ആര്‍എസ്എസിനെ ഭയമില്ലെന്ന് മുഖ്യമന്ത്രി പിണറായി; അവര്‍ നുണപ്രചാരണം നടത്തുന്നതില്‍ ചാമ്പ്യന്‍മാര്‍; മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ശക്തമായ ക്രമസമാധാനനില

തിരുവനന്തപുരം: രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ശക്തമായ ക്രമസമാധാനനിലയാണ് കേരളത്തിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം ആക്രമങ്ങളുടെ നാടാണെന്ന ആര്‍എസ്എസ്-ബിജെപി വാദങ്ങള്‍ രാഷ്ട്രീയ ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും മുഖ്യമന്ത്രി എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ആര്‍എസ്എസിനെ ഭയമില്ലെന്നും നുണ പ്രചാരണം നടത്തുന്നതില്‍ ചാമ്പ്യന്‍മാരാണ് അവരെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിന്റെ അജണ്ടയെക്കുറിച്ച് ജനങ്ങള്‍ക്ക് ബോധമുണ്ടെന്നും വ്യാജപ്രചാരണങ്ങളെ അവര്‍ തള്ളുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെതുമായി ബന്ധപെട്ട് സംസ്ഥാനസര്‍ക്കാര്‍ എല്ലാവിധ നടപടികളും കൃത്യസമയത്ത് കൈകൊണ്ടിട്ടുണ്ട്. അക്രമസംഭവങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞദിവസം സര്‍വകക്ഷിയോഗം സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്തു. കേരളത്തില്‍ സമാധാനം ഉറപ്പുവരുത്തുന്നത്തിനുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് യോഗം പിന്തുണ പ്രഖ്യാപിക്കുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശത്രുരാജ്യത്തോട് പെരുമാറുന്നതു പോലെയാണ് സിപിഐഎമ്മിന്റെ പെരുമാറ്റമെന്ന അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രസ്താവന രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ്. സിപിഐഎമ്മിനെതിരെ പ്രവര്‍ത്തിക്കാന്‍ ബിജെപിക്ക് കോണ്‍ഗ്രസിന്റെ പിന്തുണയുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here