മാഡം കെട്ടുകഥയല്ലെന്ന് പള്‍സര്‍ സുനി; ‘ഇക്കാര്യം വിഐപി വെളിപ്പെടുത്തിയില്ലെങ്കില്‍ ഞാന്‍ പറയും’

തൃശൂര്‍: നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പള്‍സര്‍ സുനി. കേസില്‍ മാഡം കെട്ടുകഥയല്ലെന്നും സിനിമാ രംഗത്ത് നിന്നുള്ള ആളാണെന്നും സുനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മാഡം ആരാണെന്ന് വിഐപി വെളിപ്പെടുത്തിയില്ലെങ്കില്‍ 16-ാം തീയതി താന്‍ തന്നെ പറയുമെന്നും സുനി വ്യക്തമാക്കി.

ബൈക്ക് മോഷണക്കേസുമായി ബന്ധപ്പെട്ട് കുന്നംകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴായിരുന്നു സുനിയുടെ പ്രതികരണം.

കേസില്‍ ചില വമ്പന്‍ സ്രാവുകള്‍ക്ക് പങ്കുണ്ടെന്ന് നേരത്തെ സുനി വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷമാണ് ദിലീപ് അറസ്റ്റിലായത്. പിന്നീട് നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് മാഡത്തിന് വേണ്ടിയാണെന്നും സുനി വെളിപ്പെടുത്തി. മാഡം ആരാണെന്ന ഉത്തരത്തിനായി ദിലീപിന്റെ ഭാര്യ കാവ്യമാധവനെയും ഭാര്യാ മാതാവ് ശ്യാമളെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.

കേസുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ഒരു സ്ത്രീയുടെ പങ്കും ഉയര്‍ന്ന് കേട്ടിരുന്നു. അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. പള്‍സര്‍ സുനിയ്ക്ക് കീഴടങ്ങാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് സുനിയുടെ രണ്ട് സുഹൃത്തുക്കള്‍ തന്നെ സമീപിച്ചിരുന്നതായി ഫെനി ബാലകൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു. മാവേലിക്കര കോടതിയില്‍ കീഴടങ്ങാന്‍ സൗകര്യമൊരുക്കാമെന്ന് അവരെ അറിയിച്ചപ്പോള്‍ അത് ‘മാഡ’ത്തിനോട് ചോദിച്ച ശേഷം അറിയിക്കാം എന്നാണ് അവര്‍ പറഞ്ഞതെന്നും ഫെനി സൂചിപ്പിച്ചിരുന്നു. ഇതോടെയാണ് ‘മാഡം’ എന്ന കഥാപാത്രം കേസിലേക്ക് എത്തിയത്.

എന്നാല്‍ മാഡം സുനിയുടെ വെറും ഭാവനാസൃഷ്ടിയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന്റെ വഴി തിരിച്ചുവിടാനാണ് മാഡം പരാമര്‍ശത്തിലൂടെ സുനി ശ്രമിക്കുന്നതെന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News