പോകാം, ഉയരങ്ങളിലെ സ്വര്‍ഗത്തിലേക്ക്; മേഘങ്ങള്‍ക്ക് മുകളില്‍ മഞ്ഞുമൂടിയ സ്വപ്‌നഭൂവിലേക്ക്

കോട മഞ്ഞു പുതച്ചു നില്‍ക്കുന്ന ഒരു പ്രഭാതത്തിലാണ് മൂന്നാറില്‍ നിന്നും 34 കിലോമീറ്റര്‍ അകലെയുള്ള ടോപ് സ്റ്റേഷനില്‍ ഞാന്‍ എത്തിയത്. ടോപ് സ്റ്റേഷന്‍. സംഗതി ആംഗലമാണെങ്കിലും മഞ്ഞു പുതച്ചു നില്‍ക്കുന്ന മലമുടികള്‍ കണ്ടാല്‍ പച്ച മലയാളത്തില്‍ പാടിപ്പോകും. പ്രകൃതീശ്വരീ ഞാനൊരാരാധകന്‍….അത്ര കണ്ടു മനോഹരമാണിവിടം…നീളന്‍ പച്ച പട്ടുപാവാട ഞൊറിഞ്ഞുടുത്തപോലെ മേഘപാളികളില്‍ നിന്നിറങ്ങി വന്നു തെല്ല് അഹങ്കാരത്തോടെ തല ഉയര്‍ത്തി നില്‍ക്കുന്ന മല മുടികള്‍.

കോട കൂടിയുണെങ്കില്‍ പിന്നെ പറയാനും ഇല്ല. ഒരുവശത്ത് പാമ്പാടും ചോല നാഷണല്‍ പാര്‍ക്കെങ്കില്‍ മറു വശങ്ങളില്‍ കുളക് മലയും മീശപ്പുലിമലയും വന്തറവ് മുടിയും അതിരിടുകയാണ്. പാവയ്ക്കാ പോലുളള കേരളത്തിന്റെ കിഴക്കേ ഭാഗത്ത്. ചെറുതായി ഉയര്‍ന്ന് നില്‍ക്കുന്ന പ്രദേശമാണ് ടോപ്പ് സ്റ്റേഷന്‍. സമുദ്രനിരപ്പില്‍ നിന്ന് 1700 മീറ്റര്‍ ഉയരത്തിലായി തമിഴ്‌നാട്ടിലെ തേനി ജില്ലയുടെ ഭാഗമായാണ് ടോപ്പ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്.


കണ്ണന്‍ ദേവന്‍ മലനിരകള്‍ എന്നാണ് ഈ ഗിരിനിരകള്‍ അറിയപ്പെടുന്നത്. ആദ്യകാല യൂറോപ്യന്‍ സഞ്ചാരികള്‍ ഇവിടെ എത്തിച്ചേരാന്‍ അഞ്ചനാട് എന്ന തമിഴ് താഴ്‌വരയിലെ ഭൂപ്രഭുവായ കണ്ണന്‍ തേവരുടെ സഹായം തേടിയിരുന്നു. അദ്ദേഹത്തോടുളള കടപ്പാട് ആയിരിക്കണം മലനിരകള്‍ക്ക് കണ്ണന്‍ ദേവന്‍ മലനിരകള്‍ എന്ന വിളിപ്പേര് വന്നത്

ടോപ് സ്റ്റേഷനില്‍ ഞാന്‍ ചെന്നിറങ്ങുമ്പോള്‍ എന്നെ സ്വീകരിക്കാന്‍ മനോഹരന്‍ ഉണ്ടായിരുന്നു. ടോപ് സ്റ്റേഷനിലെ ടൂറിസ്റ്റ് ഗൈഡ് എന്ന് വിശേഷിപ്പച്ചാല്‍ അത് മനോഹരനെ സ്‌നേഹിക്കുന്നവര്‍ നിഷേധിക്കും. കാരണം തന്നെ തേടിയെത്തുന്ന സഞ്ചാരികള്‍ മനോഹരനും ഭാര്യ ഗണേശ്വരിക്കും ബന്ധുക്കളാണ്. കരിവീട്ടിയുടെ നിറമുള്ള മനോഹരന്‍.

ബ്രിട്ടീഷുകാരുടെ കാലത്ത് ഇവിടെയുണ്ടായിരുന്ന റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് ടോപ് സ്റ്റേഷന് ആ പേര് ലഭിച്ചത്. കണ്ണന്‍ദേവന്‍ മലമുകളിലെ തേയിലത്തോട്ടങ്ങളില്‍ വളരുന്ന തേയിലകള്‍ ശേഖരിച്ച് മൂന്നാറിലും മാട്ടുപ്പെട്ടിയിലും എത്തിച്ചിരുന്നത് ഈ റെയില്‍ വഴിയാണ്. തിരിച്ച് മൂന്നാറില്‍ നിന്നും ടോപ്പ് സ്‌റ്റേഷനിലെത്തുന്ന തേയിലപ്പെട്ടികള്‍ അവിടെ നിന്നും അഞ്ചു കിലോമീറ്റര്‍ താഴെയുള്ള കോട്ടാഗുഡിയിലേക്ക് (ബോട്ടം സ്‌റ്റേഷന്‍) റോപ്പ്‌വേ വഴിയാണ് അയച്ചിരുന്നത്. അവിടെ നിന്നും 15 കിലോമീറ്റര്‍ അകലെയുള്ള ബോഡിനായ്ക്കന്നൂരിലെത്തുന്ന ചരക്കുകള്‍ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്കും കപ്പല്‍ വഴി ഇംഗ്ലണ്ടിലേക്കും കയറ്റിയയ്ക്കുമായിരുന്നു. കുണ്ടളവാലി റെയില്‍ പാത എന്നായിരുന്നു ആ റെയില്‍ അറിയപ്പെട്ടിരുന്നത്.

കേരളത്തില്‍ തിമിര്‍ത്തുപെയ്ത പേമാരിയായിരുന്നു കുണ്ടളവാലിയുടെ അന്തകന്‍. തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കമെന്ന കുപ്രസിദ്ധിയാര്‍ജ്ജിച്ച (കൊല്ലവര്‍ഷം 1099 ല്‍ നടന്നതിനാലാണ് ആ പേര് വന്നത്) പ്രളയം മൂന്നാറിനെ ഒന്നാകെ നശിപ്പിച്ചുകളഞ്ഞു. കൂട്ടത്തില്‍ കുണ്ടളവാലിയും. അത്രയും വലിയൊരു വെള്ളപ്പൊക്കം മലയാള നാട് അതിനു മുന്നും പിമ്പും അനുഭവിച്ചിട്ടില്ലെന്നത് ചരിത്രം.

ടോപ്പ് സ്റ്റേഷന്‍…. ആ പേരു വന്ന വഴി പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. ബോട്ടം, ടോപ്പ്, സെന്‍ട്രല്‍ സ്റ്റേഷനുകള്‍ പഴയ പ്രതാപകാലം അനുസ്മരിപ്പിച്ച് പേര് മാത്രമായി നിലകൊള്ളുന്നു.

ടാറ്റായുടെ തേയിലത്തോട്ടങ്ങള്‍ക്ക് നടുവിലൂടെ വളഞ്ഞ് പുളഞ്ഞ് പോകുന്ന റോഡ് ടോപ്പ് സ്റ്റേഷനിലേക്ക് നമ്മെ നയിക്കും. പോകുന്ന വഴിക്ക് തലയുയര്‍ത്തി നില്‍ക്കുന്ന മലമുടികള്‍ കാഴ്ചയ്ക്ക് വിരുന്നൊരുക്കും. മാട്ടുപ്പെട്ടി ഡാം…കുണ്ടള ഡാം തുടങ്ങി …കണ്ട് പോകാന്‍ കാഴ്ചകളേറെ ..ചിലയിടങ്ങളില്‍ വിശാലമായ പുല്‍മേടുകളും കാണാം. ഒപ്പം പുല്‍മേട്ടില്‍ കയറരുത് എന്ന മുന്നറിയിപ്പും. ഇന്‍ഡോ സ്വിസ്സ് ഡയറി ഫാം തങ്ങളുടെ പശുക്കള്‍ക്ക് വേണ്ടി ഒരുക്കിയിട്ടിരിക്കുന്ന പുല്‍മേടുകളാണവ. വൈകുന്നേരങ്ങളില്‍ സ്വച്ഛമായി മേയുന്ന കാലിക്കൂട്ടങ്ങളും ഇവിടുത്തെ കാഴ്ചകള്‍ക്ക് മാറ്റ് കൂട്ടുന്നു. മാട്ടുപ്പെട്ടിയില്‍ അനധികൃതമായി (നാട്ടുകാരുടെ ഭാഷ്യം ) എത്തുന്ന കരിവീരന്മാരും ഇടയ്ക്ക് പുല്‍മേടുകളില്‍ ചുറ്റിത്തിരിയുന്നത് സഞ്ചാരികള്‍ക്ക് കൌതുകം പകരും.

മൂന്നാറില്‍നിന്നും വാഹന സൗകര്യം ചോദിച്ചറിഞ്ഞ ശേഷമേ ടോപ്പ് സ്റ്റേഷനിലേക്ക് യാത്ര തിരിക്കാവൂ. മനോഹരനടുത്ത് എത്തിപ്പെട്ടാല്‍ കാര്യങ്ങള്‍ എളുപ്പമാകും. ട്രക്കിംഗ് ആണെങ്കിലും കാഴ്ചകള്‍ കണ്ട് നടക്കാനാണെങ്കിലും മനോഹരന്‍ റെഡിയാണ്.


ടോപ്പ് സ്റ്റേഷന് ചുറ്റുമുള്ള സൗന്ദര്യം ആസ്വദിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഒരു വ്യൂ പോയിന്റ് നിര്‍മ്മിച്ചിട്ടുണ്ട്. ഇവിടെനിന്ന് നോക്കിയാല്‍ അങ്ങ് ദൂരെ കമ്പം, തേനി, ബോഡിനായ്ക്കന്നൂര്‍ തുടങ്ങിയ തമിഴ്‌നാടിന്റെ ഭാഗങ്ങളും കാണാന്‍ കഴിയും. മലകള്‍ തരുന്ന സൗന്ദര്യം വേറെ..

പണ്ട് ഓരോ സാഹസികസഞ്ചാരികള്‍ ക്കും കൂട്ട് പോയ കഥകള്‍ തമിഴും മലയാളവും കലര്‍ത്തി മനോഹരന്‍ അവതരിപ്പിക്കുന്നത് കേള്‍ക്കാന്‍ രസമാണ്. ഓരോ മലയും ചൂണ്ടിക്കാണിച്ച് മനോഹരന്‍ പറയും. തന്റെ ചെറുപ്പകാലത്ത് ഈ മലകളെയെല്ലാം താന്‍ കീഴ്‌പ്പെടുത്തിയിരുന്നു എന്ന്. 55 വയസായെങ്കിലും ഇന്നും കാടും മലയും കയറാന്‍ മനോഹരന്‍ നൂറ് വട്ടം റെഡി.

ടോപ്പ് സ്റ്റേഷനില്‍ നിന്നും പത്ത് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കേരളത്തിന്റെ ശീതകാല പച്ചക്കറിത്തോട്ടമായ വട്ടവടയില്‍ എത്താം കുറച്ച് ദൂരം വനത്തിലൂടെ നിര്‍മ്മിച്ചിരിക്കുന്ന ടാര്‍ റോഡിലൂടെ ജീപ്പ്, ബസ് സൗകര്യങ്ങളുണ്ടെങ്കിലും ടോപ്പ് സ്റ്റേഷനില്‍ നിന്നും പഴത്തോട്ടം വഴി നടന്നാണ് സഞ്ചാരികളെ മനോഹരന്‍ വട്ടവടയില്‍ എത്തിക്കുക. ഇടയ്ക്ക് കാണാന്‍ ഏറെയുണ്ട് എന്നതാണ് കാര്യം നടക്കാന്‍ റെഡിയാണെങ്കില്‍ സൗന്ദര്യം നുകര്‍ന്ന് നടക്കാം.

ലേഖിക മൂന്നാര്‍ ടോപ്പ് സ്റ്റേഷനില്‍

മലമുടികളിലേക്ക് സാഹസിക ട്രെക്കിംഗ് നടത്തുന്ന ചെറുപ്പക്കാര്‍ ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്. ഇടയ്ക്ക് മലകള്‍ക്കിടയില്‍ നിറയെ പൂത്തുലഞ്ഞ് കാട് ചുവപ്പിച്ച് നില്‍ക്കുന്ന കാട്ട് മുരിക്ക്. ഓസ്‌ട്രേലിയന്‍ ബെറി തുടങ്ങി കാട്ട് വൃക്ഷങ്ങള്‍.

താജ്മഹല്‍ സന്ദര്‍ശിച്ചിട്ടുള്ളവര്‍ക്കറിയാം താജിന് ഓരോ ദിനവും ഓരോ സൗന്ദര്യമാണെന്ന്. പ്രഭാതത്തില്‍….സന്ധ്യയില്‍…നിലാവില്‍….ഇരുട്ടില്‍ ….താജിനെ ചൊല്ലി കവിതക പിറക്കും. അത് പോലെയാണ് ടോപ്പ് സ്റ്റേഷനിലെ ഗിരിശൃംഗങ്ങളും. പ്രഭാതത്തില്‍ നാണം പൂണ്ട് നില്ക്കുന്നവര്‍ ഉച്ചവെയില്‍ എത്തുന്നതോടെ ഉഗ്രപ്രതാപികളായി മാറും. വൈകിട്ട് പോക്കുവെയില്‍ ഏല്‍ക്കുമ്പോഴേക്കും മേഘങ്ങളുടെ തലോടലേറ്റ് അവയ്ക്ക് മറ്റൊരു രൂപം കൈവന്നതുപോലെ തോന്നും.

നിലാവത്താകട്ടെ വശ്യസൗന്ദര്യമാണവര്‍ക്ക്. ഒരു യാത്രാവിവരണം വായിച്ചാല്‍ ആ സൗന്ദര്യം ഊഹിച്ചെടുക്കാനെ സാധിക്കുകയുള്ളൂ. പോയി തന്നെ അനുഭവിക്കണം. അടുത്ത യാത്ര ടോപ്പ് സ്റ്റേഷനിലേക്കാകാം. സഞ്ചാരികളുടെ ബാഹുല്യമില്ലാത്ത പ്രകൃതിരമണീയതയിലേക്ക്…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel