വിനായകന്റെ മാതാപിതാക്കള്‍ക്ക് തന്നെ കാണുന്നതിന് വിലക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി; ആരെങ്കിലും വന്നിട്ട് കാണാതിരുന്നിട്ടില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ബ്ലൂ വെയില്‍ ഗെയിം നിരോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ബ്ലൂ വെയില്‍ ഗെയിം ഉപയോഗിക്കുന്നവരെ പൊലീസ് നിരീക്ഷിക്കുകയാണെന്നന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവളം കൊട്ടാരം ആര്‍പി ഗ്രൂപ്പിന് കൈമാറിയത് കോടതി ഉത്തരവ് പ്രകാരമാണെന്നും ഭാവിയില്‍ കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന് വാദം ഉന്നയിക്കാന്‍ പറ്റുന്ന തരത്തില്‍ അവകാശം നിലനിറുത്തിയാണ് കൊട്ടാരം കൈമാറിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമസഭയില്‍ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

അപകടരമായ ഗെയിം ആണ് ബ്ലൂ വെയില്‍. ഇത് ഉപയോഗിക്കുന്നവര്‍ സംസ്ഥാന പൊലീസിന്റെ നിരീക്ഷണത്തിലാണ്. ബ്ലൂ വെയിലിനെ കുറിച്ചുള്ള മുന്നറിയിപ്പും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ബ്ലൂ വെയില്‍ നിരോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. കുട്ടികള്‍ ബ്ലൂ വെയില്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്ത് കളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ മാതാപിതാക്കള്‍ അത് നീക്കം ചെയ്യാന്‍ തയ്യാറാകണമെന്നും രാജു എബ്രഹാമിന്റെ സബ്മിഷനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

കരുണ, അഞ്ചരക്കണ്ടി എന്നീ മെഡിക്കല്‍ കോളേജുകളിലെ എംബിബിഎസ് അഡ്മിഷന്‍ കോടതി റദ്ദു ചെയ്തതിലൂടെ തുടര്‍പഠനം അനിശ്ചിതത്വത്തിലായ വിദ്യാര്‍ത്ഥികള്‍ക്കായി സുപ്രീംകോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കും. കുട്ടികള്‍ക്ക് പ്രവേശനം ഉറപ്പാക്കുന്നതിന് അഡ്മിഷന്‍ സൂപ്പര്‍വൈസറി കമ്മിറ്റിയെ ചുമതലപ്പെടുത്തണമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവളം കൊട്ടാരം ആര്‍പി ഗ്രൂപ്പിന് കൈമാറിയത് കോടതി അലക്ഷ്യ നടപടി ഉണ്ടാകുമെന്ന് കണ്ടതിനാലാണ്. ഭാവിയില്‍ കോടതിയില്‍ സര്‍ക്കാരിന് വാദം ഉന്നയിക്കാവുന്ന തരത്തില്‍ അവകാശം നിലനിറുത്തിയാണ് കൊട്ടാരം കൈമാറിയതെന്നും പി.സി ജോര്‍ജ്ജിന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.അതേ സമയം കോവളം കൊട്ടാരം കൈമാറിയ മന്ത്രിസഭാ യോഗ തീരുമാനം റദ്ദ് ചെയ്യണമെന്ന്
രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

തൃശ്ശൂര്‍ പാവറട്ടിയില്‍ ദളിത് യുവാവായ വിനായകന്റെ ആത്മഹത്യയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ത്വരിതത്തിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി സഭയെ അറിയിച്ചു. തൃശ്ശൂര്‍ റെയ്ഞ്ച് ഐജിയുടെ ശുപാര്‍ശ പ്രകാരം ഗുരുവായൂര്‍ സി.ഐ വാടനാപ്പള്ളി എസ്.ഐ എന്നിവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വിനായകന്റെ മാതാപിതാക്കള്‍ക്ക് തന്നെ കാണുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. വിനായകന്റെ ബന്ധുക്കള്‍ ആരെങ്കിലും വന്നിട്ട് കാണാതിരുന്നിട്ടുമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സിനിമാ മേഖലയില്‍ സ്ത്രീകള്‍ ചൂഷണത്തിന് വിധേയരാകുന്നുണ്ടെന്ന് മന്ത്രി എ.കെ ബാലന്‍ സഭയെ അറിയിച്ചു. ഈ മേഖലയില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് സമഗ്രമായ ചലച്ചിത്രനയം രൂപീകരിക്കുമെന്നും എം സ്വരാജിന്റെ സബ്മിഷന് മറുപടിയായി മന്ത്രി എ.കെ.ബാലന്‍ നിയമസഭയെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News