കൊച്ചി: മെഡിക്കല്‍ കോഴയ്ക്ക് പിന്നാലെ ജന്‍ ഔഷധി ശാലയുടെ പേരിലും ബിജെപി നേതാക്കളുടെ വെട്ടിപ്പ്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ ചെയര്‍മാനായി സൈന്‍ എന്ന സംഘടന രൂപീകരിച്ചാണ് തട്ടിപ്പ് നടത്തുന്നത്. അപേക്ഷകരെ തെറ്റിദ്ധരിപ്പിച്ച് ഫര്‍ണീഷിംഗിനും മറ്റുമായി ലക്ഷങ്ങളാണ് വാങ്ങുന്നത്. കോണ്‍ഗ്രസ് നേതാവ് അഡ്വ. ദിലീഷ് ജോണ്‍ എന്നയാളുടെ പരാതിയില്‍ സിബിഐ പ്രാഥമിക അന്വേഷണം ആരംഭിച്ചു.

പാവപ്പെട്ടവര്‍ക്ക് 50 ശതമാനം വിലക്കിഴിവില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറുകള്‍ ആരംഭിച്ചത്. ഇതിന്റെ മറവില്‍ കേരളത്തില്‍ സൊസൈറ്റി ഫോര്‍ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് നേഷന്‍, സൈന്‍ എന്ന സംഘടന രൂപീകരിച്ച് തട്ടിപ്പ് നടത്തുന്നതായി പരാതി നല്‍കിയിരിക്കുന്നത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ ചെയര്‍മാനായ ഈ സംഘടന കോടികള്‍ തട്ടുന്നുവെന്ന് ആരോപിച്ച് അഡ്വ. ദിലീഷ് ജോണ്‍ എന്നയാള്‍ കൊച്ചി സിബിഐ യൂണിറ്റിന് പരാതി നല്‍കിയത്. പരാതിയില്‍ സിബിഐ പ്രാഥമിക അന്വേഷണം തുടങ്ങി. കോടികളുടെ തട്ടിപ്പാണ് ഇതിന് പിന്നില്‍ നടക്കുന്നതെന്ന് പരാതിക്കാരന്‍ ആരോപിച്ചു.

108 ജന്‍ ഔഷധി സ്റ്റോറുകള്‍ തുടങ്ങാനുളള അംഗീകാരം നേടിയെടുത്താണ് സംസ്ഥാനത്ത് വ്യാപക തട്ടിപ്പ് നടക്കുന്നത്. 22 സ്റ്റോറുകള്‍ ഇപ്പോള്‍ വിവിധയിടങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്. 10 ഓളം സ്റ്റോറുകള്‍ വരുംമാസങ്ങളില്‍ ആരംഭിക്കുകയും ചെയ്യും. പദ്ധതി അനുവദിച്ച് കിട്ടാന്‍ 100 രൂപയുടെ മുദ്രപത്രം മാത്രം വേണ്ടിയിരിക്കെ, 2000 രൂപയാണ് സൈന്‍ വാങ്ങുന്നത്. മാത്രമല്ല, യൂണിഫോമല്‍ ഫര്‍ണീഷിംഗ് വേണമെന്ന് തെറ്റിദ്ധരിപ്പിച്ച് അലമാരികളും മറ്റും നിര്‍മ്മിക്കാന്‍ മൂന്നരലക്ഷം വരെ വാങ്ങുകയും ചെയ്യുന്നു. ഇത്തരത്തില്‍ പണം നല്‍കിയതായി ചിലര്‍ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ബ്യൂറോ ഓഫ് ഫാര്‍മ പബ്ലിക് സെക്ടര്‍ അണ്ടര്‍ടേക്കിംഗ്‌സ് ഓഫ് ഇന്ത്യ ബിപിപിഐയില്‍ അപേക്ഷ നല്‍കിയാണ് 108 ഔഷധി ശാലകള്‍ നിര്‍മ്മിക്കാന്‍ സൈന്‍ അനുമതി തേടിയത്. സര്‍ക്കാര്‍ അക്കൗണ്ടാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇടപ്പളളിയിലെ ഫെഡറല്‍ ബാങ്കിലേക്കാണ് പണം അടപ്പിക്കുന്നതും. കൂടാതെ വാര്‍ഷിക വരുമാനത്തിന്റെ രണ്ട് ശതമാനം സൊസൈറ്റിക്ക് നല്‍കണമെന്നും ഇവര്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. കേന്ദ്രപദ്ധതി വിപുലീകരിക്കാന്‍ എന്ന പേരിലാണ് സംസ്ഥാന ബിജെപി നേതാക്കള്‍ ഇത്തരത്തില്‍ കടലാസ് സംഘനകള്‍ സ്ഥാപിച്ച് വന്‍ തട്ടിപ്പ് നടത്തുന്നത്.