കുട്ടികള്‍ വായിച്ച് വളരട്ടേ ; കുട്ടികളിലെ വായനാ ശീലം വളര്‍ത്താന്‍

വായിച്ചാലും വളരും വായിച്ചില്ലേലും വളരും, വായിച്ചാല്‍ വിളയും വായിച്ചില്ലേല്‍ വളയും. കുഞ്ഞുണ്ണി മാഷിന്റെ ഈ രണ്ടുവരി കവിത എത്ര അര്‍ത്ഥവത്താണെന്ന് ഇന്നത്തെ തലമുറയെ നിരീക്ഷിച്ചാല്‍ മനസ്സിലാകും.

ലോകം വിരല്‍ത്തുമ്പിലേക്ക് ഒതുങ്ങിയപ്പോള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ പുസ്തകങ്ങളില്‍ നിന്ന് അകന്നു. കേവലം സര്‍ട്ടിഫിക്കറ്റുകളിലേക്ക് മാത്രം ഒതുങ്ങുന്ന അക്കാദമിക് പുസ്തകങ്ങളില്‍ മത്രം വായന അവസാനിക്കുന്നു. ലോകം അറിയാതെ പോകുന്നു.

യഥാര്‍ത്ഥത്തില്‍ ഇത് ഒരു അപകരകരമായ അവസ്ഥയാണ്. ജോലിക്കുപോകുന്ന മാതാപിതാക്കളെ സംബന്ധിച്ച് കുട്ടികളുടെ അവധി പേടിസ്വപ്നമാണ്. ലോകമെങ്ങുമുള്ള രക്ഷിതാക്കള്‍ കുറെക്കാലമായി പറയുന്ന ഒരു പരാതിയുണ്ട്. കുട്ടികള്‍ക്ക് പുസ്തകം വായിക്കാന്‍ താത്പര്യമില്ല.

അവരുടെ വായനാശീലം കുറയുന്നു. അതുകൊണ്ട് അവരുടെ വിജ്ഞാനനിലവാരം വേണ്ടത്ര ഉയരുന്നില്ല. വായനാശീലം വളര്‍ന്നാലേ കുട്ടികളുടെ വിദ്യാഭ്യാസം വിജയിക്കൂ. പക്ഷേ, എങ്ങനെ വായനാശീലം വളര്‍ത്താനാകും? അതിന് നമുക്കും ചിലത് ചെയ്യാനാവും.

എല്ലാ രക്ഷിതാക്കളും ഒരു കാര്യം മനസിലാക്കണം. വായനയ്ക്ക് പകരം വായന മാത്രമേയുള്ളൂ. കമ്പ്യൂട്ടറും ഇന്റര്‍നെറ്റും സി.ഡി.യുമൊക്കെ വിജ്ഞാനസമ്പാദനത്തിന് നല്ലതാണ്. പക്ഷേ, അതൊന്നും പുസ്തകത്തിന് പകരമല്ല.
ഇത് ശ്രദ്ധിക്കുക

1 വായനാശീലം വളരെ ചെറുപ്പത്തില്‍തന്നെ കുട്ടികളില്‍ വളര്‍ത്തുക. കൊച്ചുകുഞ്ഞിന് കളിപ്പാട്ടങ്ങള്‍ വാങ്ങിക്കൊടുക്കുന്ന പ്രായത്തില്‍തന്നെ പുസ്തകങ്ങളും വാങ്ങിക്കൊടുക്കണം.

2 ഒന്നും രണ്ടും വയസുകാര്‍ക്ക് വലിയ ബഹുവര്‍ണചിത്രങ്ങള്‍ മാത്രമുള്ള പുസ്തകങ്ങളാണ് നല്‍കേണ്ടത്. കട്ടിയുള്ള കടലാസിലുള്ളവയായാല്‍ നല്ലത്.

3 ജന്തുക്കളുടെ ചിത്രങ്ങള്‍, പൂക്കളുടെയും പൂമ്പാറ്റകളുടെയും കുഞ്ഞുങ്ങളുടെയും ചിത്രങ്ങള്‍ തുടങ്ങിയവ ആദ്യം കൊടുക്കാം. ഈ പുസ്തകങ്ങളിലൊന്നും അക്ഷരങ്ങള്‍ വേണമെന്നില്ല.

4 കുട്ടിയുടെ പ്രായം കൂടുന്നതനുസരിച്ച് ചിത്രങ്ങളുടെ അളവ് കുറച്ച് വാചകങ്ങളുടെ ശതമാനം കൂട്ടാം.

5 പുസ്തകം വലിച്ചെറിയരുത്. പുസ്തകത്തെ ചവിട്ടരുത്. അങ്ങിനെ പുസ്തകങ്ങളെ ബഹുമാനിക്കാന്‍ കുട്ടികളെ ശീലിപ്പിക്കണം.

6 പുസ്തകം എടുത്ത്, വായിച്ച്, മുതിര്‍ന്നവര്‍ രസിക്കുന്നത് കുഞ്ഞ് നിരന്തരം കാണണം.

7 വായന കഴിഞ്ഞ് പുസ്തകം കേടാകാതെ സൂക്ഷിച്ചുവയ്ക്കണം. ഇതു പലപ്രാവശ്യം ആവര്‍ത്തിക്കുമ്പോള്‍ കുട്ടി പുസ്തകവായന രസിക്കും.

പുസ്തകത്തെ ബഹുമാനിക്കാനും പഠിക്കും. അക്ഷരം പഠിക്കും മുമ്പ് ഇങ്ങനെ പുസ്തകാസ്വാദനം ആരംഭിക്കണം.

8 കുട്ടിയുടെ പുസ്തകങ്ങള്‍ പ്രത്യേകമായി ഭംഗിയുള്ള സഞ്ചിയില്‍വച്ച് സൂക്ഷിക്കാം. പുസ്തകങ്ങള്‍ സഞ്ചിയില്‍ സൂക്ഷിച്ചുവയ്ക്കാനും സഞ്ചി ഒളിച്ചുവയ്ക്കാനും കുട്ടിയെ പ്രേരിപ്പിച്ചാല്‍ മതി.

9 മുന്നും നാലും വയസുകാര്‍ക്ക് വൈവിധ്യമുള്ള വിഷയങ്ങളിലുള്ള പുസ്തകം നല്‍കണം. വേണ്ടത്ര പുസ്തകങ്ങള്‍ കിട്ടുന്നില്ലെങ്കില്‍ നിങ്ങള്‍ക്കുതന്നെ പുസ്തകങ്ങള്‍ ഉണ്ടാക്കാം.

കടലാസു മടക്കി കുത്തിക്കെട്ടിയോ സ്റ്റേപ്പിള്‍ ചെയ്തോ ഏതു വലിപ്പത്തിലുമുള്ള ബുക്കും എളുപ്പം നിങ്ങള്‍ക്കുണ്ടാക്കാം. അത്തരം ബുക്കുകളില്‍ ഏതു വിഷയവുമായി ബന്ധപ്പെട്ട വിവരണവും ചിത്രവും നിങ്ങള്‍ക്കു ചേര്‍ക്കാം.
മറ്റേത് കളികളേയും പോലെ പുസ്തക വായനയും രസകരമാണെന്ന് കണ്ടാല്‍ അവര്‍ സ്വാഭാവികമായും വായനയെയും സ്‌നേഹിക്കും. കുട്ടിയായിരിക്കുമ്പോള്‍ ഒന്ന ശ്രദ്ധിച്ചാല്‍ ഒരു പത്ത് വയസ്സ് ആകുമ്പോഴേക്കും പുസ്തകങ്ങളെ സ്‌നേഹിക്കുന്ന കുട്ടിയായി അവള്‍ മാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News