പുതുവൈപ്പ് സമരം; മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍

കൊച്ചി: പുതുവൈപ്പ് സമരവുമായി ബന്ധപ്പെട്ട് പ്രദേശത്തെ പൊലീസ് സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം. മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി. മോഹന്‍ദാസ് കാക്കനാട്ടെ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗിലാണ് സമരവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ സമര്‍പ്പിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്. 64 പരാതികളാണ് സിറ്റിംഗില്‍ കമ്മീഷന്‍ പരിഗണിച്ചത്. ഇതില്‍ 10 പരാതികള്‍ തീര്‍പ്പാക്കി. പുതുവൈപ്പ് എല്‍പിജി പ്ലാന്റിനെതിരായ സമരവുമായി ബന്ധപ്പെട്ട പോലീസ് നടപടിയില്‍ കമ്മീഷന്‍ വാദം കേട്ടു. ഡിസിപിയായിരുന്ന യതീഷ് ചന്ദ്രയും സമര സമിതി പ്രവര്‍ത്തകരും തങ്ങളുടെ വാദങ്ങള്‍ കമ്മീഷന് മുന്നില്‍ വിശദീകരിച്ചു.

സമരക്കാരെ കസ്റ്റഡിയിലെടുത്ത നഗരത്തിലെ നാല് പോലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത്. ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇതുബന്ധിച്ച് നോട്ടീസ് അയയ്ക്കും. പൊലീസ് മര്‍ദ്ദിച്ചുവെന്ന സമരസമിതിക്കാരുടെ പരാതിയില്‍ സെപ്തംബറില്‍ നടക്കുന്ന സിറ്റിംഗില്‍ തെളിവെടുപ്പ് നടത്തുമെന്നും കമ്മീഷന്‍ അറിയിച്ചു. എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങളടങ്ങിയ സിഡി ഹാജരാക്കാനാണ് കമ്മീഷന്‍ നിര്‍ദേശം.

സംഭവവുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കമ്മീഷന്‍ യതീഷ് ചന്ദ്രയ്ക്ക് നിര്‍ദ്ദേശം നല്‍കി. കുട്ടികളെ മര്‍ദ്ദിച്ചുവെന്ന സമരക്കാരുടെ പരാതി അടിസ്ഥാന രഹിതമാണെന്ന് യതീഷ് ചന്ദ്ര കമ്മീഷന് മുന്നില്‍ വാദിച്ചു. എന്നാല്‍ മുതിര്‍ന്ന പലര്‍ക്കും മര്‍ദ്ദനമേറ്റിട്ടുണ്ടെന്നും തെളിവുകള്‍ ഹാജരാക്കാമെന്നും സമരക്കാര്‍ക്കു വേണ്ടി അഭിഭാഷകന്‍ കമ്മീഷനു മുന്നില്‍ വിശദീകരിച്ചു. കമ്മീഷന്‍ തെളിവെടുപ്പ് നടക്കുന്നതിനിടെ പലപ്പോഴും യതീഷ് ചന്ദ്രയും സമരക്കാരുമായി തര്‍ക്കത്തിലേര്‍പ്പെടുകയുണ്ടായി. സംഭവത്തിന്റെ പൂര്‍ണ്ണ ദൃശ്യങ്ങള്‍ ലഭ്യമാക്കുന്നതിന് മാധ്യമങ്ങളുടെ ദൃശ്യങ്ങളും കമ്മീഷന്‍ സിറ്റിംഗിനിടെ ആവശ്യപ്പെട്ടു. പുതിയ എട്ട് പരാതികളും കമ്മീഷന്‍ സ്വീകരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here