അഹമ്മദ് പട്ടേലിനെ കൈവിട്ട് ശങ്കര്‍ സിംഗ് വഗേല; പട്ടേലിന് വോട്ട് ചെയ്തില്ലെന്ന് വഗേല; തോല്‍ക്കുന്ന സ്ഥാനാര്‍ത്ഥിക്ക് എന്തിന് വോട്ടു ചെയ്യണം?

ഗുജറാത്തിലെ ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. മത്സരരംഗത്തുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഹമ്മദ് പട്ടേലിന്റെ നില കൂടുതല്‍ പരുങ്ങലിലായി. അഹമ്മദ് പട്ടേലിന് വോട്ട് ചെയ്തിട്ടില്ലെന്ന മുന്‍ പ്രതിപക്ഷ നേതാവ് ശങ്കര്‍ സിങ്ങ് വഗേലയുടെ പ്രസ്താവനയും വിപ്പ് ലംഘിച്ച് ഒരു എന്‍സിപി എംഎല്‍എ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തു എന്ന സൂചനയുമാണ് പട്ടേലിന് തിരിച്ചടിയായത്.

ഒഴിവുള്ള മൂന്ന് സീറ്റുകളില്‍ രണ്ടെണ്ണത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥികളായ അമിത് ഷായ്ക്കും സ്മൃതി ഇറാനിക്കും വിജയം ഉറപ്പ്. മൂന്നാമത്തെ സീറ്റിലേക്കാണ് ഇഞ്ചോടിഞ്ച് പോരാട്ടം. സോണിയാ ഗാന്ധിയുടെ പോളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേലും കോണ്‍ഗ്രസ്സ് വിട്ട് ബിജെപിയില്‍ എത്തിയ ബല്‍വന്ത് സിങ്ങ് രജ്പുത്തും തമ്മിലുള്ള മത്സരമാണ് ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുന്നത്.

ജയിക്കാന്‍ വേണ്ടത് 45 വോട്ടുകള്‍. നിലവിലെ ഗുജറാത്ത് നിയമസഭിലെ അംഗബലം ഇങ്ങനെ. ബിജെപി 121. അമിത് ഷായയ്ക്കും സ്മൃതി ഇറാനിക്കും 45 വോട്ടുകള്‍ വീതം പോയാല്‍ ബാക്കി 31 വോട്ടുകളുണ്ടാകും. മുന്‍ പ്രതിപക്ഷ നേതാവ് ശങ്കര്‍ സിങ്ങ് വഗേല ഉള്‍പ്പെടെ ഇടഞ്ഞു നില്‍ക്കുന്ന ഏഴ് എംഎല്‍എമാരെ മാറ്റി നിര്‍ത്തിയാല്‍ കോണ്‍ഗ്രസ്സിന് ഇപ്പോള്‍ ഉള്ളത് 44 പേരുടെ പിന്തുണ. കോണ്‍ഗ്രസ്സ് ഉറപ്പായും പ്രതീക്ഷിക്കുന്നത് ബംഗളുരുവിലെ റിസോര്‍ട്ടില്‍ താമസിപ്പിച്ച് തിരിച്ചെത്തിച്ച ഈ 44 എംഎല്‍എമാരുടെ വോട്ടുകളാണ്

പിന്നെയുള്ളത് എന്‍സിപിക്ക് രണ്ടും ജെഡിയുവിന് ഒന്നും ഒരു സ്വതന്ത്ര എംഎല്‍എയും. അഹമ്മദ് പട്ടേലിന് വോട്ടു ചെയ്യണമെന്ന് വിപ്പ് നല്‍കിയിരുന്നെങ്കിലും എന്‍സിപി എംഎല്‍എയായ കാന്ധല്‍ ജഡേജ ബിജെപിക്ക് വോട്ട് ചെയ്തതായാണ് സൂചന. വിപ്പ് അനുസരിച്ച് അഹമ്മദ് പട്ടേലിനാണ് വോട്ട് ചെയ്തതെന്ന് മറ്റൊരു എന്‍സിപി എംഎല്‍എയായ ജയന്ത് പട്ടേല്‍ വ്യക്തമാക്കി.

റിസോര്‍ട്ടില്‍ താമസിപ്പിച്ച് തിരിച്ചെത്തിച്ച 44 എംഎല്‍എമാരുടെയും ഒരു എന്‍സിപി വോട്ടും ലഭിച്ചാല്‍ അഹമ്മദ് പട്ടേല്‍ ജയിക്കും. ഒരു വോട്ടു പോലും അസാധുവായാലോ നോട്ടയ്ക്ക് പോയാലോ ഫലം മറിച്ചാകും. കോണ്‍ഗ്രസിന്റെ 44 എംഎല്‍എമാര്‍ക്കിടയില്‍ തന്നെ വോട്ടു ചോര്‍ച്ചയുണ്ടാകുമെന്നാണ് ബിജെപി ആത്മവിശ്വാസം. അതുകൊണ്ട് വൈകുന്നേരം ആറ് മണിക്ക് ഫലം വരുന്നതുവരെ വിജയം ആര്‍ക്കൊപ്പമായിരിക്കും എന്നത് പ്രവചനാതീതമാണ്.

ജനാധിപത്യത്തിന് ഒട്ടും ഭൂഷണമല്ലാത്ത എന്തു വിധേനയും അധികാരം നേടുക എന്ന രാഷ്ട്രീയ തന്ത്രമാണ് അമിത് ഷായുടെയും മോഡിയുടെയും നേതൃത്വത്തിലുള്ള ബിജെപി പയറ്റുന്നത്. അതേസമയം, തന്നെ സ്വന്തം നേതാക്കളെയും സഖ്യകകക്ഷികളെയും പോലും ഒരുമിച്ചു നിര്‍ത്താനുള്ള ത്രാണിയില്ലാത്ത നിലയിലേക്ക് കോണ്‍ഗ്രസ് മാറി എന്നതും ഗുജറാത്ത് രാജ്യസഭ തിരഞ്ഞെടുപ്പ് നല്‍കുന്ന പാഠങ്ങളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News