ഒറ്റപ്പാലത്തെ വിറപ്പിച്ച് കാട്ടാനക്കൂട്ടം; കാടുകയറ്റാനുള്ള ശ്രമം പരാജയം

പാലക്കാട്: ദിവസങ്ങളായി പാലക്കാട് ജനവാസ കേന്ദ്രങ്ങളില്‍ തുടരുന്ന കാട്ടാനകളെ കാടുകയറ്റാനുള്ള ശ്രമം പരാജയം. ഒറ്റപ്പാലം പാലപ്പുറത്തിനടുത്ത് ഭാരതപ്പുഴയില്‍ നിലയുറപ്പിച്ചിരിക്കുകയാണ് കാട്ടാനകള്‍.

ഒരിടത്ത് നിന്നും ആട്ടിയോടിച്ചാല്‍ കാടുകയറാതെ മറ്റൊരു സ്ഥലത്തേക്ക് നീങ്ങുകയാണ് കാട്ടാനക്കൂട്ടം. ദിവസങ്ങള്‍ക്ക് മുന്‍പ് മാങ്കുറിശ്ശിയിലും കഴിഞ്ഞ ദിവസം കോട്ടായിയിലും ഇറങ്ങിയ മൂന്ന് കാട്ടാനകളാണ് കിലോമീറ്ററുകള്‍ താണ്ടിയാണ് ഒറ്റപ്പാലത്തെത്തിയത്.

പാലപ്പുറത്തിനും തൃശൂര്‍ ജില്ലയിലെ കുത്താന്പുള്ളിക്കുമിടയില്‍ ഭാരതപ്പുഴയിലിറങ്ങി നിലയുറപ്പിച്ചിരിക്കുകയാണ് കാട്ടാനകള്‍. പുലര്‍ച്ചെ തൃശൂര്‍ ജില്ലയിലെ പാമ്പാടിയിലെത്തി കാട്ടാനകള്‍ കൃഷി വ്യാപകമായി നശിപ്പിച്ചിരുന്നു. വനംവകുപ്പുദ്യോഗസ്ഥരും പൊലീസും നാട്ടുകാരുമെല്ലാം ചേര്‍ന്ന് പടക്കം പൊട്ടിച്ച് ആനകളെ തുരത്തിയോടിക്കാന്‍ ശ്രമിച്ചതോടെയാണ് ആനകള്‍ പുഴയിലിറങ്ങിയത്.

ആനയിറങ്ങിയതറിഞ്ഞ് പുഴയുടെ ഇരുവശങ്ങളിലും വലിയ ജനക്കൂട്ടം തടിച്ചുകൂടിയിട്ടുണ്ട്. പുഴയിലിറങ്ങി നിലയുറപ്പിച്ചതോടെ ആനകളെ തുരത്താനുള്ള ശ്രമം പരാജയപ്പെട്ടിരിക്കുകയാണ്. മൂന്ന് ആനകള്‍ ഉള്ളതിനാല്‍ മയക്കുവെടി വെക്കുന്നത് ഏറെ ബുദ്ധിമുട്ടാണെന്നാണ് വനംവകുപ്പുദ്യോഗസ്ഥര്‍ പറയുന്നത്. മലമ്പുഴ മുണ്ടൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മാസങ്ങളായി കാട്ടാന ശല്യം രൂക്ഷമാണ്. കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തില്‍ ആനകളെ കാടുകയറ്റാന്‍ പരിശീലനം ലഭിച്ച കുങ്കിയാനകളെ എത്തിക്കാനുള്ള ശ്രമമാരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News