ഈ ഏഴുവയസുകാരനാണ് ഇന്നത്തെ താരം; ഡിസിപി യതീഷ് ചന്ദ്രയ്‌ക്കെതിരെ പരാതിയുമായി അലന്‍

തിരുവനന്തപുരം: പുതുവൈപ്പ് സമരക്കാര്‍ക്കെതിരായ പൊലീസ് അതിക്രമം പരിഗണിക്കുന്ന മനുഷ്യാവകാശ കമ്മീഷന്റെ സിറ്റിങിനിടെയാണ് ഡിസിപി യതീഷ് ചന്ദ്രയ്‌ക്കെതിരേ പരാതിയുമായി ഏഴ് വയസുകാരനെത്തിയത്. മാതാപിതാക്കള്‍ക്കൊപ്പം സമരത്തിനെത്തിയ തന്നെയും സഹോദരനെയും പൊലീസ് തല്ലിയെന്ന് കമ്മീഷനെ മുന്നില്‍ അലന്‍ എന്ന ഏഴ് വയസുകാരന്‍ ആവര്‍ത്തിച്ചു.

തന്നെയും പൊലീസ് മര്‍ദ്ദിച്ചെന്ന് അലന്‍ വിളിച്ച് പറഞ്ഞതോടെ ഡിസിപി യതീഷ് ചന്ദ്ര പ്രതിരോധത്തിലായി. പ്രധാനമന്ത്രിയുടെ ട്രയല്‍ റണ്‍ തടസപ്പെടുത്തുന്നതില്‍ നിന്നും സമരക്കാരെ പിന്തിരിപ്പിക്കുകയാണ് ചെയ്തതെന്ന് യതീഷ്ചന്ദ്ര കമ്മീഷനെ ബോധിപ്പിച്ചു. മിതമായ ബലപ്രയോഗം മാത്രമാണ് പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന യതീഷ് ചന്ദ്രയുടെ വാദത്തിനെതിരെയും പുതുവൈപ്പിന്‍ നിവാസികള്‍ രംഗത്തെത്തി.

പുതുവൈപ്പിനില്‍ ഐഒസിയുടെ പാചകവാതക സംഭരണശാലയ്‌ക്കെതിരെ സമരം നടത്തിയവര്‍ക്ക് നേരെ നടന്ന പൊലീസ് നടപടി ഏറെ വിവാദമായിരുന്നു. ഡിസിപി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലായിരുന്നു പൊലീസ് അതിക്രം.

സംഭവവുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങളും കമ്മീഷന്‍ പരിശോധിച്ചു. വിശദമായ സത്യവാങ്മൂലം നല്‍കാനും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത മാസം കേസ് വീണ്ടും പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here