മുരുകന്റെ മരണം ദാരുണം; പുറത്തുവരുന്നത് അപര്യാപ്തത, ഹൃദയശൂന്യത; വേണ്ടത് സമഗ്രനടപടി; ഡോ. ബി. ഇക്ബാലിന്റെ പ്രതികരണം

വിവിധ ആശുപത്രികളില്‍ ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് മുരുകന്റെ മരണമെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഗുരുതരമായ പരിക്കുകളോടെ ഏഴുമണിക്കൂര്‍ ആംബുലന്‍സില്‍ കഴിഞ്ഞശേഷമാണ് മരണമുണ്ടായത്.

മുരുകന്റെ ദാരുണാന്ത്യം നമ്മുടെ സ്വകാര്യ സര്‍ക്കാര്‍ ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തതയിലേക്കും ഹൃദയശൂന്യതയിലേക്കുമാണ് വിരല്‍ ചൂണ്ടുന്നത് അദ്ദേഹം വിലയിരുത്തി.

കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ അഞ്ചു പ്രമുഖ സ്വകാര്യ സൂപ്പര്‍ സെഷ്യലിറ്റി ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും വ്യത്യസ്ത കാരണങ്ങള്‍ പറഞ്ഞ് മുരുകന് ചികിത്സ നിഷേധിക്കയാണുണ്ടായത്. മുരുകനോടൊപ്പം ബന്ധുക്കളില്ലായിരുന്നു, ആശുപത്രിയില്‍ ന്യൂറോ സര്‍ജനില്ല, വെന്റിലേറ്ററില്ല എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ആശുപത്രി അധികൃതര്‍ മുരുകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സിക്കാന്‍ വിസമ്മതിച്ചത്.

ഏറ്റവുമധികം അപകടമരണങ്ങള്‍ സംഭവിക്കുന്ന സംസ്ഥാനമാണ് കേരളം. വര്‍ഷം തോറും ശരാശരി 4000 ത്തോളം പേര്‍ അപകടത്തില്‍ പെട്ട് മരണമടയുന്നു. 25,000 പേര്‍ക്ക് ഗുരുതരമായ പരിക്കുകള്‍ സംഭവിക്കുന്നു. വാഹനാപകടം തടയുന്നതിനുള്ള നടപടികള്‍ കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്. അതോടൊപ്പം പരുക്ക് പറ്റിയവരെ ചികിത്സിക്കുന്നതിനുള്ള അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചികിത്സാ മാനദണ്ഡങ്ങള്‍ ആവിഷ്‌കരിക്കയും ചെയ്യേണ്ടതാണ്.

സ്വകാര്യ മേഖലയുടെ ഉത്തരവാദിത്വം ഉറപ്പാക്കിക്കൊണ്ടും സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാ സൌകര്യങ്ങള്‍ വിപുലീകരിച്ചു കൊണ്ടുമുള്ള സമഗ്രമായ ട്രോമാ കെയര്‍ പദ്ധതി സര്‍ക്കാര്‍ അടിയന്തിരമായി നടപ്പിലാക്കേണ്ടതാണ് ഡോ. ഇക്ബാല്‍ നിര്‍ദ്ദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here