നാടിന് നൊമ്പരമായി സനയുടെ മരണവാര്‍ത്ത; കണ്ണീരില്‍ കുതിര്‍ന്ന് പാണത്തൂര്‍ ഗ്രാമം

കാസര്‍ഗോഡ്: സനാ ഫാത്തിമ എന്ന കൊച്ചു മിടുക്കിക്ക് വേണ്ടി പാണത്തൂര്‍ഗ്രാമം കഴിഞ്ഞ ഒരാഴ്ച്ചയായി തിരച്ചില്‍ നടത്തുകയായിരുന്നു. ഒടുവില്‍ ആ നാലുവയസുകാരിയുടെ മൃതദേഹം പവിത്രകയം പുഴയില്‍ നിന്ന് കണ്ടെത്തിയെന്ന വാര്‍ത്ത വിശ്വസിക്കാന്‍ അവര്‍ക്ക് പ്രയാസമായിരുന്നു. ഒരു നാടിന് മൊത്തം നൊമ്പരമായാണ് ആ നാലു വയസുകാരി വിട വാങ്ങിയത്.

സന ഫാത്തിമയ്ക്ക് വെള്ളം പേടിയാണെന്നാണ് പിതാവ് ഇബ്രാഹിം കഴിഞ്ഞദിവസം പറഞ്ഞത്. അവളെ കാണാതായത് വെള്ളത്തില്‍ വീണായിരിക്കില്ല. എന്നാലും ഭാഗ്യക്കേടുമൂലം അങ്ങനെ സംഭവിച്ചതാണെങ്കിലോ എന്നു സ്വയം സമാധാനിച്ച് തിരച്ചിലില്‍ പങ്കെടുക്കുകയായിരുന്നെന്നാണ് ആ പിതാവ് പറഞ്ഞത്. എന്തോ, അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു.

രണ്ടരയോടെയാണ് സനാ ഫാത്തിമയുടെ മൃതദേഹം പവിത്രകയം പുഴയില്‍ നിന്ന് കണ്ടെത്തിയത്. നാട്ടുകാരും പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പുഴയോട് ചേര്‍ന്നുള്ള കുറ്റിക്കാട്ടില്‍ വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം.

വീടിന് മുന്നിലെ ഓടയില്‍ വീണുപോയ സന ഒഴുകി പുഴയില്‍ മുങ്ങിപ്പോയതാകാമെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് സനയെ കാണാതായത്. വീടിന് സമീപത്തെ ഓടയിലെ പൈപ്പിന് സമീപം കുട്ടിയുടെ കുടയും ചെരുപ്പുകളും കണ്ടെത്തിയിരുന്നു.

ഓവുചാലില്‍ വീണതാകാമെന്ന സംശയത്തെത്തുടര്‍ന്ന് കഴിഞ്ഞ ആറു ദിവസമായി നാട്ടുകാരും പൊലീസും അഗ്‌നിരക്ഷാസേനയും തിരച്ചില്‍ നടത്തുകയായിരുന്നു. മുങ്ങല്‍ വിദഗ്ദരും അന്വേഷണത്തില്‍ പങ്കാളികളായിരുന്നു.

ഇബ്രാഹിമിന്റെ രണ്ടു മക്കളില്‍ മൂത്ത കുട്ടിയാണ് സന ഫാത്തിമ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News