നാല്‍പതു കൊല്ലം മുമ്പൊരു കല്യാണം; എഴുതിത്തയ്യാറാക്കിയ ക്ഷണക്കത്ത്; 4000 രൂപ ചെലവ്; വരന് ഖദര്‍ ഷര്‍ട്ട്, വളര്‍ന്ന മുടി; അമ്പതോളം അതിഥികളും

വിവാഹത്തിന്റെ നാല്പതാം വാര്‍ഷികത്തില്‍ ഈ കഥ പറയുന്നത് പഴയ വരന്‍ ഡോ. ബി. ഇക്ബാല്‍.

‘മെഹറുന്നിസയുടെയും എന്റെയും വിവാഹം കഴിഞ്ഞിട്ട് ഇന്ന് (ആഗസ്റ്റ് 7) നാല്പത് വര്‍ഷമാവുന്നു. കല്യാണാലോചനയും വിവാഹവും തികച്ചും നാട്ടു നടപ്പനുസരിച്ചാണ് നടന്നത്.

‘അന്ന് ഞാന്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ന്യൂറോസര്‍ജറി ട്യൂട്ടര്‍. മെഹര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഹൌസ് സര്‍ജന്‍. മെഹറിന്റെ സഹോദരന്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ അന്ന് ഓര്‍ത്തോപീഡിക് സ് ട്യൂട്ടറായിരുന്ന ഫസില്‍ ഞങ്ങളുടെ സുഹൃത്ത് ബയോകെമിസ്റ്റ്രിയിലെ മേനോന്‍ (ഉച്ചത്തില്‍ സംസാരിക്കുന്നത് കൊണ്ട് ഞങ്ങള്‍ മൈക്ക് മേനോന്‍ എന്ന് വിളിച്ചിരുന്നു) വഴി കൊണ്ടുവന്ന വിവാഹാലോചന.

‘അക്കാലത്ത് അടിയന്തിരാവസ്ഥക്കെതിരെ ഒളിപ്രവര്‍ത്തനവും മറ്റുമായി നടന്ന എന്നെ സഹോദരിയുടെ ഭര്‍ത്താവാക്കാന്‍ പുരോഗമനക്കാരനൊന്നുമല്ലാത്ത ഫസില്‍ തീരുമാനിച്ചതെന്തുകൊണ്ടെന്ന് ഇപ്പോഴും ഞാന്‍ അത്ഭുതപ്പെടാറുണ്ട്.

‘മെഹറിനെ മെഡിക്കല്‍ കോളേജ് വനിതാ ഹോസ്റ്റലില്‍ പോയി കാണുന്നു. തുടര്‍ന്ന് ബന്ധുക്കളുടെ തലത്തില്‍ ആലോചന. മെഹറിന്റെ വീട് നാവായിക്കുളത്തായത് കൊണ്ട് വര്‍ക്കല റോട്ടറിക്ലബില്‍ വച്ചായിരുന്നു വിവാഹം. സെഷ്യല്‍ മാര്യേജ് ആക്ട് തുടങ്ങിയ പുരോഗമന പരിപാടികളൊന്നുമില്ലാത്ത വിപ്ലവകരമൊന്നുമല്ലാത്ത തികച്ചും യാഥാസ്ഥിതിക വിവാഹം.

‘ബന്ധുക്കളും സുഹൃത്തുക്കളുമായി അന്‍പതോളം പേര്‍ പങ്കെടുത്തു. പിറ്റേദിവസം ചങ്ങനാശേരി വീട്ടില്‍ വച്ച് എന്റെ അമ്മ (അമ്മച്ച) പാചകം ചെയ്ത പത്തിരിയും കോഴിയിറച്ചിയും ഞങ്ങളുടെ അയല്‍ പക്കത്തെ അമ്മച്ചായെപൊലെ എനിക്ക് പ്രിയപ്പെട്ട മറിയക്കുട്ടിയുടെ താറാവിറച്ചിയും ഏതാനും അടുത്ത സുഹൃത്തുക്കള്‍ക്ക്.

‘ഖദര്‍ ഷര്‍ട്ടും മുണ്ടുമായിരുന്നു വരന്റെ വേഷം. (അക്കാലത്ത് ഞാന്‍ ഖദറായിരുന്ന ധരിച്ചിരുന്നത്. ഒരല്പം ഗാന്ധിയന്‍ മാര്‍ക്‌സിസ്റ്റ് ലൈന്‍. പിന്നീട് എന്റെ കമ്മ്യൂണിസ്റ്റ് സുഹൃത്തുകളുടെ നിര്‍ബന്ധത്തിന് വഴങ്ങി ഖദര്‍ ഉപേക്ഷിച്ചു. മെഡിക്കല്‍ കോളേജിലെ പഠനകാലത്ത് തിരുവനന്തപുരത്ത് പ്രസ്സ്‌ക്ലബിനടുത്തുള്ള കോപ്പറേറ്റീവ് ഹോം ലോഡ്ജിലെ (ഇപ്പോഴത് പൊളിച്ചു) താമസക്കാലത്ത് അന്നവിടെ താമസിച്ചിരുന്ന കോണ്‍ഗ്രസ്സ് നേതാക്കളായ പി സി ചാക്കോ, ജി ബാലചന്ദ്രന്‍ തുടങ്ങിയവര്‍ എന്റെ ഖദര്‍ വസ്ത്രങ്ങള്‍ കടം വാങ്ങി ധരിച്ചിരുന്നു.).

‘വിവാഹ ഫോട്ടോ നോക്കുമ്പോള്‍ തലമുടിയൊക്കെ വെട്ടി അല്പം കൂടി വൃത്തിയായി വരേണ്ടതായിരുന്നു എന്ന് തോന്നി. വിവാഹക്ഷണക്കത്ത് എന്റെ പ്രിയസുഹൃത്ത് (ഇപ്പോള്‍ അമേരിക്കയില്‍ ഗാസ്‌റ്റ്രോ എന്ററോളജിസ്റ്റ്) സോവി ജോസഫാണ് എഴുതിയത്. (എന്റെ കയക്ഷരം അന്നും ഇന്നും ഭീകരം). മെഹറിന് വാങ്ങിയ കല്യാണ സാരിയടക്കം മൊത്തം ചെലവ് 4312 രൂപ 60 പൈസ.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News