ജേക്കബ് തോമസിനെതിരെ സിഎജി റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഐഎംജി ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ സിഎജി റിപ്പോര്‍ട്ട്. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ വകുപ്പ് ആസ്ഥാന നിര്‍മ്മാണത്തില്‍ ക്രമക്കേടുകള്‍ കാണിച്ചെന്നാണ് സിഎജി കണ്ടെത്തല്‍. കെട്ടിട നിര്‍മാണത്തിന് കോര്‍പറേഷന്റെ അനുമതി വാങ്ങിയിരുന്നില്ലെന്നും സിഎജി കണ്ടെത്തി.

2009 മുതൽ 2014 വരെ തുറമുഖ ഡയറക്ടറായിരുന്നപ്പോൾ ജേക്കബ് തോമസ് നടത്തിയ പ്രവർത്തനങ്ങളിലാണ് സിഎജി ക്രമക്കേട് കണ്ടെത്തിയത്. പ്രധാനമായും തിരുവനന്തപുരം വലിയതുറയിൽ തുറമുഖ ഡയറക്ട്രേറ്റിനുള്ള കെട്ടിട നിർമ്മാണത്തിൽ നഗരസഭാ സെക്രട്ടറിയുടെ അനുമതി തുറമുഖ ഡയറക്ടർ വാങ്ങിയില്ലെന്നാണ് സിഎജി  ഓഡിറ്റിൽ വിമർശിച്ചു. ഇതു കാരണം 2.4 ലക്ഷം രൂപയാണ് നഷ്ടമുണ്ടായത്. PWD മാനുവൽ പ്രകാരമുള്ള ശരിയായ പ്രായോഗികതാ പഠനം നടത്താതെയാണ് സ്ഥലം തെരഞ്ഞെടുത്തതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിന്‍റെ ഫലമായി 1.93 കോടി ചെലവിട്ട് നിർമ്മിച്ച ഡയറക്ട്രേറ്റ് കെട്ടിടം ഇപ്പോൾ നശിച്ചു കൊണ്ടിരിക്കുകയാണ്.

ഡയറക്ട്രേറ്റിലും തുറമുഖ കാര്യാലയങ്ങളിലും സൗരോർജ്ജ പാനൽ സ്ഥാപിച്ചതിലും സിഎജി  ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. 82 ലക്ഷം ചെലവിട്ട് 11 തുറമുഖ സ്ഥാപനങ്ങളിൽ സ്ഥാപിച്ച 11 സൗരോർജ്ജ പാനലുകളിൽ 9ഉം പ്രവർത്തനക്ഷമമായിട്ടില്ല. വലിയതുറ, വഴിഞ്ഞം, അഴീക്കൽ, ബേപ്പൂർ, എന്നീ 4 തുറമുഖങ്ങളിൽ പാനൽ സ്ഥാപിക്കുന്നതിനു വേണ്ടി നൽകിയ 35 ലക്ഷം വകമാറ്റിയതായും സിഎജി  വിമർശിക്കുന്നു.
കൊടുങ്ങല്ലൂരിൽ സിഗ്നൽ സ്റ്റേഷനു പകരം നിർമിച്ചത് കോൺഫറൻസ് ഹാളായിരുന്നു. 56.21 ലക്ഷത്തിന്‍റെ കരാർ കിറ്റ് കോയെ ഏല്പിച്ചതും സർക്കാരിനെ അറിയിക്കാതെയാണ്. സർക്കാരിനെ തെറ്റായ വസ്തുത കാട്ടി തുറമുഖ ഡയറക്ടർ വഴി തെറ്റിച്ചെന്നും സിഎജി. അനെർട്ടിൽ നിന്ന് സാക്ഷ്യപത്രം വാങ്ങാത്തതിനാൽ ഉപകരണങ്ങളുടെ ഗുണ നിലവാരം ഉറപ്പാക്കാനായില്ലെന്നും സിഎജി  വ്യക്തമാക്കുന്നു. ഇതോടെ ധനകാര്യ പരിശോധനാ വിഭാഗത്തിന്‍റെ  റിപ്പോർട്ടാണ് സിഎജി  ശരിവയ്ക്കുന്നത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News