തിരുവനന്തപുരം: ബിജെപി സംസ്ഥാനനേതൃത്വത്തെ പ്രതികൂട്ടിലാക്കിയ മെഡിക്കല്‍കോളേജ് കോഴ അഴിമതി സംബന്ധിച്ചുള്ള അന്വേഷണത്തില്‍ വിജിലന്‍സിന് മുന്നില്‍ ബിജെപി നേതാക്കള്‍ ഇന്ന് ഹാജരാകില്ല. വിജിലിന്‍സിന് മുന്നില്‍ ഇന്ന് ഹാജരാകുമെന്നറിയിച്ചങ്കിലും ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനപ്രകാരം ബിജെപി വൈസ് പ്രസിഡന്റ് കെ.പി.ശ്രീശന്‍, സംസ്ഥാന സെക്രട്ടറി എ.കെ.നസീര്‍ എന്നിവര്‍ അസൗകര്യംമൂലം മൊഴി നല്‍കാന്‍ എത്തില്ലെന്ന് അറിയിക്കുകയായിരുന്നു.

എന്നാല്‍ അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നാണ് വിജിലന്‍സിന്റെ വിലയിരുത്തല്‍. അതേസമയം, ഈ മാസം 22ന് ഹാജരാകണമെന്നും ഇനിയൊരു അവധി നല്‍കില്ലെന്നും വിജിലന്‍സ് ഇവരെ അറിയിച്ചിട്ടുണ്ട്.

ഇന്ന് ഹാജരാകാനിരുന്ന ഇവരെ കുമ്മനം രാജശേഖരന്റെ ആവശ്യപ്രകാരം എല്ലാവരും ചേര്‍ന്ന് ചര്‍ച്ച ചെയ്തതിന് ശേഷം ഹാജരായാല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. ഇതിനിടെ ബിജെപി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ഈ മാസം 21നും സതീഷ് നായരെ 24നും വിജിലന്‍സിന് മുന്നില്‍ ഹാജരായി മൊഴി നല്‍കണമെന്ന് കാട്ടി വിജിലന്‍സ് നോട്ടീസ് അയച്ചിരിക്കുകയാണ്.

അഴിമതിയുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ വിശദീകരിക്കരുതെന്നും അഴിമതി ആര്‍എസ് വിനോദിന്റെ തലയില്‍ മാത്രം കെട്ടിവച്ചാല്‍ മതിയെന്നും എ.കെ നസീറിനും, കെ.പി ശ്രീശനും നേരത്തെതന്നെ നേതാക്കളുടെ നിര്‍ദ്ദേശമുണ്ടായിരുന്നു. കോളേജ് ഉടമ ഷാജി പണം നല്‍കിയത് വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സിക്കാണ്, മറ്റ് പണമിടപാട് നടന്നിട്ടില്ല,സതീഷ് നായര്‍ക്ക് പണം നല്‍കിയതും കണ്‍സല്‍ട്ടന്‍സി എന്ന നിലയിലാണ് തുടങ്ങിയ കാര്യങ്ങളും മൊഴി നല്‍കണമെന്നും ഇവരോട് നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ നേതാക്കള്‍ പറഞ്ഞ കാര്യങ്ങളാകും കെ.പി.ശ്രീശനും എ.കെ.നസീറും വരും ദിവസങ്ങളില്‍ വിജിലന്‍സിന് മൊഴിയായി നല്‍കുക.