ഇങ്ങനെയും ഒരു ഗ്രാമമുണ്ട് നമ്മുടെ നാട്ടില്‍; ആര്‍ക്കും ഇവിടെ പേരില്ല; പകരം ഒരോരോ ഗാനം; കാഴ്ച കാണാം

ആരെയും പേര് ചൊല്ലി വിളിക്കാറില്ല, എന്തെങ്കിലും ആവശ്യത്തിന് ശ്രദ്ധ ക്ഷണിക്കണമെങ്കില്‍ മനോഹരമായൊരു ഗാനം പാടും. കോങ്‌തോംഗ്, മേഘാലയയിലെ ഹൃദയത്തിലുള്ള മനോഹരമായൊരു ഗ്രാമമാണിത്. ഓരോരുത്തര്‍ക്കും പേര് നല്‍കുക എന്നൊരു രീതിയെ ഗ്രാമവാസികള്‍ക്കില്ല. പകരം എല്ലാവര്‍ക്കും വ്യത്യസ്തമായൊരു ഈണം നല്‍കും.

പുരാതനകാലം മുതലുള്ള രീതിയാണിത്. ഇത് എങ്ങനെ പ്രാവര്‍ത്തികമാകുന്നുവെന്ന് സംശയം തോന്നിയേക്കാം. ഒരു സ്ത്രീ ഗര്‍ഭിണിയാകുന്ന സമയം മുതല്‍ ഒരു പ്രത്യേക ഈണത്തെപ്പറ്റി ചിന്തിക്കുന്നു. ഇത് ഇടയ്ക്കിടെ മൂളുന്നു, ചിലപ്പോളത് ഒരു പക്ഷി ചിലയ്ക്കുന്നതുപോലെയോ , പൂച്ച മുരളുന്നതുപോലെയോ ആയിരിക്കാം. ഈ ഈണമാണ് പിന്നീട് കുട്ടിയുടെ പേരായി മാറുന്നത്.

കുട്ടി ജനിച്ച ശേഷം ചുറ്റുമുള്ളവരും നിരന്തരം ഈണം മൂളുന്നു. അങ്ങനെ കുഞ്ഞ് ഈ ശബ്ദം തിരിച്ചറിഞ്ഞ് തുടങ്ങുകയും ചെയ്യും. വനത്തിനുള്ളിലേക്ക് വേട്ടയ്ക്ക് പോകുമ്പോള്‍ സംഘത്തിനുള്ളില്‍ ഉള്ളവര്‍ക്ക് തന്നെ ആശയവിനിമയം നടത്തുമ്പോഴാണ് ഈണങ്ങള്‍ ഏറ്റവും പ്രയോജനകരമാകുന്നത്.

ഒരേ ഇരയെ ഉന്നം വയ്ക്കുന്ന മറ്റ് സംഘങ്ങളെുടെ കണ്ണില്‍പ്പെടാതെ പരസ്പരം നിര്‍ദ്ദേശങ്ങള്‍ നല്‍കാം. വിളിയുടെ ഉദ്ദേശമനുസരിച്ച് ഈണത്തിന്റെ രീതിയും താളവും മാറും. മറ്രൊരു രസകരമായൊരു ചടങ്ങ് കൂടിയുണ്ട് കോങ്‌തോംഗില്‍. ഗ്രാമത്തിലെ അവിവാഹിതരായ യുവാക്കള്‍ വ്യത്യസ്തമായ തങ്ങളുടെ ഈണങ്ങള്‍ മൂളും. ഏറ്റവും മനോഹരമായി ഈണമിടുന്നയാളെ ജനപ്രീയനായി തെരഞ്ഞെടുക്കും. ഇഷ്ടമുള്ള പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ കോംങ്‌തോംഗിലെ യുവാക്കള്‍ക്ക് ഈ മത്സരം നിര്‍ണായകമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News