്രീ കേരള ഹൈക്കോടതിയെ സമീപിച്ചത്.

2013 ഐ.പി.എല്‍ സീസണില്‍ വാതുവെപ്പു സംഘങ്ങളുമായി ചേര്‍ന്ന് ഒത്തുകളിച്ചുവെന്നാരോപിച്ച് രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചാന്‍ഡില  എന്നിവരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവര്‍ക്കെതിരെ ഉന്നയിച്ച കുറ്റങ്ങള്‍ക്ക് തെളിവില്ലെന്ന് കണ്ടെത്തി കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു.

ഇന്ത്യക്കായി കളിക്കുന്ന രണ്ടാമത്തെ മലയാളിയായ ശ്രീശാന്ത്  27 ടെസ്റ്റുകളില്‍ നിന്ന് 87 വിക്കറ്റും 53 ഏകദിനങ്ങളില്‍ നിന്ന് 75 വിക്കറ്റും പത്ത് ടിട്വന്റിയില്‍ നിന്ന് ഏഴു വിക്കറ്റും നേടിയിട്ടുണ്ട്. ഇന്ത്യ വിജയിച്ച 2011ലെ ലോകകപ്പിലും 2007ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ടി ട്വന്റി ലോകകപ്പിലും ശ്രീശാന്ത് ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. ടി ട്വന്റി ലോകകപ്പില്‍ പാകിസ്താനെതിരായ ഫൈനലില്‍ അവസാന ക്യാച്ചെടുത്തതതോടെയാണ് ശ്രീശാന്ത് താരമായി വളര്‍ന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here