കാട്ടാനക്കൂട്ടത്തെ കാടു കയറ്റാനുള്ള നടപടികള്‍ തുടരുന്നു; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

പാലക്കാട് :ഒരാഴ്ചയായി പാലക്കാട് ജനവാസകേന്ദ്രങ്ങളില്‍ തമ്പടിച്ചിരിക്കുന്ന കാട്ടാനക്കൂട്ടത്തെ കാടുകയറ്റാനുള്ള നടപടികള്‍ തുടരുന്നു. സാധ്യമായ എല്ലാവഴികളും തേടാന്‍ വനംവന്യജീവി വകുപ്പ് ഉന്നതതലയോഗത്തില്‍ തീരുമാനമെടുത്തു.

മൂന്ന് ആനകളുള്ളതിനാല്‍ മയക്കുവെടി വെക്കുന്നത് പ്രായോഗികമല്ലെന്നാണ് വിലയിരുത്തല്‍. തിരുവില്വാമലയിലെ ചെറിയ വനപ്രദേശത്താണ് കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുന്നത്.

കാട്ടാനക്കൂട്ടം ഭീതിപരത്തി ജനവാസകേന്ദ്രങ്ങളില്‍ തുടരുന്ന സാഹചര്യത്തില്‍ അടിയന്തിര നടപടികളെക്കുറിച്ച് ആലോചിക്കാനാണ് പീച്ചി ഡിവിഷന്കീഴിലുള്ള ചൂലന്നൂര്‍ മയില്‍സങ്കേതത്തില്‍ വനംവന്യജീവി വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നത്.

പാലക്കാട്, തൃശൂര്‍ ജില്ലകളിലെ ഉന്നതോദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. നിലവില്‍ കാട്ടാനകള്‍ തമ്പടിച്ചിരിക്കുന്ന സ്ഥലം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സാധ്യമായ എല്ലാ വഴികളും തേടുമെന്നും വനംവകുപ്പ് ചീഫ് കണ്‍സര്‍വേറ്റര്‍ എല്‍ ചന്ദ്രശേഖര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഭാരതപ്പുഴയില്‍ നിന്ന് കയറി ഒറ്റപ്പാലം പാലപ്പുറത്തെത്തിയ കാട്ടാന രാത്രിയോടെ തൃശൂര്‍ ജില്ലയിലെ തിരുവില്വാമലയിലെ ചെറിയ വനപ്രദേശത്തേക്ക് കയറിയിരുന്നു. രാത്രി മുഴുവന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ വനമേഖലയില്‍ പരിശോധന നടത്തിയിരുന്നു. ആനകള്‍ തമ്പടിച്ചിരിക്കുന്ന പ്രദേശത്തിന് ചുറ്റും ജനവാസകേന്ദ്രങ്ങളായതിനാല്‍ ആശങ്ക തുടരുകയാണ്.

മുണ്ടൂരിലെ പ്രധാന വനമേഖലയില്‍ നിന്ന് മുപ്പത് കിലോമീറ്ററിലേറെ മാറി തമ്പടിച്ചിരിക്കുന്ന കാട്ടാനകളെ ജനവാസമേഖലകള്‍ കടന്ന് വനത്തിലേക്കെത്തിക്കുക എന്ന ശ്രമകരമായ ദൗത്യമാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നിലുള്ളത്.

ആവശ്യമെങ്കില്‍ മയക്കുവെടിവെക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് നിയമസഭയില്‍ വനംവകുപ്പ് മന്ത്രി കെ രാജു അറിയിച്ചു. എന്നാല്‍ മയക്കുവെടി വെക്കുന്നത് പ്രായോഗികമല്ലെന്നാണ് വിലയിരുത്തല്‍. ആനകളെ മാറ്റുന്നതുവരെ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News