ഒരു ഗ്രാമം ശവപ്പെട്ടി വില്‍ക്കുകയാണ്; ഇവിടെ മരണം ഇല്ലെങ്കില്‍ ജീവിതമില്ല

കോട്ടയത്ത് മുട്ടുചിറയിലൂടെ കടന്നു പോകുന്നവര്‍ക്ക് ശരിക്കും മുട്ടു വിറക്കും. അതുകൊണ്ട് തന്നെ റോഡിന് ഇരുവശവും നോക്കാതെ കണ്ണടച്ച് പോകുന്നവരാണ് പലരും. പാതയിലേക്ക് തുറന്ന് വെച്ച ഒരു ഡസനോളം ശവപ്പെട്ടിക്കടകളാണ് ഇവിടെ ആളുകളുടെ മുട്ടുവിറപ്പിക്കുന്നത്. മുട്ടു ചിറയുടെ പ്രതാപമെന്ന് പറയുന്നത് ഈ ശവപ്പെട്ടിക്കച്ചവടമാണ്. മരണത്തെക്കുറിച്ച് ഓര്‍ക്കാതെ ഒരാളും മുട്ടു ചിറയിലൂടെ കടന്നു പോവുന്നില്ല എന്ന് തത്വചിന്താപരമായി പറയാം.

ആറന്മുളക്കണ്ണാടി പയ്യന്നൂര്‍ പവിത്രം എന്നെല്ലാം പറയുമ്പോലെ മുട്ടു ചിറയുടെ അടയാളമാകുന്നു ശവപ്പെട്ടികള്‍. കേരളത്തിലെ ഏക ശവപ്പെട്ടി ഗ്രാമമാണ് മുട്ടുചിറ. ഇത്രയധികം ശവപ്പെട്ടിനിര്‍മ്മാതാക്കളും വ്യാപാരികളും തിങ്ങിവിങ്ങി ജീവിക്കുന്ന വേറൊരു സ്ഥലം എവിടെയും എടുത്ത് പറയാനില്ല. അല്‍ഫോണ്‍സാ ശവപ്പെട്ടി, മേരീ മാതാ ശവപ്പെട്ടി, ചെറു പുഷ്പം ശവപ്പെട്ടി എന്നിങ്ങനെ ബോര്‍ഡുകള്‍ വെച്ച് കച്ചവടക്കാര്‍ ഇവിടെ മത്സരമാണ്. വിവിധ വര്‍ണ്ണത്തിലും രൂപത്തിലും അലങ്കാരപ്പണികളിലുമുള്ള ശവപ്പെട്ടികള്‍ നമ്മുടെ കീശയുടെ കനം നോക്കി തെരഞ്ഞെടുക്കാം. പതിനായിരം രൂപ തൊട്ട് ഒരു ലക്ഷം രൂപവരെയുള്ള ശവപ്പെട്ടികളുണ്ട്. പാവപ്പെട്ടവര്‍ക്ക് പാവം മുരുക്കുപെട്ടിയും ലഭ്യമാണ്.

മരണത്തിന്റെ തേങ്ങലുകള്‍ക്ക് നടുവില്‍ മുട്ടുചിറക്കാരുടെ സന്തോഷമെന്ന് പറയുന്നത് ഡിമാന്റ് ഒരിക്കലും കുറയാത്ത ഈ കച്ചവടമാണ്. കേരളത്തിലെ ഏതാണ്ട് എല്ലാ ശവസംസ്‌കാരച്ചടങ്ങുകളിലേക്കും മുട്ടു ചിറയില്‍ നിന്നാണ് ഇന്ന് ശവപ്പെട്ടികള്‍ പോകുന്നത്.

‘ശവപ്പെട്ടിക്കാരന്റെ ചിരി’ എന്ന ക്രൂരമായ ഒരു പ്രയോഗമുണ്ടെങ്കിലും മുട്ടുചിറക്കാരായ ശവപ്പെട്ടിക്കാരെല്ലാം അങ്ങനെ ക്രൂര ചിന്താഗതിക്കാരെന്ന് അര്‍ത്ഥമില്ല. വലിയ ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ ശവപ്പെട്ടികള്‍ കൂട്ടമായി വിറ്റുപോവുമായിരിക്കും. പക്ഷേ സാധാരണ മനുഷ്യരുടെ എല്ലാ വേദനകളോടെയുമാണ് ഇവര്‍ ആ ജോലി ചെയ്യുന്നത്. പലരും ഈ തൊഴിലില്‍ അറിയാതെ വന്നു പെട്ടവരാണ്. വേറെ ജോലിയറിയാത്തവര്‍. വേറെ ജീവിത മാര്‍ഗ്ഗമില്ലാത്തവര്‍. ശവപ്പെട്ടിക്കാരന്‍ എന്ന വിളിപ്പേരിലെ നിരന്തര പരിഹാസം ഉളിപോലെ നെഞ്ചില്‍ത്തറച്ച പലരും വേറെ പൊതുബന്ധങ്ങളില്ലാതെയാണ് ജീവിക്കുന്നത്. ശവപ്പെട്ടിക്കാരെ കാണുന്നത് തന്നെ ദുര്‍ലക്ഷണമായി കരുതുന്നവര്‍ക്ക് വിവാഹം പോലുള്ള ശുഭകാര്യങ്ങലിലൊന്നും ഇത്തരക്കാരെ പ്രതീക്ഷിക്കാനേ ആവില്ല. ശവപ്പെട്ടിക്കാരുടെ കുടുംബത്തിലേക്കും വിവാഹാലോചനകളൊന്നും വരുന്നില്ലെന്ന ചില ദുഖസത്യങ്ങളുമുണ്ട്.

ഏതാണ്ട് രണ്ട് നൂറ്റാണ്ട് മുമ്പ് തന്നെ ‘മുട്ടുചിറ ശവപ്പെട്ടി’ പേരുകേട്ടിരുന്നു. ഗ്രാമത്തിലെ പാണക്കുഴി കുടുംബത്തിലെ തുരുമ്പന്‍ കുര്യാക്കോയായിരുന്നു ഇവിടുത്തെ ആദ്യത്തെ ശവപ്പെട്ടിക്കാരന്‍. എവിടെ നിന്നാണ്, എങ്ങനെയാണ് ശവപ്പെട്ടിയുണ്ടാക്കുന്ന വിദ്യ കുര്യാക്കോ പഠിച്ചതെന്ന കാര്യം ആര്‍ക്കും അറിയില്ല. ഇപ്പോള്‍ വര്‍ഷത്തില്‍ അരലക്ഷത്തിലധികം ശവപ്പെട്ടികള്‍ ഇവിടെ നിന്ന് ലോറി കേറിപ്പോവുന്നു. മുമ്പൊക്കെ ക്രിസ്ത്യാനികള്‍ മാത്രമേ ശവപ്പെട്ടികളുടെ ആവശ്യക്കാരായിരുന്നുള്ളൂ. ഇന്ന് എല്ലാ മതസ്ഥരും ശവപ്പെട്ടി ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് എണ്ണം കൂടിയതെന്ന് കച്ചവടക്കാര്‍ പറയുന്നു. ശവപ്പെട്ടിയിലും ഓരോ കാലത്തിറങ്ങുന്ന ട്രെന്‍ഡുകള്‍ക്കാണ് മുന്‍ തൂക്കം.

ശവപ്പെട്ടിയുടെ പേരില്‍ ഈ നാടിനെ അധിക്ഷേപിക്കുന്നുവെന്ന് കരുതി പല കച്ചവടക്കാരും ഇപ്പോള്‍ മാധ്യമങ്ങളോട് വിമുഖരാണ്. അപമാനം തുടര്‍ക്കഥയായപ്പോള്‍ ജോലി നിര്‍ത്തി പോയവരുമുണ്ട്. മനുഷ്യര്‍ക്ക് ജീവിച്ചിരിക്കുമ്പോള്‍ മേശയും കസേരയും കട്ടിലുമൊക്കെ പണിയുന്നത് പോലെയാണ് മരണത്തിന് ശവപ്പെട്ടിയും പണിയുന്നത്. ചിന്തയ്ക്ക് അത്ര വിശാലതയും പുരോഗമനവും ഇല്ലാത്തവരാണ് ഇപ്പോള്‍ ശവപ്പെട്ടിക്കാരോട് മുഖം തിരിക്കുന്നത്. മുട്ടുചിറയിലെ ശവപ്പെട്ടി ഗ്രാമത്തിലൂടെ കേരളാ എക്‌സ്പ്രസ് നടത്തിയ യാത്ര ഇവിടെ വിശദമായി കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News