കുരുന്നുകള്‍ ബ്‌ളൂവെയിലിന്റെ പിടിയിലേക്ക്; സംസ്ഥാനത്ത് ബോധവത്ക്കരണം ആരംഭിച്ചു

‘ബ്‌ളൂവെയില്‍ ചലഞ്ച്’ കമ്പ്യൂട്ടര്‍ ഗെയിമിന്റെ ഭീകരതയില്‍ നിന്നും പുതിയ തലമുറയെ രക്ഷിയ്ക്കാന്‍ കൊല്ലം റൂറല്‍ പോലീസ് ബോധവത്കരണം തുടങ്ങി. ലോകത്താകമാനം നിരവധി ആളുകളുടെ മരണത്തിന് ഇടയാക്കിയ കമ്പ്യൂട്ടര്‍ ഗെയിമിന്റെ പ്രതിഫലനം കേരളത്തിലും എത്തിയതോടെ സംസ്ഥാന പൊലീസ് ഉണര്‍ന്നതിന്റെ ഭാഗമായുള്ള ആദ്യ ബോധവത്കരണ പരിപാടിയായിരുന്നു ഇത്.

മഹാരാഷ്ട്ര അന്ധേരി ഷേര്‍ ഇ പഞ്ചാബ് മേഖലയിലെ കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്നും ഒന്‍പതാം ക്‌ളാസ് വിദ്യാര്‍ത്ഥി ചാടി മരിച്ചതോടെയാണ് ബ്‌ളൂവെയില്‍ ചലഞ്ചിന്റെ ഭീകരത കൂടുതല്‍ വെളിവായത്. കേരളത്തിലും കുട്ടികള്‍ പരസ്യമായും രഹസ്യമായും ബ്ലൂവെയില്‍ ഗെയിമിന്റെ അടിമയായി എന്ന സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് ബോധവല്‍ക്കരണം ലക്ഷ്യമിട്ട് രംഗത്തിറങിയത്.

കൊട്ടാരക്കരയില്‍ സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയില്‍ റൂറല്‍ ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാരും ഹൈസ്‌കൂള്‍ അദ്ധ്യാപകരും പങ്കെടുത്തു. റൂറല്‍ എസ്.പി ബി. അശോകന്‍ ക്‌ളാസെടുത്തു.

കളിയ്ക്കുന്നവരെ അവസാന ഘട്ടത്തില്‍ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നതാണ് ഗെയിം. രണ്ടായിരത്തിലധികം ആളുകളാണ് കേരളത്തില്‍ ഈ അപകട ഗെയിം ഡൗണ്‍ലോഡ് ചെയ്ത് കളിയ്ക്കുന്നതെന്നാണ് കണ്ടെത്തിയത്. ഇതിന്റെ പ്രാഥമിക വിവരങ്ങള്‍ കിട്ടിയപ്പോള്‍ മുതല്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ കൂടി പൊലീസ് സൈബര്‍ ഡോമിന്റെ നേതൃത്വത്തില്‍ ബോധവത്കരണം തുടങ്ങിയിരുന്നു.

ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ബോധവത്കരണ ക്‌ളാസുകളെടുക്കാന്‍ തീരുമാനിച്ചത്. അദ്ധ്യാപകര്‍ക്ക് ബോധവത്കരണം നടത്തി അതുവഴി കുട്ടികളുടെ മനസ്സിലേക്ക് ഇറങ്ങാനാണ് പൊലീസിന്റെ ശ്രമം. രക്ഷകര്‍ത്താക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമൊക്കെയായി തുടര്‍ ദിവസങ്ങളില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും.

സെറബിയന്‍ പ്രോഗ്രാമര്‍ ഫിലിപ്പ് ബുഡെയ്കന്‍ തയ്യാറാക്കിയ ഗെയിമിന് ലോകത്താകമാനം പ്രചാരം ലഭിയ്ക്കുകയും ഇരുന്നൂറിലധികം പേര്‍ ഇതിന്റെ ഫലമായി ആത്മഹത്യ ചെയ്യുകയും ചെയ്തു. ഫിലിപ്പ് ബുഡെയ്കനെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഗെയിം ഇന്റര്‍നെറ്റില്‍ നിന്നും ഒഴിവാക്കുവാന്‍ കഴിഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ട സൈറ്റുകള്‍ ബ്‌ളോക്ക് ചെയ്യാനുള്ള ശ്രമവും പൊലീസ് നടത്തുന്നുണ്ട്.

ഇത് ബ്‌ളോക്ക് ചെയ്താലും സമാന രീതിയിലുള്ള ഗെയിമുകള്‍ വീണ്ടും എത്തുമെന്നതിനാല്‍ ബോധവത്കരണം നടത്തുകയാണ് പ്രധാന പോംവഴിയെന്നാണ് വിലയിരുത്തല്‍. സംസ്ഥാന വ്യാപകമായി ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുവാനാണ് തീരുമാനം. സ്റ്റുഡന്‍സ് പൊലീസിനെയും ഉപയോഗിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel